ശ്വാനസ്നേഹി

കടിയാപ്പട്ടികള്‍ നിന്നു കുരച്ചാല്‍ വടിയാലൊന്നു തിരിച്ചാല്‍ മണ്ടും എന്ന് പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ ഉപദേശിച്ചിട്ടുണ്ട്. പക്ഷേ, കടിക്കാത്ത പട്ടികളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞുവരുകയാണെന്ന് നായ്ക്കളുടെ കാനേഷുമാരി എടുത്താല്‍ മനസ്സിലാവും. പ്രസംഗത്തിലല്ല പ്രവൃത്തിയിലാണ് കാര്യം എന്ന് സൂചിപ്പിക്കാന്‍ കുരയ്ക്കുന്ന പട്ടി കടിക്കിലെന്ന് നാം  പറയാറുണ്ടല്ളോ. പക്ഷേ, ഇപ്പോള്‍ കേരളത്തിലുള്ള പട്ടികള്‍ കുരയ്ക്കാന്‍ മറന്നാലും കടിക്കാന്‍ മറക്കില്ളെന്നതാണ് അവസ്ഥ. തെരുവുനായ്ക്കളെ കൊല്ലാന്‍ കേരളം തീരുമാനിച്ചപ്പോള്‍ അത് നിയമവിരുദ്ധമാണെന്നാണ് കേന്ദ്രമന്ത്രിയും പ്രമുഖ മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി പറഞ്ഞത്. പട്ടിക്കും പശുവിനും  മനുഷ്യനെക്കാള്‍ വില നല്‍കുന്ന ഭരണകൂടത്തിലെ മന്ത്രിയാണ്. അതുകൊണ്ടുതന്നെ പട്ടിയെന്ത് പിഴച്ചുവെന്ന അവരുടെ ചോദ്യത്തില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. അറുപതു പിന്നിട്ട വൃദ്ധയെ തിരുവനന്തപുരത്ത് പട്ടി കടിച്ചുകൊന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ മനേക പറഞ്ഞത് അവരുടെ കൈയില്‍ എന്തോ മാംസഭാഗം ഉണ്ടായിരിക്കണം എന്നാണ്.

പട്ടി കടിക്കാതിരിക്കാന്‍ മാംസഭാഗമില്ലാതെ നടക്കണമെങ്കില്‍ മലയാളിയെ തൊലിയുരിച്ച് അസ്ഥികൂടമാക്കി നിരത്തിലിറക്കണം. അല്ലാതെ പട്ടിശല്യം തടയാന്‍ ഒരു വഴിയുമില്ല. ഗോമാംസം കൈയില്‍ വെച്ചാല്‍ ഗോരക്ഷകരായ മനേകയുടെ പാര്‍ട്ടിക്കാര്‍ ആക്രമിക്കും. സ്വന്തം മാംസം സ്വന്തം ശരീരത്തില്‍ വെച്ചാല്‍ പട്ടികള്‍ കടിക്കും എന്നതാണ് നാട്ടിലെ അവസ്ഥ. മനുഷ്യര്‍ ഒരു വശത്തും മനേകയും പട്ടികളും മറുവശത്തും എന്ന സ്ഥിതി. സ്ത്രീ, ശിശുവികസനമന്ത്രി ശ്വാനക്ഷേമമന്ത്രിയായി മാറിയതിനാല്‍ മനുഷ്യമാംസദാഹിയായ കേരളത്തെരുവിലെ ഓരോ ശ്വാനപ്രമുഖനും മുന്നോട്ടുവന്ന് വാലാട്ടി നന്ദി പ്രദര്‍ശിപ്പിക്കേണ്ടതാണ്. കേരള സൈബര്‍ വോറിയേഴ്സ് എന്നറിയപ്പെടുന്ന തുരപ്പന്മാര്‍ മനേക ഗാന്ധിയുടെ പീപ്ള്‍ ഫോര്‍ ആനിമല്‍സ് എന്ന വെബ്സൈറ്റ് ഹാക് ചെയ്ത് ‘തെരുവുനായ മുക്തമായ ഇന്ത്യ’ക്കു വേണ്ടി ആഹ്വാനം ചെയ്തത് ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. തെരുവുനായ്ക്കള്‍ക്കെതിരെ പൊരുതുന്ന ബിസിനസുകാരന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കോടതി കയറ്റാനിടയുണ്ട്. നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അത് മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണതുപോലായി.

താനിരിക്കേണ്ടിടത്ത് താനിരുന്നില്ളെങ്കില്‍ അവിടെ നായ് കേറിയിരിക്കും എന്ന് ഒരു പഴഞ്ചൊല്ലുണ്ട്. അങ്ങനെ ഏതൊക്കെയോ അധികാരസ്ഥാനങ്ങളില്‍ നായ്ക്കള്‍ കേറിയിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയാണ്. തങ്ങള്‍ക്കെതിരെ പൊതുജനവും ഭരണകൂടവും ചേര്‍ന്ന് കൊലയും നിര്‍ബന്ധിത വന്ധ്യംകരണവും ആസൂത്രണം ചെയ്യുന്നതായി ഈ ശ്വാനകേസരികള്‍ തിരിച്ചറിയുന്നു. അത്തരം അധികാരസ്ഥാനങ്ങളില്‍ ഇരിപ്പിടമുറപ്പിച്ചതുകൊണ്ടും ഉന്നതങ്ങളില്‍ പിടിപാടുള്ളതുകൊണ്ടുമാണ് കേരളത്തില്‍ ഇത്രയേറെ കുട്ടികളെയും വൃദ്ധരെയും കടിച്ചുകുടഞ്ഞിട്ടും തങ്ങള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ കഴിയുന്നതെന്ന് അവര്‍ക്കറിയാം. തങ്ങളുടെ മാംസദാഹത്തിന് കൂട്ടുനില്‍ക്കുന്നത് മനേകാ ഗാന്ധിയെപ്പോലുള്ള വിരലിലെണ്ണാവുന്ന മൃഗസ്നേഹികള്‍ മാത്രമാണെന്ന് അവര്‍ നന്ദിയോടെ വാലാട്ടി ഓര്‍ക്കും. പണ്ട് മുസ്ലിംകളെ തെരഞ്ഞുപിടിച്ച് നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയ സഞ്ജയ് ഗാന്ധിയുടെ സഹധര്‍മിണിയാണ് തങ്ങളുടെ വന്ധ്യംകരണത്തിനായി നിര്‍ബന്ധം പിടിക്കുന്ന ഈ ശ്വാനസ്നേഹി എന്ന് ചരിത്രബോധമുള്ള നായ്ക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. നായ്ക്കളെ വരിയുടയ്ക്കാന്‍ മൃഗക്ഷേമബോര്‍ഡ് കൊടുത്ത കോടികള്‍ എവിടെപ്പോയി എന്നാണ് ഈ ശ്വാനസ്നേഹി ചോദിച്ചിരിക്കുന്നത്.

നടുക്കടലിലും നായ് നക്കിയേ കുടിക്കൂ എന്ന് ആര്‍ക്കാണറിയാത്തത്? എത്ര അനുകൂല സാഹചര്യമുണ്ടായാലും ചിലര്‍ പ്രയോജനപ്പെടുത്താറില്ല എന്നാണല്ളോ ആ ചൊല്ല് പറയുന്നത്. നേരത്തിനും കാലത്തിനും കേരളം  ആ കേന്ദ്രഫണ്ട് പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ ഈ അവസ്ഥ വരുമായിരുന്നില്ല. മറ്റൊരു കേന്ദ്രമന്ത്രിയായ പ്രകാശ് ജാവദേക്കറുമായി കൊമ്പു കോര്‍ത്തതും മൃഗസ്നേഹത്തിന്‍െറ പേരില്‍ തന്നെ. അന്ന് ജാവദേക്കര്‍ പരിസ്ഥിതി മന്ത്രി. കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയുംചെയ്യുന്ന നീല്‍ഗായ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ കൊല്ലാനുള്ള അനുവാദം കൊടുത്തതിന്‍െറ പേരിലാണ് മനേക മന്ത്രിയുമായി ഇടഞ്ഞത്. ക്ഷുദ്രജീവികളെ കൊല്ലാം എന്നായിരുന്നു പരിസ്ഥിതിമന്ത്രാലയത്തിന്‍െറ പക്ഷം. ചില വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി വര്‍ഗീകരിച്ചിട്ടുണ്ട്. പക്ഷേ, ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ആറുമാസത്തിനുള്ളില്‍ രണ്ടുതവണ മനേക ജാവദേക്കറുമായി ഇടഞ്ഞതും മൃഗസ്നേഹത്തിന്‍െറ പേരിലാണ്. സംരക്ഷിത വന്യജീവികളെ വേട്ടയാടി പിടിക്കാനുള്ള ആയുധങ്ങള്‍, കെണി, കുരുക്ക് തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന ആമസോണിനെതിരെ ആദ്യം ജാവദേക്കര്‍ക്ക് കത്തയച്ചു. ആമസോണ്‍ മാപ്പ് പറഞ്ഞപ്പോള്‍ നടപടി മതിയാക്കിയ ജാവദേക്കറോട് ഇടഞ്ഞ് മനേക കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് നേരിട്ടു. അത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വ്യാപാരികളുടെ സമ്പൂര്‍ണലിസ്റ്റ് ഹാജരാക്കാന്‍ ആമസോണിനോട് ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ സിഖ് കുടുംബത്തില്‍ 1956 ആഗസ്റ്റ് 26ന് ജനനം. ഇന്ത്യന്‍ ആര്‍മിയില്‍ ഓഫിസറായിരുന്ന ലെഫ്. കേണല്‍ തര്‍ലോചന്‍ സിങ് ആണ് പിതാവ്. അമ്മ അമൃതേശ്വര്‍ ആനന്ദ്. ലോറന്‍സ് സ്കൂളിലും ലേഡി ശ്രീരാം കോളജിലും പഠനം. ജെ.എന്‍.യുവില്‍നിന്ന് ജര്‍മന്‍ ഭാഷയും പഠിച്ചു. അമ്മാവന്‍ മേജര്‍ ജനറല്‍ കപൂര്‍ മകന്‍െറ വിവാഹനിശ്ചയത്തിന് നടത്തിയ കോക്ടെയില്‍ പാര്‍ട്ടിയിലാണ് സഞ്ജയ് ഗാന്ധിയെ ആദ്യമായി കാണുന്നത്. അതിനടുത്തവര്‍ഷം 1974 സെപ്റ്റംബറില്‍ കല്യാണം. അടിയന്തരാവസ്ഥക്കാലത്ത് ശരിക്കും ഏകാധിപതിയുടെ ഭാര്യയായിരുന്നു. അമ്മ ഇന്ദിരയുടെ നിയന്ത്രണം സഞ്ജയിന്‍െറ കൈയിലായിരുന്നല്ളോ. പ്രധാനമന്ത്രിയുടെ ഓഫിസ് അല്ല വസതിയാണ് രാജ്യം ഭരിച്ചത്.

രചാരണങ്ങളിലും ടൂറുകളിലും മനേക സഞ്ജയിനെ അനുഗമിച്ചു. അടിയന്തരാവസ്ഥക്കുശേഷമുള്ള തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസിന്‍െറ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ‘സൂര്യ’ എന്ന പേരില്‍ മാസിക തുടങ്ങിയത് മനേകയാണ്. 1980ല്‍ പിറന്ന മകന് അച്ഛച്ഛന്‍െറ പേരാണ് നല്‍കിയത്. ഫിറോസ്. പക്ഷേ, ഇന്ദിര അവനെ വരുണ്‍ എന്നു വിളിച്ചു. അവന് മൂന്നു മാസം പ്രായമുള്ളപ്പോള്‍, മനേകക്ക് വെറും 23 വയസ്സുള്ളപ്പോള്‍ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ മരിച്ചു. അതോടെ ഇന്ദിരയില്‍നിന്ന് അകന്നു. സഫ്ദര്‍ജംഗ് റോഡിലെ ഒന്നാംനമ്പര്‍ വസതിയില്‍നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് സഞ്ജയ് വിചാര്‍ മഞ്ച് രൂപവത്കരിച്ചു. 1988ല്‍ വി.പി. സിങ്ങിന്‍െറ ജനതാദളില്‍ ചേര്‍ന്നു. അടുത്തവര്‍ഷം കേന്ദ്രപരിസ്ഥിതി സഹമന്ത്രിയായി. 1992ല്‍ പീപ്ള്‍ ഫോര്‍ ആനിമല്‍സ് എന്ന മൃഗാവകാശ സംരക്ഷണ സംഘടന രൂപവത്കരിച്ചു. 2004ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.  മകന്‍ ഇപ്പോള്‍ ബി.ജെ.പി എം.പിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.