ഭാഷാ അധ്യാപക നിയമനങ്ങള്‍ക്ക് ഇനി ഒബ്ജക്ടീവ് പി.എസ്.സി പരീക്ഷ

ചെറുവത്തൂ൪ (കാസ൪കോട്): സംസ്ഥാനത്തെ സ൪ക്കാ൪ വിദ്യാലയങ്ങളിലും കോളജുകളിലും ഭാഷാ അധ്യാപകരെ നിയമിക്കുന്നതിനുള്ള പി.എസ്.സി പരീക്ഷ ഇനിമുതൽ ഒബ്ജക്ടീവ് ടൈപ് മാതൃകയിൽ മാത്രം. അധ്യാപക നിയമനങ്ങൾക്ക് വിവരണാത്മക പരീക്ഷ നടത്തേണ്ടെന്ന് പി.എസ്.സി തീരുമാനിച്ചു.
ഒ.എം.ആ൪ പരീക്ഷയുടെ അടിസ്ഥാനത്തിലാകും ഇനിമുതൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക തയാറാക്കുക. ഇവരിൽനിന്ന് അഭിമുഖം നടത്തിയശേഷം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഹൈസ്കൂൾ, കോളജ്, ഹയ൪സെക്കൻഡറി തലങ്ങളിൽ അധ്യാപക നിയമനങ്ങൾക്ക് ഇനി വിവരണാത്മക പരീക്ഷാ സംവിധാനം ഉണ്ടാകില്ല.
ഭാഷാ അധ്യാപക തസ്തികകളിലേക്കുള്ള പരീക്ഷകൾ രണ്ടുഘട്ടങ്ങളിലായി നടത്താനാണ് പി.എസ്.സി തീരുമാനിച്ചിരുന്നത്. വ൪ഷങ്ങളായി ഈ വിധത്തിലായിരുന്നു പരീക്ഷ.
ആദ്യഘട്ടം ഒ.എം.ആ൪ രീതിയിലും രണ്ടാംഘട്ടം വിവരണാത്മക രീതിയിലുമാണ്. ഒ.എം.ആ൪ പരീക്ഷയിൽ നിശ്ചിത മാ൪ക്ക് നേടുന്നവരെ മാത്രമേ വിവരണാത്മക പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുള്ളൂ. വിവരണാത്മക പരീക്ഷ, അധിക യോഗ്യത, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നത്.
തത്ത്വത്തിൽ ഒ.എം.ആ൪ പരീക്ഷ നന്നായി എഴുതുന്നവ൪പോലും വിവരണാത്മക പരീക്ഷയിൽ പതറിയാൽ റാങ്ക് ലിസ്റ്റിൽനിന്ന് പുറത്താകുമെന്നതാണ് സ്ഥിതി. പരീക്ഷാ പേപ്പ൪ മൂല്യനി൪ണയം ചെയ്യുന്നവരുടെ മാനസിക നിലക്കനുസരിച്ച് വിവരണാത്മക പരീക്ഷയുടെ മാ൪ക്കുകൾ വ്യത്യാസപ്പെടുമെന്നതിനാൽ നന്നായി പരീക്ഷ എഴുതുന്നവ൪ക്കുപോലും ചിലപ്പോൾ റാങ്ക് ലിസ്റ്റിൽ കയറിക്കൂടാൻ സാധിക്കാറില്ല. ഇത് വ്യാപക പരാതിക്കിടയാക്കിയ സാഹചര്യത്തിലാണ് ഭാഷാ അധ്യാപക നിയമനങ്ങൾക്ക് ഒ.എം.ആ൪ എന്ന ഒറ്റഘട്ട പരീക്ഷ മാത്രമാക്കി മാറ്റാൻ പി.എസ്.സി തീരുമാനിച്ചത്.
നടക്കാനിരിക്കുന്ന ഹൈസ്കൂൾ അസിസ്റ്റൻറ് പരീക്ഷക്ക് ഉൾപ്പെടെ വിവരണാത്മക രീതിയുണ്ടാകുമെന്ന് നേരത്തേ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. കമ്പ്യൂട്ടറിൻെറ സഹായത്തോടെ ഒ.എം.ആ൪ പരീക്ഷയുടെ മൂല്യനി൪ണയം എളുപ്പം നടത്താൻ സാധിക്കുമെങ്കിലും വിവരണാത്മക പരീക്ഷയുടെ മൂല്യനി൪ണയം വൈകാറാണ് പതിവ്.
ആവശ്യത്തിന് അധ്യാപകരെ ലഭിക്കാത്തതും മറ്റും മൂല്യനി൪ണയത്തിൻെറ സമയക്രമത്തെ ബാധിക്കുകയും ചെയ്തു. ഇതുമൂലം റാങ്ക് ലിസ്റ്റുകൾ പലപ്പോഴും വൈകി മാത്രമേ പ്രസിദ്ധീകരിക്കാനും സാധിക്കാറുള്ളൂ.
സാമൂഹികശാസ്ത്ര-ശാസ്ത്ര വിഷയങ്ങളിൽ ഒ.എം.ആ൪ പരീക്ഷ, അഭിമുഖം എന്നിവ മാത്രം നടത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഇതേ മാതൃകയിൽ ഭാഷാ വിഷയങ്ങൾക്കും പരീക്ഷ നടത്തുക വഴി റാങ്ക് ലിസ്റ്റുകൾ വേഗത്തിൽ പ്രസിദ്ധീകരിക്കുമെന്ന സന്തോഷത്തിലാണ് ഉദ്യോഗാ൪ഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.