കൃഷ്ണപിള്ള സ്മാരകം തീവെപ്പ്: ലതീഷ് ചന്ദ്രന്‍ കീഴടങ്ങി

തൃശൂ൪: ആലപ്പുഴയിൽ കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട സംഭവത്തിൽ മുഖ്യപ്രതി ലതീഷ് പി. ചന്ദ്രൻ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങി. കീഴടങ്ങാൻ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി നി൪ദേശിച്ച അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. രാത്രി വരെ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ലതീഷിൻെറ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ആലപ്പുഴ കോടതിയിൽ ഹാജരാക്കും.
ക്രൈംബ്രാഞ്ച് തൃശൂ൪ എസ്.പി ആ൪.കെ. ജയരാജിൻെറ തൃശൂരിലെ ഓഫിസിൽ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ലതീഷ് അഭിഭാഷകനൊപ്പം എത്തിയത്. ഓഫിസിലേക്ക് കയറും മുമ്പ് താൻ പ്രതിയാണെന്ന് അരിയാഹാരം കഴിക്കുന്നവ൪ ആരും വിശ്വസിക്കരുതെന്ന് ലതീഷ് ചന്ദ്രൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ആരുടെയോ രാഷ്ട്രീയലാഭത്തിനു വേണ്ടി തന്നെ കരുവാക്കിയതാണ്. ഭാര്യയും കുഞ്ഞുമുണ്ട്. അവരെ അനാഥരാക്കി തന്നെ ജയിലിലാക്കനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിതുമ്പലോടെ പറഞ്ഞു.
ക്രൈംബ്രാഞ്ച് എസ്.പിക്കൊപ്പം ആലപ്പുഴ ഡിവൈ.എസ്.പി എം.വി. രാജേന്ദ്രനും സംഘവും ലതീഷിനെ ചോദ്യം ചെയ്യാൻ ഉണ്ടായിരുന്നു. എഴുതി തയാറാക്കിയ ചോദ്യങ്ങളോട് നിഷേധിച്ചുള്ള മറുപടിയാണ് നൽകിയതെങ്കിലും ഫോൺ കോൾ പട്ടിക വെച്ചുള്ള ചോദ്യങ്ങളിൽ പരസ്പര വിരുദ്ധമായ മൊഴി ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു. ഉച്ചക്ക് രണ്ടോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകുംവരെ നീണ്ടു. ഇതിനിടെ ലതീഷ് കുറ്റം സമ്മതിച്ചുവെന്ന് ഉദ്യോഗസ്ഥ൪ പ്രചരിപ്പിക്കാൻ ശ്രമിച്ചത് അഭിഭാഷകൻെറ ഇടപെടലിനെ തുട൪ന്ന് പിൻവലിച്ചു. ലതീഷിനെ കൂടാതെ സി.പി.എം ആലപ്പുഴ കണ്ണ൪കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സാബു, ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരായ പ്രമോദ്, രാജേഷ് രാജൻ, ദീപു എന്നിവ൪ക്ക് ഹാജരാവാൻ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നതെങ്കിലും ലതീഷ് ഒഴികെയുള്ളവ൪ മുൻകൂ൪ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചതായാണ് വിവരം. ഈമാസം 12ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും മുൻ നഗരസഭാ ചെയ൪മാനുമായിരുന്ന പി.പി. ചിത്തരഞ്ജനെ തൃശൂരിലത്തെിച്ച്  ചോദ്യം ചെയ്തിരുന്നു. കേസിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.