കുടിയിറക്ക് ഭീഷണി: സര്‍വകക്ഷി സംഘം നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

മാനന്തവാടി: മൈനര്‍ സ്വത്തിന്‍െറ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച സര്‍വകക്ഷി സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തും. മന്ത്രിമാരായ രമേശ്ചെന്നിത്തല, അടൂര്‍ പ്രകാശ്, കെ.എം. മാണി എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.ജി. ബിജുവിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മന്ത്രി പി.കെ. ജയലക്ഷ്മിയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം അഡ്വ. ജനറലില്‍നിന്ന് നിയമോപദേശം തേടും. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമുണ്ടായില്ളെങ്കില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കേസ് നടത്തുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ സുദീപ്, അബൂബക്കര്‍ എന്നിവരുടെ വീടുകളിലേക്ക് ജനുവരി ആറിന് മാര്‍ച്ച് നടത്തും. വിദഗ്ധരുമായി കൂടിയാലോചന നടത്തും. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനന്തവാടി പഞ്ചായത്ത് പ്രസിഡന്‍റ് സില്‍വി തോമസ്, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, ബ്ളോക് പഞ്ചായത്ത് അംഗം ഷൈനി തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജേക്കബ് സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എം. നിഷാന്ത്, ഇ.കെ. രാമന്‍, ബി.ഡി. അരുണ്‍കുമാര്‍, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി പടയന്‍ മുഹമ്മദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.ജെ. ബാബു, കേരള കോണ്‍ഗ്രസ്-എം നിയോജക മണ്ഡലം പ്രസിഡന്‍റ് ജോസഫ് കളപ്പുര, ബി.ജെ.പി നിയോജക മണ്ഡലം കണ്‍വീനര്‍ സജി ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, യോഗത്തില്‍നിന്ന് സി.പി.എം വിട്ടുനിന്നു. കുടിയിറക്ക് ഭീഷണി ഏറ്റവും അധികം നേരിടുന്നത് തൃശ്ശിലേരി, തിരുനെല്ലി വില്ളേജുകളിലുള്ളവരാണ്. ഇവിടങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള സി.പി.എം യോഗത്തില്‍ പങ്കെടുക്കാത്തത് വിമര്‍ശത്തിനിടയാക്കിയിരുന്നു. തൃശ്ശിലേരി അനന്തോത്ത്കുന്ന് താമസിച്ചിരുന്ന പുഷ്കരാംബാള്‍ എന്ന സ്ത്രീ തന്‍െറ കൈവശമുണ്ടായിരുന 600 ഏക്കറോളം ഭൂമി പല സമയങ്ങളില്‍ വിറ്റിരുന്നു. മകന്‍ രാമകൃഷ്ണന്‍ മൈനറായിരിക്കുമ്പോഴാണ് വില്‍പന നടന്നത്. ഇയാള്‍ പ്രായപൂര്‍ത്തിയായതോടെ സ്വത്തിന് അവകാശവാദമുന്നയിച്ച് തലശ്ശേരി കോടതിയിലും ഹൈകോടതിയിലും കേസ് ഫയല്‍ ചെയ്യുകയും അനുകൂലവിധി നേടുകയും ചെയ്തു. വിധി നടപ്പാക്കിക്കിട്ടാന്‍ ബത്തേരി കോടതിയെ സമീപിക്കുകയും കോടതി സര്‍ക്കാറിന് ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഭൂമി ഒഴിപ്പിക്കാനത്തെിയ ഉദ്യോഗസ്ഥരെ കഴിഞ്ഞയാഴ്ച നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.