കോഴിക്കോട്: ഒരു കോളജ് മാഗസിൻ കിട്ടിയാൽ നാം എന്തുചെയ്യും. താളുകൾ മറിക്കും, കഥയും കുറിപ്പുകളും വായിക്കും, ചിത്രം നോക്കും. പിന്നെ അടച്ചുവെക്കും, അത്രയല്ലേ ഉള്ളൂ. എന്നാൽ, ഇതിനപ്പുറം ചിലതു ചെയ്താലോ. കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ (ഐ.എച്ച്.ആർ.ഡി) വിദ്യാർഥികൾ ഒരുക്കിയ മാഗസിൻ ‘വസുമതിക്കൊരു പ്രേമലേഖനം’ വായിക്കാം, ഒപ്പം ചിത്രങ്ങൾ ത്രിമാനരൂപത്തിൽ കാണാം. കാഴ്ചകൾ വിഡിയോ രൂപത്തിൽ തെളിഞ്ഞുവരും. അവ നമ്മോട് സംസാരിക്കും. പ്രതീതി യാഥാർഥ്യം (ഓഗ്മെൻറഡ് റിയാലിറ്റി-എ.ആർ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ ഇന്ത്യയിലെ ആദ്യത്തെ മാഗസിനാണിത്.
മാഗസിനൊപ്പം വികസിപ്പിച്ചെടുത്ത magazine2k17 എന്ന മൊബൈൽ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്താലാണ് വിഡിയോ ദൃശ്യങ്ങൾ കാണാനാവുക. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ലേഖനം വായിക്കുമ്പോൾ അതുമായി ബന്ധപ്പെട്ടൊരു വിഡിയോ കാണാം. ബീഫ് ഫ്രൈയുടെ പാചകക്കുറിപ്പിനൊപ്പമുള്ള വിഡിയോകൾ പശുവിൻെറ പേരിൽ ഇന്ത്യയിൽ നടന്ന കൊലപാതകങ്ങളിലേക്കും അതിെൻറ രാഷ്ട്രീയത്തിലേക്കും കൂട്ടിക്കൊണ്ടുപോവും. നോട്ടുനിരോധനത്തെ ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന വസുമതിക്കൊരു പ്രേമലേഖനം എന്ന ലേഖനത്തിെൻറ തലക്കെട്ടാണ് മാഗസിനു നൽകിയത്. അകാലത്തിൽ ജീവൻ പൊലിഞ്ഞ കോളജിലെ പൂർവവിദ്യാർഥി അമിത്തിന് സമർപ്പിച്ചാണ് ‘പ്രേമലേഖനം’ തുടങ്ങുന്നത്. കോളജിലെ വിവിധ ആഘോഷങ്ങളിലെടുത്ത ചിത്രങ്ങൾക്കൊപ്പവും വിഡിയോ ഒരുക്കിയിട്ടുണ്ട്. ഈ വിഡിയോകളിലൂടെ എന്നെന്നും കോളജിലെ ഓർമകളിൽ ചുറ്റിയടിക്കാം.
2016-17 വർഷത്തെ മാഗസിൻ ആണെങ്കിലും മിനുക്കുപണികൾ തീർത്ത് പുറത്തിറങ്ങിയത് അടുത്തിടെയാണ്. സാധാരണ മാഗസിനിൽനിന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽനിന്നാണ് മാഗസിൻ എഡിറ്റർ എം.കെ. മുഹമ്മദ് സാബിത്ത് ഓഗ്മെൻറഡ് റിയാലിറ്റിയിലേക്കെത്തിയത്. കൂട്ടുകാരായ വി. മുഹമ്മദ് റാഷിക്, പി.വി. വിവേക്, അയാഷ് അബ്ദുല്ല, അഹമ്മദ് ജുനൈദ്, ഹാദി റഷാദ്, ജെ.എം. നിതിൻ എന്നിവർ സാങ്കേതിക ടീമായി ഒപ്പം നിന്നു. കൂടാതെ, മുൻ പ്രിൻസിപ്പൽ മഹേഷ് പാവങ്ങാട് ഉൾെപ്പടെയുള്ളവരുടെ പിന്തുണകൂടിയായതോടെ ഉത്സാഹമേറി. ഇന്ത്യയിൽ ചില കമേഴ്സ്യൽ മാസികകൾ മാത്രമാണ് ഇത്തരത്തിൽ ഒരുക്കിയിട്ടുള്ളതെന്നും കോളജ് മാഗസിനുകളിൽ ഇതാദ്യമായാണെന്നും സാബിത്ത് പറയുന്നു. പുസ്തകരൂപത്തിലും ആപ് രൂപത്തിലും കൂടാതെ https://magazine2k17.github.io എന്ന വെബ്പേജിലും മാഗസിൻ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.