സ്വതന്ത്ര ഇന്ത്യ രൂപംകൊണ്ട് ഒരു മാസം തികയുന്നതിന് മുമ്പായിരുന്നു രാജ്യത്തെ ആദ്യ സെൻസസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലെ സെൻസസ് ഉദ്യോഗസ്ഥർ ഡൽഹിയിൽ ഒത്തുകൂടുമ്പോൾ അവരുടെ മുന്നിലുണ്ടായിരുന്നത് അതിബൃഹത്തായ ദൗത്യമായിരുന്നു. 1951ലെ ആദ്യ സ്വതന്ത്ര ഇന്ത്യൻ സെൻസസ് വെറും ജനസംഖ്യാ കണക്കെടുപ്പായിരുന്നില്ല; ബ്രിട്ടീഷ് ഭരണകാലത്തെ സെൻസസ് രീതികളിൽനിന്നുള്ള രാഷ്ട്രീയമായൊരു വഴിമാറ്റം കൂടിയായിരുന്നു. സ്കോട്ട്ലൻഡുകാരനായ വില്യം വാൾട്ടർ മുറേ യീറ്റ്‌സായിരുന്നു ആദ്യം സെൻസസ് നടപടികൾക്ക് നേതൃത്വം നൽകിയത്. പിന്നീട് അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ആർ.എ. ഗോപാലസ്വാമി ചുമതലയേറ്റു. എന്നാൽ സെൻസസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത അന്നത്തെ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്ഭായി പട്ടേൽ ഒരു കാര്യം വ്യക്തമായി പറഞ്ഞു: ജാതിയെ വിശദമായി രേഖപ്പെടുത്തുന്ന കൊളോണിയൽ രീതി സ്വതന്ത്ര ഇന്ത്യ തുടരില്ല.
ബ്രിട്ടീഷ് കാലത്ത് ഇന്ത്യയെ ‘ജാതിയിൽ കുടുങ്ങിയ സമൂഹം’ എന്ന നിലയിൽ അവതരിപ്പിക്കാനും ജാതി അടിസ്ഥാനത്തിലുള്ള ഭരണനടപടികൾക്കുമായി വിപുലമായ ജാതിപ്പട്ടികകൾ തയാറാക്കിയിരുന്നുവെന്ന് പട്ടേൽ ചൂണ്ടിക്കാട്ടി. പുതിയ ഇന്ത്യക്ക് വേണ്ടത് ജാതിവിവരങ്ങളേക്കാൾ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് യാദൃച്ഛികമായ തീരുമാനമായിരുന്നില്ല. ഭരണഘടനാ നിർമാണസഭയിലെ ചർച്ചകളിലും ജാതി എണ്ണുന്നത് ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ച് ഭരിക്കൽ’ നയത്തിന് സഹായകമായിരുന്നുവെന്ന കാഴ്ചപ്പാട് ശക്തമായിരുന്നു. ഭരണഘടന നിർബന്ധമാക്കിയ പരിധിക്കപ്പുറം ജാതിവിവരങ്ങൾ ശേഖരിക്കുന്നത് ദേശീയ ഐക്യത്തിന് തിരിച്ചടിയാകുമെന്ന് പട്ടേലും നെഹ്റുവും കരുതി.
എന്നാൽ, ഈ നിലപാടിനെതിരെ ശക്തമായ വാദം ഉന്നയിച്ചത് ഡോ. ബി.ആർ. അംബേദ്കറായിരുന്നു. സൈമൺ കമ്മീഷന്റെയും വട്ടമേശ സമ്മേളനങ്ങളുടെയും മുന്നിൽ പിന്നാക്ക-അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ അവസ്ഥ തെളിയിക്കാൻ ജാതി സെൻസസ് കണക്കുകൾ അംബേദ്കർ ശക്തമായി ഉപയോഗിച്ചിരുന്നു. സാമൂഹിക പ്രാതിനിധ്യത്തിനും രാഷ്ട്രീയ പരിഷ്കാരങ്ങൾക്കും ആ കണക്കുകൾ ആയുധമായി. 1955ൽ പ്രസിദ്ധീകരിച്ച ‘തോട്ട്സ് ഓൺ ലിംഗ്വിസ്റ്റിക് സ്റ്റേറ്റ്സ്’ എന്ന കൃതിയിൽ ജാതിവിവരങ്ങൾ ഒഴിവാക്കിയ കേന്ദ്രസർക്കാരിനെ അംബേദ്കർ രൂക്ഷമായി വിമർശിച്ചു. ഒരു വാക്ക് നിഘണ്ടുവിലില്ലെന്ന് പറഞ്ഞ് അത് സൂചിപ്പിക്കുന്ന യാഥാർഥ്യം ഇല്ലാതാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം നിറഞ്ഞ വിമർശനം.
ആദ്യ പിന്നാക്കവിഭാഗ കമ്മീഷനും 1961ലെ സെൻസസിൽ ജാതി വിവരങ്ങൾ ശേഖരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ജാതി എന്ന സാമൂഹിക പ്രശ്നം ഇല്ലാതാക്കണമെങ്കിൽ ആദ്യം അതുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും ശാസ്ത്രീയമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു കമ്മീഷന്റെ വാദം. ജാതി, വർഗം, സാമൂഹിക വിഭാഗങ്ങൾ തുടങ്ങിയ അടിസ്ഥാനത്തിലാണ് ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കുന്നതെങ്കിൽ ആ വിഭാഗങ്ങളുടെ സമഗ്ര വിവരങ്ങൾ സർക്കാരിന്റെ കൈവശം വേണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
പിന്നീട് ബി.പി. മണ്ഡൽ അധ്യക്ഷനായ രണ്ടാം പിന്നാക്കവിഭാഗ കമ്മീഷനും ഇതേ ആവശ്യം ആവർത്തിച്ചു. 1931ന് ശേഷം സമഗ്ര ജാതി സെൻസസ് നടക്കാത്തതിനാൽ രാജ്യത്തെ പിന്നാക്കവിഭാഗങ്ങളുടെ അവസ്ഥ പഠിക്കുന്നതിൽ വലിയ തടസ്സങ്ങൾ നേരിട്ടതായി മണ്ഡൽ കമ്മീഷൻ രേഖപ്പെടുത്തി.
പക്ഷെ, കാലമേറെ കഴിഞ്ഞിട്ടും ജാതി സെൻസസിനുള്ള ആവശ്യം പിന്നെയും ബാക്കി നിൽക്കുന്നു. ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ നിർണായകമായി സ്വാധീനിക്കുന്ന ജാതി, സർക്കാർ നയരൂപീകരണത്തിൽ പലപ്പോഴും കൃത്യമായ കണക്കുകളില്ലാത്ത ഒന്നായി തുടരുന്നതാണ് ഇതിലെ വൈരുധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.