ഹൈദരാബാദ്: തെലങ്കാന ആർ.ടി.സി ബസ് ബൈക്കിലിടിച്ച് വിദ്യാർഥിനി കീർത്തിക (14) കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ജൂബിലി ഹിൽസ് റോഡ് നമ്പർ 5ലെ മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം. കീർത്തികയുടെ പിതാവ് പ്രസാദ്, സഹോദരൻ സായ് എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
സ്കൂൾ കഴിഞ്ഞ് പിതാവിനും സഹോദരനുമൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കീർത്തിക. മെട്രോ സ്റ്റേഷന് സമീപമെത്തിയപ്പോൾ തെലങ്കാന ആർ.ടി.സിയുടെ ഇലക്ട്രിക് ബസ് ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. നിർഭാഗ്യവശാൽ ബസ്സിന്റെ പിൻചക്രം കീർത്തികയുടെ തലയിലൂടെ കയറിയിറങ്ങി. പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സഹോദരൻ സായിയുടെ എല്ലിന് ഒടിവുണ്ട്. പിതാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബസ് ഡ്രൈവറുടെ അമിതവേഗതയും റോഡരികിൽ അശ്രദ്ധമായി പാർക്ക് ചെയ്തിരുന്ന കാറും റോഡിൽ കവിഞ്ഞൊഴുകിയ മലിനജലവുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മലിനജലത്തിൽ കയറാതെ ബൈക്ക് വലതുവശത്തേക്ക് വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ ബസ് ഇടിച്ചത്. റോഡരികിലെ കാർ കാരണം ബൈക്കിന് വശത്തേക്ക് മാറാൻ ഇടമില്ലായിരുന്നു. പെൺകുട്ടിയുടെ സ്കൂൾ ബാഗ് ബസ്സിൽ തട്ടിയതാകാം നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
പിതാവ് പ്രസാദിന്റെ പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും മരണത്തിന് കാരണമായതിനുമാണ് കേസ്. കൂടാതെ, റോഡരികിൽ തടസ്സമുണ്ടാക്കി കാർ പാർക്ക് ചെയ്ത ഉടമക്കെതിരെയും റോഡിലെ അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തിയ നഗരസഭ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.