പയ്യോളി: എസ്.എസ്.എൽ.സി പരീക്ഷയെഴുതി വീട്ടിൽ തിരിച്ചെത്തിയ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അയനിക്കാട് പോസ്റ്റോഫിസിന് സമീപം മരവന്റെ കണ്ടിയിൽ താമസിക്കുന്ന പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് (15) മരിച്ചത്. വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാളുപയോഗിച്ച് ജനലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അനുശ്രീ വ്യാഴാഴ്ച രാവിലെ നടന്ന ഫിസിക്സ് പരീക്ഷയെഴുതി ഉച്ചക്ക് പന്ത്രണ്ടോടെയാണ് തിരിച്ചെത്തിയത്. ശേഷം മുകൾനിലയിലെ കിടപ്പുമുറിയിൽ കയറി വാതിലടച്ച് അകത്തു നിന്ന് കുറ്റിയിട്ടാണ് കൃത്യം നിർവഹിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസത്തെ കണക്ക് പരീക്ഷയും വ്യാഴാഴ്ചത്തെ ഫിസിക്സ് പരീക്ഷയും ഏറെ വിഷമമുള്ളതായി അനുശ്രീ കൂട്ടുകാരോട് പരാതിപ്പെട്ടിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോകുമെന്ന ഭയത്താൽ മനം നൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് കരുതുന്നത്. പിതാവ് ജയദാസൻ രണ്ടാഴ്ച മുമ്പാണ് ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. മാതാവ്: ഷീജ (ഹരിത കർമസേന, പയ്യോളി നഗരസഭ). സഹോദരി: അനഘ (ബി.എസ്.എസി. എം.എൽ.ടി., മംഗലാപുരം). മൃതദേഹം വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.