നാം സ്വയം നഷ്ടപ്പെടുത്തുന്ന മതേതര പാരമ്പര്യങ്ങള്‍

പോയവര്‍ഷത്തെ ശ്രദ്ധേയമായ വാര്‍ത്ത വര്‍ഷാന്ത്യത്തിലായിരുന്നു സംഭവിച്ചത്. ടാറ്റ വ്യവസായശൃംഖലയുടെ അധിപന്‍ രത്തന്‍ ടാറ്റ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ സന്ദര്‍ശിക്കാന്‍ നാഗ്പൂരിലേക്ക് പറന്നു എന്നതായിരുന്നു വാര്‍ത്ത. ഹിന്ദുത്വ മൗലികവാദ പ്രസ്ഥാനത്തിന്‍െറ കരുത്തിന് ടാറ്റ പരസ്യമായി അംഗീകാരം നല്‍കുകയായിരുന്നു. 20 മിനിറ്റ് മാത്രമായിരുന്നു സന്ദര്‍ശനത്തിന് ദൈര്‍ഘ്യമെങ്കിലും ന്യൂനപക്ഷ സമുദായമായ പാഴ്സി വിഭാഗക്കാരനായ ടാറ്റയുടെ തീര്‍ത്തും മതേതരസ്വഭാവമുള്ള വ്യവസായിക സംവിധാനത്തിനുപോലും ഹിന്ദുത്വ സങ്കുചിതത്വത്തിന് മുന്നില്‍ ശിരസ്സ് നമിക്കേണ്ടിവരുന്നു എന്ന സന്ദേശമാണ് അത് ഇന്ത്യന്‍ ജനതക്ക് നല്‍കിയത്.

രാഷ്ട്രം 68ാം റിപ്പബ്ളിക്ദിനം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ മതേതര കീഴ്വഴക്കങ്ങള്‍ക്ക് സംഭവിച്ച അപചയത്തിന്‍െറ ഇരുണ്ട മുഖം അനാവൃതമാക്കുന്നുണ്ട്  ഈ സംഭവം. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പേതന്നെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ബഹുസ്വരതയില്‍നിന്നായിരുന്നു ഊര്‍ജം സംഭരിച്ചിരുന്നത്. മൗലാന അബുല്‍കലാം ആസാദ്, ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍, റഫി അഹ്മദ് കിദ്വായി തുടങ്ങിയ മുസ്ലിം നേതാക്കള്‍ ദേശീയ സമര പ്രസ്ഥാനത്തിന്‍െറ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. മതത്തിന്‍െറ പേരില്‍ മുസ്ലിംലീഗ് ഉയര്‍ത്തിയ സമ്മര്‍ദങ്ങളെ അവര്‍ അതിജീവിച്ചു.

മഹാത്മാ ഗാന്ധിയുടെ പ്രാര്‍ഥനാസമ്മേളനത്തിലെ ഒരു രംഗം ഈ സന്ദര്‍ഭത്തില്‍ വീണ്ടും ഓര്‍മയിലത്തെുന്നു. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടി ധീരമായി നിലകൊണ്ടതിനാല്‍ പ്രാണന്‍പോലും നല്‍കേണ്ടിവന്ന മഹാത്മാവ് എന്നും മതേതര ആദര്‍ശം ഉയര്‍ത്തിപ്പിടിച്ചു. ബൈബിള്‍, ഖുര്‍ആന്‍, ഭഗവദ്ഗീത എന്നിവ ഈ പ്രാര്‍ഥനാസദസ്സില്‍ പാരായണം ചെയ്യപ്പെട്ടുപോന്നു. എന്നാല്‍, ഒരിക്കല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെതിരെ ഒരാള്‍ ശബ്ദമുയര്‍ത്തി. എന്നാല്‍, ഒരു വേദഗ്രന്ഥവും ഇനി പാരായണം ചെയ്യേണ്ട എന്ന നിലപാട് സ്വീകരിച്ച് ഗാന്ധിജി പാരായണങ്ങള്‍ നിര്‍ത്താന്‍ ആജ്ഞ നല്‍കി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പരാതിക്കാരന്‍ ഗാന്ധിജിയെ കണ്ട് എതിര്‍പ്പ് പിന്‍വലിച്ചശേഷമാണ് ചടങ്ങുകള്‍ പുനരാരംഭിക്കാന്‍ ഗാന്ധിജി വീണ്ടും നിര്‍ദേശം നല്‍കിയത്.

മതേതരത്വം മഹാത്മാവിന് വിശ്വാസത്തിന്‍െറതന്നെ ഭാഗമായിരുന്നു. വര്‍ത്തമാന ഇന്ത്യയില്‍ ഗാന്ധിജിയുടെ സാന്നിധ്യം എന്ത് പ്രതികരണമാകും ഉണര്‍ത്തുക. രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ചിന്താഗതിക്ക് ആ മഹദ്സാന്നിധ്യം വെല്ലുവിളി ഉയര്‍ത്തുമായിരുന്നു. ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് വരുന്ന മുസ്ലിംകള്‍ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം വിലമതിക്കപ്പെടുന്ന ഗണമായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു.

ഇന്ത്യാവിഭജനം സംഭവിച്ചത് മതചിന്തയില്‍നിന്നും പ്രതികാരബുദ്ധിയില്‍നിന്നുമായിരിക്കാം. എന്നാല്‍, അയല്‍രാജ്യമായ പാകിസ്താനുമായി ഉറ്റബന്ധം നിലനിര്‍ത്തണം എന്ന വാദത്തില്‍ ഞാന്‍ സദാ ഉറച്ചുനില്‍ക്കും. ഈ പുതുവത്സരദിനത്തില്‍ 50ഓളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇന്ത്യാഗേറ്റില്‍ സംഗമിച്ചിരുന്നു. അവര്‍ ബസില്‍ വാഗാ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു, പാക് ജനതയോടുള്ള സ്നേഹാനുഭാവങ്ങള്‍ പങ്കുവെക്കുക എന്ന മോഹത്തോടെ. 1965ലെ യുദ്ധത്തിന് മുമ്പായിരുന്നെങ്കില്‍ അവര്‍ക്ക് ഡല്‍ഹിയില്‍നിന്ന് നേരെ ലാഹോറിലേക്ക് യാത്രചെയ്യാന്‍ സാധിക്കുമായിരുന്നു. അതിര്‍ത്തികളില്‍ ശാന്തത കളിയാടിയ സുവര്‍ണകാലമായിരുന്നു അത്. വാഗാ അതിര്‍ത്തിയിലേക്ക് പുറപ്പെട്ട ഈ കുട്ടികള്‍ക്ക് വഴിയിലുടനീളം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കപ്പെട്ടു.
ഇന്ത്യ-പാക് ബന്ധങ്ങള്‍ മരവിപ്പിക്കപ്പെട്ടത് എന്തുകൊണ്ടെന്ന ചോദ്യമാണ് എന്നെ ഇപ്പോള്‍ മഥിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നം.

ഇന്ത്യാവിഭജനത്തിന് കോണ്‍ഗ്രസും മുസ്ലിംലീഗും അംഗീകാരം നല്‍കി എന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെട്ടുകൂടാ. സ്വാതന്ത്ര്യവും വിഭജനവും ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. എന്നാല്‍, അന്തസ്സുള്ള അയല്‍ക്കാരായി പരസ്പരം മാനിക്കാന്‍ ഇന്ത്യക്കോ പാകിസ്താനോ കഴിയുന്നില്ല.

ജനാധിപത്യ രാജ്യമാണെങ്കിലും പാകിസ്താനിലെ സൈനിക മേല്‍ക്കൈ കുപ്രസിദ്ധമാണ്. മിക്ക മൂന്നാംലോക രാജ്യങ്ങളിലും സൈനിക അട്ടിമറികള്‍ പതിവാണ്. എന്നാല്‍, രാഷ്ട്രീയത്തില്‍ ഇടപെടലിനു മുതിരാതെ ഇന്ത്യയിലെ മൂന്ന് സൈനിക വിഭാഗങ്ങളും അഭിമാനകരമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നു. ഇന്ത്യയുടെ ജനാധിപത്യ സമ്പ്രദായത്തിന്‍െറ മേന്മയില്‍ അസൂയാലുക്കളാണ് പാകിസ്താന്‍, ബംഗ്ളാദേശ് എന്നീ അയല്‍രാജ്യങ്ങള്‍. ഇന്ത്യയിലേതുപോലെ ജഡ്ജിമാരെ സ്വതന്ത്രമായി നിയമിക്കാന്‍ സഹായിക്കുന്ന കൊളീജിയം സംവിധാനവും ഈ രണ്ട് രാജ്യങ്ങളിലും കാണാനാകില്ല.

മതം, ജാതി, വംശം, സമുദായം, ഭാഷ എന്നിവയുടെ പേരിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിരോധിക്കുന്ന സുപ്രീംകോടതി വിധിയെ നിര്‍ണായകമെന്ന് വിശേഷിപ്പിക്കേണ്ടതുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശങ്ങള്‍ തേടി നാഗ്പൂരിലത്തെുന്നത് ആശങ്കജനകമാണ്. ആര്‍.എസ്.എസ് ആചാര്യനില്‍നിന്നാണ് തന്‍െറ പ്രചോദനം എന്ന് പരസ്യപ്പെടുത്താന്‍ പ്രധാനമന്ത്രി അശേഷം സങ്കോചം കാണിക്കുന്നുമില്ല. അപ്പോള്‍പിന്നെ ഭരണകക്ഷിക്ക് മാര്‍ഗദര്‍ശനം കാട്ടുന്ന ഭാഗവതിനെ ടാറ്റ സന്ദര്‍ശിച്ചതില്‍ നാം അതിശയിക്കേണ്ടതുണ്ടോ?

 

Tags:    
News Summary - we lose ouir own secular traditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT