തിരുവമ്പാടി: 25 ഓളം കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ വീണ്ടും ക്വാറികള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം. മലകളും പാറക്കൂട്ടങ്ങളും സമ്പന്നമായ ഗ്രാമ പഞ്ചായത്തില്‍ അനിയന്ത്രിതമായ കരിങ്കല്‍ ഖനനമാണ് നടക്കുന്നത്. 12ഓളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന കൂമ്പാറ മേഖലയില്‍ പുതിയ ക്വാറിക്ക് നീക്കം ആരംഭിച്ചിട്ടുണ്ട്. കല്‍പിനിയില്‍ പുതിയ ക്രഷര്‍ തുടങ്ങാനും ശ്രമങ്ങളുണ്ട്. ഒരു ക്വാറിയുടെ മറവില്‍ കൂടുതല്‍ പാറമടകളില്‍ ഖനനം നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. വ്യാപകമായ പ്രകൃതി ചൂഷണം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിതിലോല മേഖലയാണ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്. മുമ്പ് പല തവണ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളാണ് കൂടരഞ്ഞിയിലെ മലയോരം. കൂടരഞ്ഞിയിലെ പൂവാറംതോട്, മഞ്ഞക്കടവ്, കക്കാടംപൊയില്‍, കൂമ്പാറ പ്രദേശങ്ങള്‍ മണ്ണിടിച്ചില്‍ സാധ്യത മേഖലയാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ പലതും അനധികൃതമാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും സ്വാധീനിച്ചാണ് ക്വാറി ലോബി നാട്ടുകാരുടെ എതിര്‍പ്പിനെ അതിജീവിക്കുന്നത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗങ്ങളിലെ പ്രധാന അജണ്ടയായി ക്വാറികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാറിയതായി വിമര്‍ശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.