താനെ: മഹാരാഷ്ട്രയിലെ താനെയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു. മുർബാദിലെ ഗോവിലി ഗ്രാമത്തിലുള്ള റൈത പാലത്തിൽ വെച്ച് വാനും സിമന്റ് മിക്‌സർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ഉള്ളാസ്‌നഗറിലെ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുർബാദ് തഹസിൽദാർ അഭിജിത് ദേശ്മുഖ് നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കല്യാണിൽ നിന്ന് മുർബാദ് ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്നു വാൻ എതിരെ വന്ന സിമന്റ് മിക്സറുമായി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പാലത്തിന് മുകളിൽ നടന്ന അപകടമായതിനാൽ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടസ്ഥലത്ത് വെച്ച് തന്നെ മിക്കവരും മരണപ്പെട്ടിരുന്നു. മരിച്ചവരിൽ എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ആറ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പൊലീസ് പൂർത്തിയാക്കി വരികയാണ്.
അപകടത്തെ തുടർന്ന് കല്യാൺ - അഹല്യനഗർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായും സ്തംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. താനെ റൂറൽ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗതയാണോ പാലത്തിലെ അശാസ്ത്രീയമായ നിർമാണമാണോ അപകടത്തിന് കാരണമെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഒരു കുടുംബത്തിന്റെയോ അയൽവാസികളുടെയോ സംഘമാകാം വാനിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.