തിരുവനന്തപുരം: കെ.എസ്.ആ൪.ടി.സി യാത്രക്കാ൪ക്ക് 14 രൂപക്കു മുകളിലുള്ള ടിക്കറ്റുകളിൽ സെസ് ഏ൪പ്പെടുത്തുന്നതടക്കം വ്യവസ്ഥകളുള്ള 2014ലെ കേരള സംസ്ഥാന റോഡ് ട്രാൻസ്പോ൪ട്ട് കോ൪പറേഷൻ ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. യാത്രക്കാ൪ക്കുള്ള വ്യക്തിപര അപകട സമൂഹ ഇൻഷുറൻസ്, യാത്രക്കാ൪ക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ, ജീവനക്കാരുടെ സാമൂഹികസുരക്ഷ എന്നിവക്കും ബില്ലിൽ വ്യവസ്ഥയുണ്ട്. 14 രൂപവരെയുള്ള ടിക്കറ്റുകൾക്ക് സെസ് ഉണ്ടാകില്ല. 15 മുതൽ 24 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് ഒരു രൂപയായിരിക്കും സെസ്.
25 മുതൽ 49 രൂപ വരെ രണ്ടു രൂപയും 50 മുതൽ 74 വരെ മൂന്നു രൂപയും 75 മുതൽ 99 രൂപ വരെ നാലും 100 രൂപയും അതിന് മുകളിലുമുള്ള ടിക്കറ്റുകൾക്ക് 10 രൂപയും സെസ് ഏ൪പ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. കെ.എസ്.ആ൪.ടി.സിയുടെ ഫണ്ട് ഉപയോഗിച്ച് യാത്രക്കാ൪ക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ബിൽ കൊണ്ടുവരുന്നതെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞു.
കോ൪പറേഷൻെറ സേവനത്തിൽനിന്ന് വിരമിച്ചതോ വിരമിക്കാനിരിക്കുന്നതോ ആയ ജീവനക്കാ൪ക്കുകൂടി സാമൂഹികസുരക്ഷാ നടപടികൾ വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ഒക്ടോബ൪ 16ന് ഓ൪ഡിനൻസ് പുറപ്പെടുവിച്ചിരുന്നു. പ്രതിവ൪ഷം 160 കോടി രൂപ സെസ് ഇനത്തിൽ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന തുക ആദ്യം സംസ്ഥാനത്തിൻെറ സഞ്ചിതനിധിയിലേക്ക് വരവുവെക്കും. തുക പിന്നീട് മൂന്നു മാസം കൂടുമ്പോൾ സഞ്ചിതനിധിയിൽനിന്ന് കോ൪പറേഷൻെറ ഫണ്ടിലേക്ക് സ൪ക്കാ൪ നൽകണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.