ന്യുഡൽഹി: ഇന്ത്യയൊട്ടാകെ പ്രതിഷേധത്തിൻെറ കൊടുങ്കാറ്റുയർത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ രാജ്യത്തെ മുസ്ലിം സംഘടനാ നേതാക്കന്മാരുടെ തീരുമാനം. ന്യൂഡൽഹിയിൽ ചേർന്ന വിവിധ സംഘടനാ നേതാക്കന്മാരുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഭരണഘടന തത്വങ്ങൾക്കും മൂല്യങ്ങൾക്കുമെതിരായ പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി അപലപിച്ച നേതാക്കാൾ സമാധാനപ്രിയരായ ജനങ്ങൾ ഈ നിയമത്തെ എതിർക്കാനും സർക്കാറിൽ സമ്മർദം ചെലുത്താനും മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡൻറ് സെയ്യദ് സാദത്തുല്ല ഹുസൈനി വിളിച്ചുചേർത്ത യോഗത്തിൽ മൗലാന മഹ്മൂദ് മദനി (ജം ഇയത്തുൽ ഉലമാ എ ഹിന്ദ്), മൗലാന തൗഖീർ റസാ ഖാൻ (ഉത്തിഹാദെ മില്ലത്ത് കൗൺസിൽ), ഡോ. സഫറുൽ ഇസ്ലാം ഖാൻ (ഡൽഹി ന്യൂനപക്ഷ കമീഷൻ), ഡോ. മുഹമ്മദ് മൻസൂർ ആലം (ആൾ ഇന്ത്യ മില്ലി കൗൺസിൽ), നവൈദ് ഹാമിദ് (ആൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ), മൗലാന ഷീസ് തൈമി (മർകസി ജംഇയത്ത് അഹ്ലെ ഹദീസ്), ഡോ. എസ്.ക്യൂ.ആർ. ഇല്ല്യാസ്, കമാൽ ഫാറൂഖി ( ആൾ ഇന്ത്യ മുസ്ലിം പെഴ്സണൽ ലോ ബോർഡ്) മൗലാന നിയാസ് അഹമ്മദ് ഫാറൂഖി (ജംഇയത്തുൽ ഉലമാ എ ഹിന്ദ്), ഡോ. സെയദ് സഫർ മഹമൂദ് (സകാത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ), മുഹമ്മദ് ജാഫർ , മുജ്തബ ഫാറൂഖി, അബ്ദുൽ ജബ്ബാർ സിദ്ദീഖി (ജമാഅത്തെ ഇസ്ലാമി ഹിന്ദ്) തുടങ്ങിയവർ ചേർന്നാണ് യോജിച്ച പ്രക്ഷോഭത്തിന് തീരുമാനിച്ചത്.
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭമുയർന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേർന്നത്. ജാമിഅ മില്ലിയയിലും അലിഗഡിലും പോലീസ് വിദ്യാർത്ഥികൾക്കു നേരേ നടത്തിയ തേർവാഴ്ചയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യോഗം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജനാധിപത്യപരവും സമാധാനപരവുമായി പ്രക്ഷോഭം നടത്തണമെന്ന് വിദ്യാർത്ഥികളോട് നേതാക്കൾ ആഹ്വാനം ചെയ്തു. സാമൂഹ്യ വിരുദ്ധർ സമരത്തെ വഴിതിരിച്ചുവിടാൻ നടത്തുന്ന തന്ത്രങ്ങളിൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.