യാമ്പു: സൗദി അറേബ്യയിൽ ‘പുലർകാല പ്രശാന്തതയുടെ തീരം’ എന്ന വിശേഷണം കൊടുക്കാവുന്ന ഒരു കടൽതീരമാണിത്. യാമ്പു ടൗണ ിൽ നിന്ന് നിന്ന് 150 കിലോമീറ്റർ അകലെ ഉംലജിലെ സദാനിശ്ച്ചലമായ ചെങ്കടൽ സഞ്ചാരികൾക്ക് ശാന്തതയുടെ സൗന്ദര്യം പകർന്നു നൽകും.
ബീച്ചിനരികിൽ തണൽ വിരിച്ച് നിൽക്കുന്ന ഈത്തപ്പനകളുണ്ട്. രാത്രി ദൃശ്യങ്ങളെ മനോഹരമാക്കുന്ന അലങ്കാര വിളക്കുകളും സന്ദർശകരെ ആവോളം ആകർഷിക്കുന്നു. ഇനി ‘റെഡ് സീ പദ്ധതി’ കൂടി വരുന്നതോടെ ഉംലജിെൻറയും ചാരുത ആസ്വദിക്കാൻ സന്ദർശകരുടെ ഒഴുക്കായിരിക്കും.
ചെങ്കടലിലെ പൊതുവെ ആഴം കുറഞ്ഞ മേഖലയാണിവിടം. കടലിെൻറ അടിത്തട്ടിലെ വർണാഭമായ പവിഴപ്പുറ്റുകളുടെയും സമുദ്രസസ്യങ്ങളുടെയും വർണമത്സ്യങ്ങളുടെയും നയനാനന്ദകരമായ കാഴ്‌ചകൾ കാണാനും മനസ്സിലാക്കുവാനും പറ്റുന്ന സ്ഥലം. ആഴം കുറഞ്ഞ ഭാഗത്ത് കുട്ടികൾക്ക് ഉല്ലസിക്കുവാൻ പ്രത്യേക സൗകര്യമുണ്ട്. സാധാരണ അറബിക്കടലിെൻറ തീരങ്ങളിൽ കാണാറുള്ള തിരമാലകൾ ചെങ്കടലിന് ഇല്ല. അത് കൊണ്ടുതന്നെ ശാന്തമായകടലിലെ കുളി വ്യത്യസ്ത അനുഭവമാകും. തീരത്തെ മൃദുലവും വെണ്മയാർന്നതുമായ മണൽപരപ്പും കല്ലുകൾ പാകിയ നടപ്പാതകളും ആകർഷണീയമാണ്. കോസ്റ്റ് ഗാർഡിെൻറ സദാ നിരീക്ഷണവും ഉണ്ട്. ഗാർഡിെൻറ അനുവാദത്തോടെ നിശ്‌ചയിക്കപ്പെട്ട ഭാഗത്ത് കടലിൽ കുളിക്കാനും നീന്താനും ഇറങ്ങാം. ‘സ്‌കൂബ ഡൈവിങി’ന് അനുയോജ്യമായ ബീച്ചിൽ പ്രത്യേകം സംവിധാനങ്ങൾ അതിനായി ഒരുക്കിയിട്ടുണ്ട്. ഉംലജിലെ ഫിഷിങ് ഹാർബറുകളിൽ സജീവമായി നടക്കുന്ന മത്സ്യബന്ധനവും സന്ദർശകരെ ആകർഷിക്കുന്നു.
സെപ്റ്റംബർ മുതൽ നവംബർ വരെയും ഏപ്രിൽ മുതൽ മെയ് വരെയും ദേശാടന പക്ഷികൾ തീരങ്ങളിൽ ധാരാളമായി എത്തുന്നത് വേറിട്ട കാഴ്ചയാണ്. പക്ഷിനിരീക്ഷണം നടത്താൻ ഈ മാസങ്ങളിൽ നിരവധി പേർ ഉംലജ് തീരങ്ങളിൽ എത്താറുണ്ട്. പ്രദേശത്തിെൻറ വേറിട്ട ഭൂപ്രകൃതിയും കാലാവസ്ഥയും കാരണമാകാം ചരിത്രകാരൻമാർ സൗദിയിലെ ‘മാലദീപ്’ എന്ന് രാജ്യത്തെ മനോഹരമായ ബീച്ചുകളിലൊന്നായ ഉംലജിനെ വിശേഷിപ്പിച്ചത്. നീന്തൽ അഭ്യസിക്കാനും മത്സ്യം പിടിക്കാനും സ്വദേശികളെ പോലെ വിദേശികളും വൈകുന്നേരങ്ങളിൽ വിശാലമായ കടലോരത്തെത്തുന്നു.
തീരം ഭംഗിയായും വൃത്തിയായും സംരക്ഷിക്കാൻ അധികൃതർ ശ്രദ്ധിക്കുന്നു. പടിഞ്ഞാറൻ തുറമുഖ നഗരമായ യാമ്പുവിന് വടക്ക് തബൂഖ് പ്രവിശ്യയിലെ ഉംലജ് മുതൽ അൽവജ് വരെ പ്രദേശങ്ങൾക്കിടയിലുള്ള 50 ചെറുദീപുകളെ കേന്ദ്രീകരിച്ചാണ് ചെങ്കടൽ ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നത്. സൗദിയുടെ ടൂറിസം മേഖലയിൽ വഴിത്തിരിവായി മാറാവുന്ന പദ്ധതിയുടെ മുന്നൊരുക്കമായി കാലോചിതമായി വേണ്ട പരിഷ്‌കാരങ്ങൾ ദ്രുതഗതിയിൽ ഉംലജ് ബീച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. വഴിയോരങ്ങൾ പൂച്ചെടികൾ നട്ടുപിടിപ്പിച്ചും റോഡരികുകൾ ആകർഷകമാക്കിയും സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയും ഉംലജ് മുനിസിപ്പാലിറ്റി അധികൃതർ വേണ്ട മാറ്റങ്ങൾ വരുത്തുന്നുണ്ട്. പടിഞ്ഞാറൻ ചെങ്കടൽ തീരത്ത് ആരംഭിക്കുന്ന പദ്ധതി പൂർത്തിയാവുകയാണെങ്കിൽ ലോകത്ത് ഏറ്റവും സമഗ്രമായ കടലോര, പൈതൃക പദ്ധതിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2022 ൽ ‘ചെങ്കടൽ പദ്ധതി’ യുടെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെ വിദേശ സഞ്ചാരികളുടെ വരവ് ഈ പ്രദേശങ്ങളിലേക്കും നീളും. ഇപ്പോൾ തന്നെ രാജ്യത്തിെൻറ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ഉംലജ് ഇടം പിടിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും കുടുംബമായി സായന്തനങ്ങളിൽ ഇവിടെ എത്തുന്നുണ്ട്. വിശാലമായ കടൽ തീരത്ത് വാഹനം പാർക്ക് ചെയ്യാനും വിശ്രമിക്കാനും സൗകര്യമുള്ള ധാരാളം ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.