പുനരധിവാസം എന്ന മഹാമറിമായം

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൻെറ തെക്കൻ പ്രദേശമാണ് വലിയഴീക്കൽ. സൂനാമിക്ക് മുമ്പും ശേഷവും കടൽക്ഷോഭമുള്ള പ്രദേശം. മത്സ്യബന്ധനത്തിന് പോകുന്ന ആയിരക്കണക്കിന്  ആളുകളുടെ താമസം വലിയഴീക്കൽ കടൽത്തീരത്താണ്. അരക്കിലോമീറ്റ൪ കിഴക്കുമാറി കായലും. വേഗം തൊഴിലിനുപോകാനുള്ള സൗകര്യത്തിനാണ് കടൽക്ഷോഭം ഇടക്കിടെ ഉണ്ടാകുമെങ്കിലും മത്സ്യത്തൊഴിലാളികൾ ഇവിടത്തെന്നെ താമസിക്കുന്നത്. അഞ്ച് സെൻറ് മുതൽ അഞ്ചേക്ക൪ വരെ സ്ഥലസൗകര്യങ്ങൾ ഉള്ളവ൪ ഇവിടെയുണ്ട്.

സാമ്പത്തികമായി മികച്ചവരായിരുന്നു അധികവും. എല്ലാം ഒരു തിരയിളക്കത്തിൽ ഒലിച്ചുപോയെന്നു മാത്രം. സൂനാമിയിൽ വീടിനൊപ്പം സ്ഥലവും നഷ്ടപ്പെട്ട നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഇവിടെയുണ്ട്. ഇവ൪ക്കെല്ലാം സ൪ക്കാ൪ പുനരധിവാസം ഒരുക്കിയതാകട്ടെ കിലാമീറ്ററുകൾ ദൂരത്തിൽ ഒറ്റപ്പെട്ട തുരുത്തുകളിൽ. കൊല്ലം ജില്ലയിലെ അഴീക്കലും അവസ്ഥ മറിച്ചല്ല. മത്സ്യബന്ധനക്കാ൪ താമസിക്കുന്നു എന്നതിനേക്കാൾ വിനോദസഞ്ചാരികളുടെ ഒരു കേന്ദ്രം കൂടിയായിരുന്നു ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ തീരപ്രദേശം. ഇരു ജില്ലകളിലെയും ദുരന്തം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ജീവിതങ്ങളിലേക്ക്.

തറയിൽകടവിൽ ദേവരാജൻ മത്സ്യക്കച്ചവടത്തിനുപോയ സമയത്തായിരുന്നു സൂനാമിത്തിര ആഞ്ഞടിച്ചത്. ഭാര്യ അമ്മിണി മക്കളെ സുരക്ഷിതരായി കിഴക്കുള്ള ഭ൪തൃവീട്ടിലത്തെിച്ച് വീടിൻെറ രേഖകളും മറ്റും എടുക്കാൻ തിരികെ വന്നതായിരുന്നു. ആ൪ത്തലച്ചത്തെിയ തിര അവരെയും കൊണ്ടുപോയി. ആറുസെൻറിൽ പുതുതായിവെച്ച വീട്ടിൽ ദേവരാജനും അമ്മിണിയും ജീവിതം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. പിഞ്ചുകുട്ടികളോടൊപ്പം ജീവിതത്തിൽ ഒറ്റപ്പെട്ട ദേവരാജൻ മണിവേലിക്കടവിൽ സൂനാമി പദ്ധതിയിൽ നി൪മിച്ച ഇടിഞ്ഞുവീഴാറായ വീട്ടിൽ കഴിയുന്നു. പെരുമ്പള്ളി മേനാത്തേരിൽ അനിലിൻെറ ഭാര്യയും സൂനാമിയിൽ മരിച്ചതാണ്. മത്സ്യബന്ധനത്തൊഴിലാളിയായ അനിലിൻെറ ആകെ സ്വത്ത് എന്ന് പറയാൻ തീരത്തുള്ള 10 സെൻറ് സ്ഥലവും വീടും ആയിരുന്നു. തിര ആ൪ത്തിരമ്പുന്നതുകണ്ട് അനിലും സുജാതയും മക്കളെ ആദ്യം രക്ഷപ്പെടുത്തി. പിന്നീട് സാധനങ്ങൾ നോക്കാൻ വന്നപ്പോൾ രണ്ടുപേരും തിരയിൽപെടുകയായിരുന്നു. തെങ്ങിൻെറ ശിഖരത്തിൽപിടികിട്ടിയ അനിൽ രക്ഷപ്പെട്ടു. സുജാതയെ കടൽവിഴുങ്ങി. മക്കളോടൊപ്പം മണിവേലിക്കടവിലെ സൂനാമി കോളനിയിൽ താമസിക്കുകയാണ് അനിൽ.

തീരത്തെ ഒരു പ്രമാണിയായിരുന്നു കിടങ്ങിൽ കാ൪ത്തികേയൻ. സ്വന്തമായി കടയും ചെറുകിട ബിസിനസ് സംരംഭങ്ങളും ഉണ്ടായിരുന്നു. തീരപ്രദേശത്തുതന്നെ നിരവധി സ്ഥലവും കാ൪ത്തികേയനുണ്ടായിരുന്നു. സ്ഥലവും സാധനസാമഗ്രികളും ഒഴുകിപ്പോയതിനൊപ്പം താൻ ജീവനേക്കാളേറെ സ്നേഹിച്ച ഇളയ മകൾ കവിതയും മരണത്തിന് കീഴടങ്ങിയത് താങ്ങാനാവുന്നില്ളെന്ന് കാ൪ത്തികേയൻ പറയുന്നു. സൂനാമി കോളനിയിലെ വീട്ടിൽ താമസിക്കുകയാണ് കാ൪ത്തികേയനും കുടുംബവും.  കാട്ടിൽ പടീറ്റതിൽ സജുവിനും ഭാര്യ സജിതക്കും രണ്ട് ആൺമക്കളായിരുന്നു. മൂത്തമകൻ സജിത്തിനെ 14ാം വയസ്സിൽ സൂനാമി കൊണ്ടുപോയി. തൻെറ ഭാര്യയുടെ കണ്ണീ൪ ഇന്നും തോ൪ന്നിട്ടില്ളെന്ന് സജു.

 കളത്തിൽ ചിറയിൽ പ്രസാദിന് മൂന്നുവയസ്സുകാരി മകൾ ശ്രീനന്ദിനിയെയും അമ്മ പ്രഭാവതിയെയും സൂനാമിയിൽ നഷ്ടമായി. തറയിൽക്കടവ് കൈതേലത്ത് ഈശ്വരൻ ശുഭ ദമ്പതികൾക്ക് കടലിനോട് ഇന്നും കലിയാണ്. ആറ്റുനോറ്റിരുന്ന് കിട്ടിയ ഏകമകൾ അമൃതയെ സൂനാമിത്തിര വിഴുങ്ങുന്നത് നോക്കിനിൽക്കാനേ ഹതഭാഗ്യരായ ഈ അച്ഛനും അമ്മക്കും ആയുള്ളൂ. സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും ഇവ൪ക്ക് നഷ്ടമായി. പുത്തൻപറമ്പിൽ സജീവനെ സൂനാമി ശരിക്കും ജീവിതത്തിൽ ഒറ്റപ്പെടുത്തുകയായിരുന്നു. ഭാര്യ അനിമോളെയും രണ്ട് മക്കളെയുമാണ് സജീവന് സൂനാമിയിൽ നഷ്ടമായത്.

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ നാല്, അഞ്ച് വാ൪ഡുകളിലാണ് സൂനാമി തിരകൾ ഏറ്റവും കൂടുതൽ നാശംവിതച്ചത്. സ്രായിക്കാട് കടപ്പുറം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ജീവനഷ്ടം കൂടാതെ നൂറുകണക്കിന് വീടുകൾ ഇവിടെ ഒഴുകിപ്പോയി. മദ്രാസ് ഐ.ഐ.ടിയുടെ സാങ്കേതികപഠനം അനുസരിച്ച് ബാക്കി തീരങ്ങളിലെല്ലാം പുലിമുട്ട് സ്ഥാപിച്ചെങ്കിലും ഏറ്റും ദു൪ബലമായ സ്രായിക്കൽ തീരം മാത്രം തുറന്നുതന്നെ കിടക്കുന്നു. ഫലം എന്തെന്നാൽ, മറ്റ് ഭാഗത്തുള്ള തിരമാലകൾപോലും ഇവിടേക്ക് ശക്തിയായി ആഞ്ഞടിക്കുന്നു. ഇത്തരം തലതിരിഞ്ഞ നീക്കങ്ങൾക്കെതിരാണ് പ്രദേശവാസികൾ. സ്രായിക്കാട് പുലിമുട്ടില്ലാത്തതിനെതിരെ സുനാമി പത്താണ്ടുതികയുന്ന വേളയിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. അഴീക്കൽ പ്രദേശത്തുനിന്നും സൂനാമിയുടെ പേരിൽ പറിച്ചെറിയപ്പെട്ടവ൪ക്കും പറയാനുള്ളത് ദുരിതത്തിൻെറയും അധികാരിവ൪ഗത്തിൻെറ നിഗൂഢതന്ത്രത്തിൻെറയും കഥകൾ മാത്രം.

തീരജനതയെ തീരങ്ങളിൽനിന്ന് കുടിയിറക്കി കരിമണൽഖനനം സുഗമമാക്കാൻ സ൪ക്കാ൪ സൂനാമിയെ മറയാക്കിയെന്നാണ് ശ്രീകുമാ൪ പറയുന്നത്. കടലിൽ പണിയെടുത്തുജീവിക്കുന്ന ജനതയെ കിലോമീറ്ററുകൾ കിഴക്കുള്ള ചതുപ്പുകളിൽകൊണ്ടുപോയി തള്ളിയതിൻെറ ലക്ഷ്യം മറ്റൊന്നല്ളെന്ന് ഇവ൪ ഉറച്ചുവിശ്വസിക്കുന്നു. കൊല്ലം ജില്ലയില ക്ളാപ്പന, കരുനാഗപ്പള്ളി, കുലീശഖരപുരം എന്നിവിടങ്ങളിലായാണ് സൂനാമി പുനരധിവാസ കോളനി സ്ഥാപിച്ചിരിക്കുന്നത്. ഒരുകാലത്ത് പാമ്പിൻകാവുകളും ജനങ്ങൾ പോകാൻ ഭയപ്പെട്ടിരുന്നതുമായ പ്രദേശങ്ങൾ വിലകൊടുത്തുവാങ്ങിയാണ് സ൪ക്കാ൪ മൂന്ന് സെൻറ് വീതം ഇവ൪ക്കുപതിച്ചുനൽകിയത്. വീടിനുള്ള തുക ഇരകളുടെ കൈവശം കൊടുക്കാതെ നി൪മാണ ഏജൻസികൾക്ക് കൈമാറി. അവ൪ ചതുപ്പുനിലങ്ങൾ വാഴത്തണ്ടും മറ്റുമിട്ട് നികത്തി വീടുകൾ വെച്ച് വൻലാഭം കൊയ്തു. താമസിക്കാൻ എത്തിയപ്പോൾ മാത്രമാണ് തങ്ങൾ അകപ്പെട്ടിരിക്കുന്നത് സൂനാമിയേക്കാൾ വലിയ ഭീതിയിലാണെന്ന് ഇരകൾ മനസ്സിലാക്കിയത്. 

താമസിച്ചു തുടങ്ങും മുമ്പ് ഭിത്തികൾ വിണ്ടുകീറി മേൽക്കൂര ഇടിഞ്ഞുവീഴാൻ തുടങ്ങി. പല കോളനികളിലേക്കും എത്തിപ്പെടാൻവേണ്ട ഗതാഗത സൗകര്യങ്ങൾപോലും ഇല്ലായിരുന്നു. റോഡുകളും കാനകളും ജലലഭ്യതയും ഒന്നും വേണ്ടരീതിയിൽ ഒഴുക്കാതെ ശരിക്കും പുറംപോക്കിൽ കൊണ്ടുപോയി തള്ളിയതുപോലെയായി അവരുടെ ജീവിതം. അതിനാൽതന്നെ ദൂരപ്രദേശങ്ങളിൽ വീടുകിട്ടിയവരിൽ അധികവും കടൽകൊണ്ടുപോയി. ശേഷിച്ച പാതിവീടുകളിലത്തെി വീണ്ടും താമസം തുടങ്ങി. ബന്ധപ്പെട്ട വകുപ്പുകൾ ഇവരുടെ തിരിച്ചുവരവിനെക്കുറിച്ച് അന്വേഷിക്കാനോ വേണ്ട മാ൪ഗനി൪ദേശങ്ങൾ സ൪ക്കാറിലേക്ക് സമ൪പ്പിക്കാനോ ഇനിയും തയാറായിട്ടില്ല. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും മാറ്റിപ്പാ൪പ്പിക്കും എന്നായിരുന്നു സ൪ക്കാ൪ വാഗ്ദാനം. സ൪ക്കാറിന് മാതൃകാപരമായി പുനരധിവസിപ്പിക്കാനുള്ള ഫണ്ടും സൗകര്യങ്ങളും ഒക്കെയുണ്ടായിട്ടും തലതിരിഞ്ഞ നമ്മുടെ വ്യവസ്ഥിതി അതിനെല്ലാം തുരങ്കം വെക്കുകയായിരുന്നു.

എറണാകുളം ജില്ലയിലെ സൂനാമിപുനരധിവാസ അനുഭവവും മറിച്ചല്ല. വൈപ്പിൻ, എടവനക്കാട് പഞ്ചായത്തിലെ തെക്കേ അതി൪ത്തിയായ അനിയൽകടപ്പുറത്താണ് സുനാമി നാശം വിതച്ചത്. പിഞ്ചുകുഞ്ഞും സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേ൪ക്ക് ജില്ലയിൽ ജീവൻ നഷ്ടപ്പെട്ടു. നിരവധി വീടുകളും തക൪ന്നു. എന്നാൽ, തീരപ്രദേശത്ത് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പകരം ഫ്ളാറ്റുകളാണ് സ൪ക്കാ൪ വെച്ചുനൽകിയത്. അതും ദൂരെ നായരമ്പലം, കുഴുപ്പിള്ളി എന്നിവിടങ്ങളിൽ. സൂനാമി പുനരധിവാസത്തിൻെറ മറവിൽ ഫണ്ട് മറ്റ് പദ്ധതികൾക്കായി വകമാറ്റി വകയിരുത്തിയ അനുഭവങ്ങളും ഇവിടെയുണ്ട്. സൂനാമിയിൽ വള്ളവും വലയും അടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചവ൪ വിവിധ അപേക്ഷകൾ സമ൪പ്പിച്ചെങ്കിലും തുച്ഛമായ തുകയാണ് നഷ്ടപരിഹാരം ലഭിച്ചത്. അതുതന്നെ ദുരുപയോഗപ്പെടുത്തിയവരും ധാരാളം. ഒരു നഷ്ടവും സംഭവിക്കാത്തവ൪വരെ ഫണ്ടിൻെറ ആനുകൂല്യം പറ്റിയിട്ടുണ്ട്. ഒന്നിലധികം വീടുകൾ ലഭിച്ചവരും ഉണ്ട്. യഥാ൪ഥ ഇരകളുടെ കണ്ണീരിൻെറ ഉപ്പിലാണ് ഇവ൪ നേട്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഇതുകണ്ടത്തെി നടപടിയെടുക്കാൻപോലും ബന്ധപ്പെട്ടവ൪ക്കായിട്ടില്ല.

ഇത് തീരാനഷ്ടങ്ങളിലെ ഏതാനും ഏടുകൾ മാത്രം. നഷ്ടങ്ങളുടെ കണക്ക് എണ്ണിയാലൊടുങ്ങില്ല. ആൾനാശവും ധനനാശവും ഒരുപോലെ സംഭവിച്ച ഈ തീരജനതയോട് കടൽ ചെയ്തതിനേക്കാൾ ക്രൂരതയാണ് അധികാരി വ൪ഗവും ഉദ്യോഗസ്ഥരും ചെയ്തത്. വലിയഴീക്കൽ മുതൽ ആറാട്ടുപുഴ വരെയുള്ള സൂനാമി ബാധിതരെ പ്രദേശത്തിന് കിഴക്കുള്ള വിവിധ സ്ഥലങ്ങളിലായിട്ടാണ് സ൪ക്കാ൪ പുനരധിവസിപ്പിച്ചിരിക്കുന്നത്. പൂ൪ണമായും കടലുമായി ബന്ധപ്പെട്ട് തൊഴിൽ മാത്രം ചെയ്ത് ശീലിച്ച ഒരു ജനതയെയാണ് സൂനാമിയുടെ പേരുപറഞ്ഞ് അവരുടെ സ്വാഭാവിക ആവാസ സ്ഥാനത്തുനിന്ന് മാറ്റി, വഴിയും വെളിച്ചവുമില്ലാത്ത ഒറ്റപ്പെട്ട തുരുത്തുകളിൽ കൊണ്ടുപോയി പാ൪പ്പിച്ചിരിക്കുന്നത്. പ്രധാനമായും ഏഴു കോളനികളാണ് സ൪ക്കാ൪ സൂനാമി പുനരധിവാസത്തിനായി വലിയഴീക്കലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.

നമ്മുടെ കൃത്യനി൪വഹണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും തുറന്നുകാണിക്കാൻ ഇതിനേക്കാൾ മെച്ചപ്പെട്ട ഉദാഹരണങ്ങൾ ഇനി കേരളത്തിൽ ഉണ്ടായിട്ടുവേണം. സൂനാമിയുമായി ബന്ധപ്പെട്ട് കുറച്ചെങ്കിലും പ്രദേശവാസികൾക്ക് ഗുണമുണ്ടായത് വലിയഴീക്കൽ ആറാട്ടുപുഴ ഭാഗങ്ങളെ കായംകുളവുമായി ബന്ധിപ്പികുന്ന കൊച്ചീടെജെട്ടി പാലമാണ്. വഴിവിളക്കില്ളെങ്കിലും ഗതാഗതയോഗ്യമാണ് ഈ പാലം. ബാക്കി സൂനാമിയുടെ പേരിൽവന്ന പദ്ധതികളുടെയും നി൪മാണങ്ങളുടെയും അവസ്ഥ മനസാക്ഷിയുള്ളവനെ ഞെട്ടിക്കുന്നതാണ്. ഒരു വിജിലൻസിൻെറയും സി.ബി.ഐയുടെയും സഹായമില്ലാതെ ഒറ്റനോട്ടത്തിൽ കണ്ടത്തൊൻ കഴിയുന്നതാണ് ഇവിടുത്തെ അഴിമതിയുടെ ആഴം. സൂനാമി പുനരധിവാസത്തിനുവേണ്ടി പണിത കോളനികൾ കണ്ടാൽ മതിയാകും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ആഴം ബോധ്യമാകാൻ. സന്നദ്ധപ്രവ൪ത്തനത്തിന് വന്ന് കാര്യം നേടിപ്പോയ സംഘടനകൾ മുതൽ ചില പത്രസ്ഥാപനങ്ങൾ വരെ അഴിമതിയുടെ പങ്കുപറ്റി എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
(തുടരും)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.