അൻവർ ഇബ്രാഹീമിനൊപ്പം ലേഖകൻ

മലേഷ്യ പ്രതീക്ഷയിലാണ്

സ്വന്തം സൗഹൃദ കൂട്ടായ്‌മയിൽനിന്ന് ഒരാൾ ഒരു രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തിയതിന്റെ സന്തോഷമാണ് അൻവർ ഇബ്രാഹീം മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ അനുഭവപ്പെടുന്നത്. മലേഷ്യയിലെ പഠനകാലത്ത് നിരവധി തവണ അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്.

ആ ഊഷ്മളബന്ധം ഇപ്പോഴും തുടരുന്നു. മലേഷ്യ ഇന്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നതിൽ മുന്നിൽനിന്ന ധിഷണാശാലി എന്ന അർഥത്തിൽ എന്നും ആദരവോടെയാണ് അദ്ദേഹത്തെ നോക്കിക്കണ്ടത്. ഒരു ദശാബ്ദ കാലത്തെ ജയിൽവാസം അടക്കമുള്ള തീക്ഷ്ണമായ രാഷ്ട്രീയപരീക്ഷണങ്ങൾക്കൊടുവിൽ നീണ്ട രണ്ടു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനു ശേഷം അദ്ദേഹം പ്രധാനമന്ത്രിപദത്തിലെത്തുമ്പോൾ വലിയ മാറ്റങ്ങളാണ് പൊതുവിൽ പ്രതീക്ഷിക്കുന്നത്.

1983നും 1988നും ഇടയിൽ അൻവർ ഇബ്രാഹീം ക്വാലാലംപുരിലെ ഇന്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയുടെ ചാൻസലറായിരുന്നു. 1986ൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസനയങ്ങൾ ദേശീയ സ്കൂൾ പാഠ്യപദ്ധതിയെ കരുത്തുറ്റതാക്കി.

മലേഷ്യൻ വിദ്യാഭ്യാസ മേഖലയുടെ വലിയ തോതിലുള്ള വളർച്ചക്ക് ഇത് ഏറെ സഹായകമായിരുന്നു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ യുനെസ്‌കോയുടെ ജനറൽ കോൺഫറൻസിന്റെ 25ാമത് പ്രസിഡന്റായി അൻവർ ഇബ്രാഹീം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

1988ൽ മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായി. മുഴുവൻ സർക്കാർ സംവിധാനത്തെയും മൂല്യാധിഷ്ഠിതമാക്കാൻ അദ്ദേഹം ഏറെ പ്രയത്നിച്ചു. ഒരു ഉന്നത കലാലയം എന്നത് ഒ.ഐ.സിയുടെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു. അത് ഏറ്റെടുത്ത് സാക്ഷാത്കരിക്കുന്നതിൽ അൻവർ ഇബ്രാഹീം വഹിച്ച പങ്ക് വളരെ വലുതാണ്.

യുവജന കൂട്ടായ്മയും വിദ്യാഭ്യാസ വിപ്ലവവും വാണിജ്യവ്യവസായ വളർച്ചയിലൂടെയുള്ള സാമ്പത്തിക ഉന്നതിയും മലേഷ്യക്ക് സാധ്യമാണെന്ന് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രയോഗതലത്തിൽ കാണിച്ചുകൊടുത്ത ഒരാൾ വളരെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രധാനമന്ത്രിപദത്തിലെത്തുമ്പോൾ എല്ലാവരും വളരെ പ്രതീക്ഷയിലാണ്.

കോവിഡിനു ശേഷം ലോകം പ്രതിസന്ധികളിൽനിന്ന് കരകയറാൻ കാത്തുനിൽക്കുന്ന വേളയിൽ പഴയകാല അനുഭവങ്ങളിൽനിന്നു മുന്നോട്ടുനയിക്കുമെന്ന പ്രത്യാശയാണ് മലേഷ്യക്കാർക്കുള്ളത്. അൻവർ ഇബ്രാഹീം പ്രധാനമന്ത്രിപദം ഏറ്റെടുത്ത ഉടനെ ഓഹരി കമ്പോളത്തിൽ കാണുന്ന പെട്ടെന്നുള്ള ചലനങ്ങൾ സാമ്പത്തിക മേഖല അദ്ദേഹത്തിൽ അർപ്പിക്കുന്ന ശുഭാപ്‌തിവിശ്വാസത്തെ സൂചിപ്പിക്കുന്നു.

വിദ്യാഭ്യാസമന്ത്രിയാകുന്നതിനു മുമ്പ് കൃഷിമന്ത്രാലയത്തിന്റെ തലവനായിരുന്നു അദ്ദേഹം. ഭരണാധികാരി എന്ന നിലയിൽ സമസ്ത രംഗത്തുമുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പുതിയ ഗവണ്മെന്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ സഹായകമാകും. 

Tags:    
News Summary - anwar ibrahim-prime minister-malaysia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.