സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശുചിത്വ-മാലിന്യ സംസ്കരണ സംവിധാനം വേണം

കണ്ണൂര്‍: ആറളം വന്യജീവി സങ്കേതത്തിലും പുനരധിവാസ മേഖലയിലും വന്യജീവി ആക്രമണം തടയാന്‍ മൂന്ന് കിലോ മീറ്റര്‍ ദൂരം വേലിയും ട്രഞ്ചും നിര്‍മിക്കാന്‍ മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചതായി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. വന്യജീവി ശല്യം രൂക്ഷമായതിനെക്കുറിച്ച് യോഗത്തില്‍ ജനപ്രതിനിധികള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി സംബന്ധിച്ച് യോഗത്തില്‍ അറിയിച്ചത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫിസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ശുചിത്വപൂര്‍ണമാക്കാന്‍ എല്ലാ ജീവനക്കാരോടും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എല്ലായിടത്തും മാലിന്യ നീക്കത്തിനും സംസ്കരണത്തിനും സംവിധാനങ്ങള്‍ ഒരുക്കാനും ഓഫിസുകള്‍ ശുചിയായി പരിപാലിക്കാനും ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ നിര്‍ദേശിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയാണ് പ്രമേയം അവതരിപ്പിച്ചത്. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പിന്താങ്ങി. ജില്ലയിലെ അപകട മേഖലകളായ സ്ഥലങ്ങളില്‍ റോഡ് വീതി കൂട്ടി അപകടങ്ങള്‍ കുറക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് ദേശീയപാത, പൊതുമരാമത്ത് വിഭാഗങ്ങളോട് കലക്ടര്‍ നിര്‍ദേശിച്ചു. റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് ഇതിനായി തുക കണ്ടത്തെണമെന്നും കലക്ടര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജിനടുത്ത് ബസ്ബേ നിര്‍മിക്കാനും ഒരുകിലോമീറ്റര്‍ ദൂരം റോഡ് വീതികൂട്ടാനും പ്രത്യേകം എസ്റ്റിമേറ്റ് തയാറാക്കിയതായി ദേശീയപാത വിഭാഗം അറിയിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മാലിന്യ പ്രശ്നം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് നടപടി കൈക്കൊള്ളാന്‍ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയോട് ആവശ്യപ്പെടും. എം.എല്‍.എ ഫണ്ടില്‍ നിന്ന് ശിപാര്‍ശ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായി എം.എല്‍.എമാരായ കെ.കെ നാരായണന്‍, അഡ്വ. സണ്ണി ജോസഫ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളായ കക്കാട് പുഴ, പടന്നത്തോട്, ആനക്കുളം, ചെട്ടിയാര്‍കുളം എന്നിവ മാലിന്യവിമുക്തമാക്കി സംരക്ഷിക്കാന്‍ ജനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. ഇരിട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സ്ഥലം വിട്ടുനല്‍കുന്നതില്‍ പഴശ്ശി പ്രോജക്ട് അധികൃതര്‍ വിമുഖത കാട്ടുന്നതായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. ജില്ലാ പ്ളാനിങ് ഓഫിസര്‍ അജയകുമാര്‍ മീനോത്ത്, അസി. കലക്ടര്‍ ഹരിത വി. കുമാര്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍ മുരളീധരന്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:08 GMT