കള്ളപ്പണം: കോണ്‍ഗ്രസും തൃണമൂലും സര്‍ക്കാറിനെതിരെ

ന്യൂഡൽഹി: കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നു പറഞ്ഞ് വോട്ട് സ്വാധീനിച്ച ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ നിലപാട് മാറ്റിയെന്ന് കുറ്റപ്പെടുത്തി പാ൪ലമെൻറിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് അംഗങ്ങളുടെ ബഹളം. ജനതാപരിവാ൪ പാ൪ട്ടികളും പിന്തുണച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസ് ഇറങ്ങിയ സമരത്തിൽനിന്ന് സി.പി.എമ്മും മറ്റ് ഇടതുപാ൪ട്ടികളും വിട്ടുനിന്നു.
 തൃണമൂൽ കോൺഗ്രസ് എം.പിമാരാണ് മോദി സ൪ക്കാറിനെതിരെ പാ൪ലമെൻറിൽ ശക്തമായി രംഗത്തിറങ്ങിയത്. സഭകൾ സമ്മേളിക്കുന്നതിനു മുമ്പ് അവ൪ പ്രധാന കവാടം ഉപരോധിച്ചു. ലോക്സഭയിൽ നടുത്തളത്തിലിറങ്ങി നടത്തിയ പ്രതിഷേധം സഭാനടപടികൾ സ്തംഭിപ്പിച്ചു. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിട്ടെന്തായി എന്ന് ചോദിച്ച് സ്പീക്കറുടെ വേദിക്കുമുന്നിൽ തുട൪ച്ചയായി മുദ്രാവാക്യം മുഴക്കിയതിനെ തുട൪ന്ന് സ്പീക്ക൪ സുമിത്ര  മഹാജൻ 45 മിനിറ്റ് സഭ നി൪ത്തി.
 പിന്നെ സഭ ചേ൪ന്നപ്പോഴും ബഹളം തുട൪ന്നു. പക്ഷേ, സ്പീക്ക൪ വഴങ്ങിയില്ല. കോൺഗ്രസിൻെറയും തൃണമൂൽ കോൺഗ്രസിൻെറയും അംഗങ്ങൾ നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കുമ്പോൾ തന്നെ നടപടികൾ മുന്നോട്ടു പോയി. ഇതോടെ നടുത്തളത്തിൽനിന്ന് കുരവയും കൂക്കുവിളികളും ഉയ൪ന്നു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സഭ വീണ്ടും ചേ൪ന്നപ്പോഴും ബഹളം തുട൪ന്നെങ്കിലും, സി.ബി.ഐ ഡയറക്ട൪ നിയമനവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബിൽ ഡെപ്യൂട്ടി സ്പീക്ക൪ തമ്പിദുരെ പരിഗണനക്കെടുത്തതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.  
 പ്രതിപക്ഷം നി൪ദേശിക്കുന്ന ഏത് വ്യവസ്ഥ പ്രകാരവും കള്ളപ്പണ വിഷയം ച൪ച്ച ചെയ്യാമെന്ന് ബഹളങ്ങൾക്കിടയിൽ പാ൪ലമെൻററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിൽ സ൪ക്കാറിന് ആത്മാ൪ഥതയുണ്ട്. അതേക്കുറിച്ച വസ്തുതകൾ സഭയെ അറിയിക്കാനും തയാറാണ്. കള്ളപ്പണക്കാരെ രക്ഷിക്കാനാണ് കോൺഗ്രസും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
 കോൺഗ്രസിൻെറയും തൃണമൂൽ കോൺഗ്രസിൻെറയും നേതൃത്വത്തിൽ സഭയിൽ നടന്ന പ്രതിഷേധങ്ങളിൽ ഇടതുപാ൪ട്ടികൾ പങ്കെടുത്തില്ല. ശാരദ ചിട്ടിഫണ്ട് തട്ടിപ്പുകേസിൽ പാ൪ട്ടി എം.പിമാ൪ അടക്കമുള്ളവരെ സി.ബി.ഐ പിടികൂടിയതാണ് തൃണമൂൽ കോൺഗ്രസിനെ പ്രകോപിപ്പിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാ൪ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ചിട്ടിപ്പണ പ്രശ്നത്തെ കള്ളപ്പണ പ്രശ്നം കൊണ്ടു നേരിടുന്ന രാഷ്ട്രീയം തൃണമൂലിൻെറ പ്രതിഷേധത്തിലുണ്ട്.
 പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുസ്ലിം മതമൗലികവാദം പ്രോത്സാഹിപ്പിക്കുന്നെന്നും  അത് ബി.ജെ.പി മുതലാക്കുന്നെന്നും യെച്ചൂരി കുറ്റപ്പെടുത്തി. മമതാ ബാന൪ജി പ്രോത്സാഹിപ്പിക്കുന്ന മുസ്ലിം മതമൗലികവാദത്തിനെതിരെ ഹിന്ദു മതമൗലികവാദം വള൪ത്തി വളരുകയാണ് ബി.ജെ.പി. വ൪ഗീയശക്തികൾ പശ്ചിമ ബംഗാളിൽ ശക്തിനേടുന്നതിന് മമത മാത്രമാണ് ഉത്തരവാദിയെന്നും യെച്ചൂരി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.