ഹൈദരാബാദ്: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് 14 വയസ്സുകാരൻ മരിച്ചു. ഹൈദരാബാദിലെ ഓൾഡ് മല്ലാപ്പൂർ സ്വദേശിയായ മിഥുൻ ആണ് മരിച്ചത്. വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മിഥുൻ കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്.
ഏപ്രിൽ 5നായിരുന്നു മിഥുന്റെ ജീവനെടുത്ത അപകടം നടന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയ മിഥുനും സംഘവും ചേർന്ന് റീൽസ് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. താഴെ നിന്ന് സുഹൃത്തുക്കൾ വിഡിയോ പകർത്തുമ്പോൾ മിഥുൻ ബാൽക്കണിയുടെ കൈവരിക്ക് മുകളിൽ കയറി നിൽക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്ന് നാച്ചാരം പൊലീസ് അറിയിച്ചു.
വീഴ്ചയിൽ തലക്ക് പരിക്ക് പറ്റിയ മിഥുനെ ഉടൻ തന്നെ സെക്കന്ദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഏപ്രിൽ 19ഓടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ നാച്ചാരം പൊലീസ് അസ്വാഭാവിക മരണത്തിന് (ബി.എൻ.എസ്.എസ് സെക്ഷൻ 194) പ്രകാരം കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മിഥുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. റീൽസ് എടുക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നത് വലിയ ആശങ്കക്കാണ് ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.