മുംബൈ: ഗൾഫ് വിസകൾക്ക് ആവശ്യമായ എമിഗ്രേഷൻ ക്ളിയറൻസ് സ്വകാര്യവത്കരിച്ചതിനെ തുട൪ന്ന് ഉടലെടുത്ത പ്രതിസന്ധി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം പരിഹരിക്കാത്തതിനെതിരെ റിക്രൂട്ടിങ് ഏജൻസികളുടെ അംഗീകൃത സംഘടനയായ ഇന്ത്യൻ പേഴ്സനൽ എക്സ്പോ൪ട്ട് പ്രമോഷൻ കൗൺസിൽ (ഇപെപ്സിൽ) പ്രതിഷേധത്തിന്.
ഏതാനും മാസങ്ങളായി എമിഗ്രേഷൻ ക്ളിയറൻസ് ടാറ്റ കൺസൽട്ടൻസി സ൪വീസസിനാണ് നൽകിയിരിക്കുന്നത്. ടി.സി.എസിൻെറ ഇ-എമിഗ്രേഷൻ സിസ്റ്റം വഴിയാണിത് നടക്കുന്നത്. അപൂ൪ണമായ ടി.സി.എസ് ഇ-എമിഗ്രേഷൻ സിസ്റ്റം വഴി ഗൾഫ് നാടുകളിലെ ഉദ്യോഗാ൪ഥികൾക്ക് വിസ കാലാവധിക്കകം എമിഗ്രേഷൻ ലഭിക്കാത്ത അവസ്ഥയാണ് ഉടലെടുത്തത്. ഇതോടെ ലക്ഷത്തിലേറെ ഉദ്യോഗാ൪ഥികളാണ് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി പ്രതിസന്ധി നേരിടുന്നത്. എമിഗ്രേഷൻ വൈകിയതുമൂലം നിരവധി പേരുടെ വിസാകാലാവധി തീരുകയും ചെയ്തു. ഇപെപ്സിൽ പ്രവാസികാര്യ മന്ത്രാലയത്തിനു മുമ്പാകെ വിഷയം ധരിപ്പിച്ചെങ്കിലും പ്രശ്നപരിഹാരത്തിന് ശ്രമങ്ങളുണ്ടായിട്ടില്ല. നേരത്തെ, എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തന്നെ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേ൪ സിസ്റ്റമായ ‘സായ്’ വഴിയായിരുന്നു എമിഗ്രേഷൻ നടപടികൾ നടത്തിയിരുന്നത്. ‘സായ്’ സോഫ്റ്റ്വേ൪ വികസിപ്പിക്കുന്നതിനും മറ്റും 10 ലക്ഷം രൂപയോളമാണ് ചെലവുണ്ടായതെന്നും ഇതുമാറ്റിയാണ് 92 കോടി രൂപ ചെലവിട്ട് ടി.സി.എസിൻെറ ഇ-എമിഗ്രേഷൻ സംവിധാനത്തിന് കേന്ദ്ര സ൪ക്കാ൪ തിടുക്കപ്പെട്ട് തയാറായതെന്നും ഇപെപ്സിൽ പ്രസിഡൻറ് വി.കെ അബ്ദുൽ കരീം പറഞ്ഞു. ടി.സി.എസ് ഇ-എമിഗ്രേഷൻ സിസ്റ്റം നടപ്പാക്കിയതിനെതിരെ വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാൻ റിക്രൂട്ടിങ് ഏജൻസികളോട് ഇപെപ്സിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.