ന്യൂഡൽഹി: ഇന്ത്യ ഇനി യുദ്ധക്കപ്പൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലും. ഇതാദ്യമായി ഇന്ത്യയിൽ രുപകൽപന ചെയ്ത് നി൪മിച്ച ആദ്യ യുദ്ധക്കപ്പൽ മറ്റൊരു രാജ്യത്തിന് വിൽക്കാൻ തയാറായി. യുദ്ധക്കപ്പലാണെങ്കിലും വലുപ്പത്തിൽ ഇത് പക്ഷേ അത്ര വലുതല്ല. 75x15 അടി വലുപ്പമുള്ള 20 നാവിക൪ക്ക് മാത്രം യാത്ര ചെയ്യാവുന്ന തീര സംരക്ഷണ സേനാക്കപ്പലാണ് പൂ൪ത്തിയായത്. മൗറീഷ്യസാണ് 350 കോടി രൂപക്ക് ഈ കപ്പൽ വാങ്ങിയത്. 10 ദിവസത്തിനകം ഇതു കൈമാറും.
ബരാക്കുദാ എന്ന പേരിൽ കൊൽക്കത്ത കേന്ദ്രമായ ഗാ൪ഡൻ റീച് ഷിപ് ബിൽഡേഴ്സാണ് കപ്പൽ രൂപകൽപന ചെയ്ത് നി൪മിച്ചത്. ശ്രീലങ്കക്കുവേണ്ടി രണ്ട് കപ്പലുകൾ കൂടി പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഗോവ കപ്പൽ നി൪മാണശാലയിൽ നി൪മിക്കുന്നുണ്ട്. തിരച്ചിൽ, രക്ഷാ പ്രവ൪ത്തനങ്ങൾക്കും നിരീക്ഷണത്തിനുമാവും ബരാക്കുദാ മൗറീഷ്യസ് പ്രയോജനപ്പെടുത്തുക. കപ്പലുകളിൽനിന്നും മറ്റുമുള്ള എണ്ണ തുളുമ്പൽ കൈകാര്യം ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.
നാവിക സേനക്കാവശ്യമായ കപ്പലുകളുടെ നി൪മാണത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യക്ക് ഈ രംഗത്തുണ്ടായ നി൪ണായക വഴിത്തിരിവാണിത്. നേരത്തേ മുങ്ങിക്കപ്പലുകൾ വിദേശത്തുനിന്ന് വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സ൪ക്കാ൪ വിദേശ പങ്കാളിത്തത്തോടെ തദ്ദേശീയമായി മുങ്ങിക്കപ്പൽ നി൪മിക്കാൻ കഴിയുന്ന കപ്പൽ നി൪മാണശാല ഏതാണെന്ന് നി൪ദേശിക്കാൻ നാവികസേനയോട് ആവശ്യപ്പെട്ടിരുന്നു.
അറ്റ്ലാൻറിക് സമുദ്രത്തിലെ പ്രവേശ കവാടം കൂടിയാണ് മൗറീഷ്യസിൻെറ കടൽ എന്നിരിക്കെ, കപ്പൽകൊള്ള, കള്ളക്കടത്ത് തുടങ്ങിയവ തടയുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നി൪ണായക സഹകരണം കൂടിയാണ് കരാ൪ വഴി ഇന്ത്യ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.