അസൈൻ ഒരാൾ മാത്രം

ഇന്നലത്തെ രാത്രി അന്തരിച്ച ബാല്യകാല സുഹൃത്തും 'മാധ്യമ'ത്തിന്റെ പിറവി മുതൽ കാൽനൂറ്റാണ്ടുകാലം പത്രത്തിന്റെ പ്രാദേശിക ലേഖകനുമായിരുന്ന എൻ.ടി. അലി മാസ്റ്ററുടെ മയ്യിത്ത് നമസ്കരിച്ച് പുറത്തിറങ്ങുമ്പോഴാണ് ആ ഖാദുകവാർത്ത ഞെട്ടിച്ചത്- അസൈൻ കാരന്തൂർ ഈ ലോകത്തോട് വിടവാങ്ങിയിരിക്കുന്നു. വീടിനടുത്ത് കുഴഞ്ഞുവീണ അസൈനെ ഇഖ്റ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരണം സംഭവിച്ചുകഴിഞ്ഞിരുന്നു എന്നു പിന്നീടറിവായി.

നീട്ടിക്കൊടുത്ത നാലു വർഷത്തെ കാലാവധിയും കഴിഞ്ഞശേഷം 'മാധ്യമ'ത്തോട് വിടചൊല്ലിയ പ്രിയ സഹപ്രവർത്തകനെ പിന്നീട് അപൂർവമായേ കാണാറുണ്ടായിരുന്നുള്ളൂ എങ്കിലും ഒരിക്കലും മറക്കാനാവാത്തതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. 1987 ജൂൺ ഒന്നിന് വെള്ളിമാട്കുന്നിലെ പരിമിത സൗകര്യങ്ങളിൽ, പ്രാരബ്ധങ്ങളോടും പ്രയാസങ്ങളോടും പടവെട്ടി പ്രഫഷനലിസത്തിന്റെ എ.ബി.സി പോലും അവകാശപ്പെടാൻ വയ്യാത്ത അമേച്വറലിസ്റ്റുകളുടെ സഹകരണത്തോടെ 'വാർത്താമാധ്യമങ്ങളിൽ വഴിത്തിരിവാ'യി 'മാധ്യമം' പുറത്തിറക്കുകയെന്ന അതിസാഹസം ഇന്ന് 35 വർഷങ്ങൾ വിജയകരമായി പിന്നിട്ടുവെങ്കിൽ ഉള്ളടക്കത്തിനും എഡിറ്റിങ്ങിനുമുള്ള ക്രെഡിറ്റ് ഒന്നാമതായി അസൈൻ എന്ന മനുഷ്യയന്ത്രത്തിന് നൽകാതിരിക്കാനാവില്ല.

പത്രം തുടങ്ങുമ്പോൾ സർക്കാറിന്റെ കാർഷിക വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു കാരന്തൂരുകാരനായ പി. അസൈൻ. അദ്ദേഹം അന്ന് സ്​പോർട്സ് ലേഖകനായി അറിയപ്പെട്ടുതുടങ്ങിയിരുന്നു. ദിനപത്രത്തിന് ഒഴിച്ചുകൂടാനാവാത്ത സ്​പോർട്സ് പേജ് കൈകാര്യം ചെയ്യാൻ യോഗ്യനായ ഒരു എഡിറ്റർ വേണമെന്ന ചിന്തയിലാണ് സർക്കാർ ഉദ്യോഗത്തിൽനിന്ന് അവധിയെടുത്ത് 'മാധ്യമ'ത്തിന്റെ ഭാഗമാകാൻ അസൈനെ പ്രേരിപ്പിക്കണമെന്ന് മാനേജ്മെന്റിന് തോന്നിയത്. ഒരു വിസമ്മതവും പ്രകടിപ്പിക്കാതെ അസൈൻ വഴങ്ങുകയും ചെയ്തു.

പക്ഷേ, ഡെസ്ക് പ്രവർത്തനമാരംഭിച്ചപ്പോൾ സ്​പോർട്സിനു മാത്രമല്ല, അതിനേക്കാൾ പ്രധാനമായ വിഷയങ്ങൾക്കും പരിചയസമ്പന്നരായ എഡിറ്റർമാരുടെ കമ്മി എന്ന യാഥാർഥ്യം തുറിച്ചുനോക്കിയത്. 'മാതൃഭൂമി' ദിനപത്രത്തിൽ രണ്ടു വർഷത്തെ ട്രെയിനിയായി പ്രവർത്തിച്ച പി.എ.എം. ഹാരിസിനെ ഒഴിച്ചുനിർത്തിയാൽ അത്രപോലും പരിചയസമ്പന്നർ തുടക്കത്തിൽ 'മാധ്യമം' ഡെസ്കിലുണ്ടായിരുന്നില്ല. ടി.പി. ചെറൂപ്പ, കെ. ബാബുരാജ്, വയലാർ ഗോപകുമാർ എന്നിവരാകട്ടെ, വിവിധ ബ്യൂറോകളുടെ തലപ്പത്തായിരുന്നുതാനും. മുഴുസമയ ന്യൂസ് എഡിറ്ററുടെ അഭാവം ഡെസ്കിന്റെ ദൈനംദിനപ്രവർത്തനങ്ങളെ താളംതെറ്റിച്ചുകൊണ്ടിരുന്ന​പ്പോഴാണ് മൂന്നു-നാല് ആഴ്ചക്കാലത്തേക്ക് ട്രെയിനറായി 'മാതൃഭൂമി'യിൽനിന്ന് റിട്ടയർ ചെയ്ത മുതിർന്ന പത്രപ്രവർത്തകൻ ടി. വേണുഗോപാലിന്റെ സേവനം ലഭിച്ചത്.

പരിശീലനപരിപാടി പൂർത്തീകരിച്ച് മടങ്ങുമ്പോൾ സ്ഥിരം ന്യൂസ് എഡിറ്ററായി നിലവിലുള്ള സബ് എഡിറ്റർമാരിൽ ഏറ്റവും ഉചിതമായ വ്യക്തിത്വം ആരാണെന്ന് അദ്ദേഹത്തോട് ആരാഞ്ഞപ്പോൾ ഉടനെ മറുപടി വന്നു: 'അസൈനോളം യോഗ്യനായ മറ്റൊരാളെ നിർദേശിക്കാനില്ല.' അങ്ങനെയാണ് അസൈൻ കാരന്തൂർ 'മാധ്യമ'ത്തിന്റെ പ്രഥമ ന്യൂസ് എഡിറ്ററും ഏറ്റവുമധികം കാലം ആ സേവനത്തിൽ തുടർന്നയാളും ആവുന്നത് (റിട്ടയർ ചെയ്യുമ്പോൾ അദ്ദേഹം ഡെപ്യൂട്ടി എഡിറ്ററായിരുന്നു). ആറു മണിക്കൂറാണ് പത്രപ്രവർത്തകരുടെ സാമാന്യ ജോലിസമയം. ചിലപ്പോൾ എട്ടു മണിക്കൂർ വരെ നീണ്ടെന്നും വരാം.

അസൈന്​ അവ്വിധമൊരു സമയപരിധിയോ പരിമിതിയോ ഇല്ല. 12-16 മണിക്കൂർ വരെ 'മാധ്യമ'ത്തിലുണ്ടാവും. എത്ര കടുത്ത പ്രതിസന്ധിയിലും പത്രം മുടക്കംകൂടാതെ ഇറങ്ങിയിരിക്കും എന്നതിന്റെ ഗാരന്റി ആ സാന്നിധ്യമാണ്. പ്രമുഖരുടെ മരണം യാദൃച്ഛികമായി രാത്രി വൈകിയാണ് സംഭവിക്കുന്നതെങ്കിൽപോലും പിറ്റേന്നത്തെ പത്രത്തിൽ പരേതനെക്കുറിച്ച് ഏറ്റവും അടുത്തയാളുടെ അനുസ്മരണക്കുറിപ്പ് ഉറപ്പാക്കാൻ അസൈനറിയാം. രാത്രി അക്ഷരയുദ്ധത്തിന് വിധിക്കപ്പെട്ട ഡെസ്ക് എഡിറ്റർമാർക്ക് ഉറക്കം സ്വപ്നം മാത്രമാണ്. മാറിമാറി വരുന്ന ഷിഫ്റ്റാണ് അവർക്കാശ്വാസം.

ഇക്കാലത്ത് വിവര സാ​ങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം പത്രപ്രവർത്തകരുടെ ജോലിഭാരം ഗണ്യമായി കുറച്ചിട്ടുണ്ടെന്ന സത്യം മറക്കുന്നില്ല. പക്ഷേ, അസൈൻ ന്യൂസ് എഡിറ്ററായിരുന്ന കാലത്ത് അതായിരുന്നില്ലല്ലോ അവസ്ഥ. ആയുഷ് കലണ്ടറിലെ ഓരോ പുറം മറിയുമ്പോഴും അസൈന്റെ രാവുകൾ നിദ്രാവിഹീനങ്ങളായിത്തന്നെ തുടർന്നു. ഡെപ്യൂട്ടി എഡിറ്ററായി സ്ഥാനക്കയറ്റം ലഭിച്ചതോടെ പകൽ മാത്രം ഹാജരാവാനും രാത്രി വീട്ടിൽ വിശ്രമിക്കാനും ഞങ്ങൾ നിർബന്ധിച്ചു.

പക്ഷേ, രാത്രിയുറക്കം പ്രിയങ്കരനായ സുഹൃത്ത് മറന്നുപോയിരുന്നു! കുടുംബജീവിതംപോലും അറിഞ്ഞേടത്തോളം അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നില്ല. അൽപം നീണ്ട അവധി അദ്ദേഹം സർവിസ് കാലത്ത് എടുത്തതായും അറിയില്ല. 'ഗൾഫ് മാധ്യമ'ത്തിലേക്കുള്ള ഡെപ്യൂട്ടേഷനും നിരസിക്കുകയാണ് ചെയ്തത്. പിൽക്കാലത്ത് 'മാധ്യമം' ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായപ്പോൾ ശുഷ്കാന്തിയോടെ ആ ദൗത്യവും നിറവേറ്റി.

ഡസ്കി​ലെയും ബ്യൂറോകളിലെയും ജേണലിസ്റ്റുകളിൽ ഏറ്റവും മികവാർന്ന സേവന റെക്കോഡുള്ളവർക്ക് അവാർഡ് ഏർപ്പെടുത്താൻ 'മാധ്യമം' മാനേജ്മെന്റ് തീരുമാനി​ച്ചപ്പോൾ ഒന്നാമതായി ഡസ്കിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് അസൈൻ കാരന്തൂർ ആയത് അവിചാരിതമല്ല. മികച്ചവരും ശരാശരിക്കാരുമായ എത്രയോ പത്രപ്രവർത്തകർ 35 വർഷങ്ങൾക്കകം 'മാധ്യമ'ത്തോട് വിടചൊല്ലി.

അക്കൂട്ടത്തിൽ ഒരാളായല്ല​, ജോലിയോട് പ്രതിബദ്ധതയും നിസ്വാർഥ സേവനമനസ്സും പെരുമാറ്റത്തിലെ കുലീനതയുംകൊണ്ട് അവിസ്മരണീയമായ അധ്യായം എഴുതിച്ചേർത്ത 'മാധ്യമം' കുടുംബാംഗമായാണ് പത്രത്തിന്റെ ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക. പ്രിയ സ്നേഹിതന്റെ ധന്യാത്മാവിന് ജഗന്നിയന്താവ് നിത്യശാന്തി പ്രദാനംചെയ്യട്ടെ.

Tags:    
News Summary - Assain only one person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.