അടിമാലി താലൂക്ക് ആശുപത്രി ഇനി കാമറക്കണ്ണില്‍

അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയില്‍ കാമറ സ്ഥാപിക്കുന്നു. ആശുപത്രി കേന്ദ്രീകരിച്ച് സംഘര്‍ഷങ്ങള്‍ പതിവായ സാഹചര്യത്തിലാണ് ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തില്‍ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ ആശുപത്രിയുടെ അകത്തും പുറത്തുമായി എട്ട് സി.സി.ടി.വി. കാമറകള്‍ സ്ഥാപിക്കും. ജോലികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. കാമറകള്‍ നിലവില്‍ വരുന്നതോടെ ആശുപത്രിയുടെ അകത്തും വളപ്പിനകത്തും നടക്കുന്ന കാര്യങ്ങള്‍ സൂപ്രണ്ടിന്‍െറ മുറിയില്‍ സ്ഥാപിക്കുന്ന സ്ക്രീനില്‍ കാണാം. കാമറയിലെ ദൃശ്യങ്ങള്‍ 45 ദിവസം വരെ റെക്കോഡ് ചെയ്ത് സൂക്ഷിക്കാം. ആവശ്യമായ എല്ലാ ഭാഗങ്ങളിലും കാമറകള്‍ സ്ഥാപിക്കാന്‍ എട്ടുലക്ഷം രൂപ ചെലവാകുമെന്ന് കെല്‍ട്രോണ്‍ അറിയിച്ചു. ഫണ്ടിന്‍െറ അപര്യാപ്തത മൂലം കൂടുതല്‍ പ്രശ്നസാധ്യതയുള്ള മേഖലകളില്‍ മാത്രമാണ് സ്ഥാപിക്കുന്നത്. സര്‍ക്കാറിന്‍െറ രാഷ്ട്രീയ സ്വാസ്ത്യ ഭീമാ യോജന (ആര്‍.എസ്.ബി.വൈ) പദ്ധതിയില്‍പ്പെടുത്തിയാണ് 97,000 രൂപ മുടക്കി ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നത്. തൊടുപുഴയിലെ സ്വകാര്യ ഏജന്‍സിക്കാണ് ചുമതല. ഒരുവര്‍ഷത്തിനിടെ ചെറുതും വലുതുമായ അരഡസനോളം അക്രമസംഭവങ്ങള്‍ ആശുപത്രി കേന്ദ്രീകരിച്ച് നടിന്നു. കഴിഞ്ഞ ദിവസം മൂന്നാര്‍ കോളജില്‍ നടന്ന കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയായി താലൂക്ക് ആശുപത്രിയില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അനിഷ്ടസംഭവങ്ങള്‍ രോഗികള്‍ക്ക് ദുരിതമായി മാറിയതോടെയാണ് കാമറ സ്ഥാപിക്കാനുള്ള തീരുമാനമെന്ന് സൂപ്രണ്ട് ഡോ. ബിജോയി കുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.