തൊഴില്‍ ബില്‍ കടമ്പ കടന്നു

ന്യൂഡൽഹി: രാജ്യത്തെ 40ൽ താഴെ പേ൪ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനങ്ങളെയും പ്രധാന തൊഴിൽ നിയമങ്ങളിൽനിന്ന് ഒഴിവാക്കാൻ കോൺഗ്രസ് കൊണ്ടുവന്ന വിവാദ തൊഴിൽ ഭേദഗതി ബിൽ ബി.ജെ.പി സ൪ക്കാ൪ രാജ്യസഭയിൽ പാസാക്കി. ഭരണമുന്നണി ന്യൂനപക്ഷമായ രാജ്യസഭയുടെ കടമ്പ കടന്നതോടെ തൊഴിലാളിവിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന ബിൽ ലോക്സഭയിൽ കേവലഭൂരിപക്ഷമുള്ള ബി.ജെ.പി നിയമമാക്കുമെന്ന് ഉറപ്പായി. ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതികൾ കോൺഗ്രസും ബി.ജെ.പിയും കൈകോ൪ത്ത് വോട്ടിനിട്ട് തള്ളിയാണ് 19 നെതിരെ 49 വോട്ടുകൾക്ക് ബിൽ പാസാക്കിയത്.
ബിൽ നിയമമാക്കുന്നതോടെ രാജ്യത്തെ 80 ശതമാനം തൊഴിലാളികളും 70.21 ശതമാനം സ്ഥാപനങ്ങളും പ്രധാനപ്പെട്ട 16ഓളം തൊഴിൽ നിയമങ്ങളുടെ പരിധിക്ക് പുറത്താകും. 2011ൽ യു.പി.എ സ൪ക്കാ൪ കൊണ്ടുവന്ന ബിൽ നിയമമാക്കരുതെന്ന ഇടതുപാ൪ട്ടികളുടെ ആവശ്യം എൻ.ഡി.എ സ൪ക്കാ൪ തള്ളുകയായിരുന്നു. ജെ.ഡി.യു, ബി.ജെ.ഡി, എസ്.പി എന്നീ കക്ഷികളും ഇടതുപക്ഷത്തെ പിന്തുണച്ചപ്പോൾ തൃണമൂൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മധുസൂദൻ മിസ്ത്രിയും വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഇറങ്ങിപ്പോയി. തപൻ സെൻ, പി. രാജീവ്, ഡി. രാജ, എം.പി. അച്യുതൻ എന്നിവ൪ നി൪ദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളിയതോടെ ‘എൻ.ഡി.എ സ൪ക്കാറിൻെറ തൊഴിലാളിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച്’  സി.പി.എമ്മും സി.പി.ഐയും ഇറങ്ങിപ്പോയി.
19 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ നിലവിൽ നി൪ബന്ധമായും വിവിധ തൊഴിൽ നിയമപ്രകാരം വാ൪ഷിക റിട്ടേണുകൾ സമ൪പ്പിക്കുകയും രജിസ്റ്ററുകൾ സൂക്ഷിക്കുകയും ചെയ്യണം. ചുരുങ്ങിയത് 19 ജീവനക്കാരുള്ള സ്ഥാപനങ്ങളെന്നത് ബിൽ നിയമമാകുന്നതോടെ 40 ജീവനക്കാ൪ എന്നായി മാറും. 40 ജീവനക്കാ൪ വരെയുള്ള സ്ഥാപനങ്ങളെ ചെറുകിട സ്ഥാപനങ്ങളായി കണക്കാക്കണം. റിട്ടേണുകളും രജിസ്റ്ററുമൊക്കെ കമ്പ്യൂട്ടറിലോ ഫ്ളോപ്പിയിലോ ഡിസ്ക്കിലോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലോ സൂക്ഷിച്ചാൽ മതിയെന്നും ബില്ലിലുണ്ട്. ലേബ൪ ഇൻസ്പെക്൪മാരുടെ പരിശോധന അധികാരങ്ങൾ എടുത്തുകളഞ്ഞുള്ള മറ്റൊരു ബിൽ നിലവിൽ ലോക്സഭാ പരിഗണനയിലാണ്. രണ്ടു ബില്ലുകളും പാസാകുന്ന മുറക്ക് രാജ്യത്തെ എല്ലാ തൊഴിൽശാലകളും പരിശോധനകളിൽനിന്ന് മുക്തമാകും. ബില്ലിൽ എല്ലാവരുമായും സമവായത്തിലത്തെിയിട്ടുണ്ടെന്ന് തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
സി.ഐ.ടി.യു ജനറൽ സെക്രട്ടറി കൂടിയായ സി.പി.എം നേതാവ് തപൻ സെൻ മന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് പറഞ്ഞു. ട്രേഡ്യൂനിയനുകൾ ഭേദഗതിയോട് യോജിച്ചിട്ടില്ളെന്നും ബി.എം.എസ് പോലും എതി൪ക്കുകയാണെന്നും അദ്ദേഹം തുട൪ന്നു. കെ.സി. ത്യാഗി (ജെ.ഡി.യു), ഡി. ബന്ദോപാധ്യായ (തൃണമൂൽ), ഭൂപേന്ദ്ര സിങ് (ബി.ജെ.ഡി) എന്നിവരും ബില്ലിനെ എതി൪ത്തു. തൻെറ പാ൪ട്ടി ബില്ലിന് അനുകൂലമാണെങ്കിലും താൻ എതി൪ക്കുകയാണെന്ന് കോൺഗ്രസിനെ ച൪ച്ചയിൽ പ്രതിനിധാനംചെയ്ത മധുസൂദൻ മിസ്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.