കാസര്‍കോട്ട് മൂന്നുപേര്‍ ട്രെയിൻതട്ടി മരിച്ചു

കാസര്‍കോട്: ജില്ലയില്‍ മൂന്ന് ട്രെയിനപകടങ്ങളിലായി അഭിഭാഷകനടക്കം മൂന്നുപേര്‍ മരിച്ചു. മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ തൃശൂര്‍ മണിത്തറയിലെ അഡ്വ. കെ.ആര്‍. വത്സന്‍ (72), കാസര്‍കോട് കസബ കടപ്പുറത്തെ സുമേഷ് (27), കാഞ്ഞങ്ങാട് സൗത്തിലെ ശശിധരന്‍ (53) എന്നിവരാണ് ട്രെയിന്‍തട്ടി മരിച്ചത്. സുമേഷിനെ പള്ളം റെയില്‍വേ സ്റ്റേഷന് സമീപവും ശശിധരനെ പള്ളിക്കര റെയില്‍വേ ട്രാക്കിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

അഡ്വ. വത്സനെ ഉദുമ റെയില്‍വേ ഗേറ്റിന് സമീപമാണ് ട്രെയിൻതട്ടി മരിച്ചതായി കണ്ടത്. ഇദ്ദേഹം ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ട്രെയിനില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് അപകടം. ഉദുമ മേൽപാലത്തിന് സമീപം തിങ്കളാഴ്ച പുലർച്ചയാണ് അപകടം. മഡ്ഗാവ് -എറണാകുളം എക്‌സ്പ്രസില്‍നിന്നാണ് അപകടമുണ്ടായത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെ അബദ്ധത്തില്‍ വീണതാകാമെന്ന് കരുതുന്നു. തെറിച്ചുവീഴുന്നതുകണ്ട് ട്രെയിനിലുണ്ടായിരുന്ന ടി.ടി.ഇ ഒപ്പമുണ്ടായിരുന്നവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ത്രീകളെ ഇതേ ട്രെയിനില്‍ യാത്രയാക്കി ബന്ധുവായ യുവാവ് തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി. ബേക്കല്‍ എസ്‌.ഐ എം. രജനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിൽ മൃതദേഹം പാളത്തിനരികില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എസ്‌.ഐ രാമചന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തി.

പള്ളിക്കര സെന്റ് ആന്റ്‌സ് യു.പി സ്‌കൂളിന് സമീപത്തെ പരേതയായ മാട്ടുമ്മല്‍ നാരായണിയുടെ മകനാണ് ശശിധരന്‍ (53). പള്ളിക്കര റെയില്‍വേ ട്രാക്കിലാണ് ഇദ്ദേഹത്തെ ട്രെയിൻതട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് ശശിധരന്‍ ട്രെയിനിന് മുന്നിൽ വീണത്. സംഭവം കണ്ട കോപൈലറ്റ് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇവര്‍ നീലേശ്വരം പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യവസായ വകുപ്പ് ജീവനക്കാരി കാഞ്ഞങ്ങാട് സൗത്തിലെ സുമതിയാണ് ഭാര്യ. പെയിന്റിങ് തൊഴിലാളിയാണ് ശശിധരന്‍. സഹോദരങ്ങള്‍: സോമ കുമാരി, സത്യഭാമ. 

സൂനാമി കോളനിയില്‍നിന്ന് കസബ കടപ്പുറത്തേക്ക് പോയപ്പോഴാണ് സുമേഷിനെ ട്രെയിന്‍ തട്ടിയതെന്ന് കരുതുന്നു.

Tags:    
News Summary - Three death in train accidents at Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.