ന്യൂഡൽഹി: മെയ്യനങ്ങി സ൪ക്കാ൪ ജോലിചെയ്യാനുള്ള മടിയാണ് പുതിയ വിവാദ പുരുഷൻ രാംപാലിനെ ആൾദൈവമാക്കി മാറ്റിയത്. ഹരിയാന സോനിപ്പത്തിലെ ക൪ഷക കുടുംബത്തിൽ 1951ൽ ജനിച്ച രാംപാൽ ഇലക്ട്രോണിക്സിൽ ഡിപ്ളോമ നേടി ഹരിയാന ജലസേചന വകുപ്പിൽ ജൂനിയ൪ എൻജിനീയറായി ജോലിക്കു കയറി. ജോലിയിൽ താൽപര്യം തുലോം കുറവായിരുന്നു. ഇതിൻെറ പേരിൽ പിരിച്ചുവിടപ്പെട്ടു. എന്നാൽ,18 വ൪ഷത്തെ സേവനത്തിനു ശേഷം ആത്മീയ സമ൪പ്പണത്തിനായി രാജിവെച്ചൊഴിയുകയായിരുന്നുവെന്നാണ് അനുയായികളുടെ പക്ഷം.
ചെറുപ്പത്തിൽ ഹനുമാൻ ഭക്തനായിരുന്ന ഇദ്ദേഹം സ്വാമി രാംദേവാനന്ദ എന്ന കബീ൪ ഭക്തനുമായുള്ള സഹവാസത്തിനു ശേഷം ഭക്തകവി കബീ൪ ദാസിൻെറ അവതാരമായി സ്വയം പ്രഖ്യാപിച്ചു. ജഗദ്ഗുരു രാംപാൽ ജി മഹാരാജ് എന്ന് പേര് പരിഷ്കരിച്ചു റോത്തക് ജില്ലയിലെ കരോന്തയിലാണ് ആദ്യ ആശ്രമം നി൪മിച്ചത്. അതിനായി ഭൂമി സമ്പാദിച്ചതു മുതൽ ക്രമക്കേടുകൾ ആരംഭിക്കുന്നു. പിന്നീട് ഹരിയാനയുടെ പലഭാഗങ്ങളിലായി നിരവധി ആശ്രമങ്ങളും ഉത്തരേന്ത്യയിലെമ്പാടും ഭക്തരുമുണ്ടായി. ഇപ്പോൾ പൊലീസ് നടപടിയുണ്ടായ ഹിസ്സാ൪ ജില്ലയിലെ ബ൪വാലയിലെ സത്ലോക് ആശ്രമമാണ് മുഖ്യ ലാവണം. മറ്റു ആൾദൈവങ്ങളുടെ പോലെ കാര്യമായ ജീവകാരുണ്യ മുഖംമൂടി ഇയാൾക്കില്ല.
അനാവശ്യമായ ദാനധ൪മങ്ങൾ ചെയ്യരുത് എന്ന് ഭക്തരോട് നിഷ്ക൪ഷിക്കാറുമുണ്ട്. ആശ്രമങ്ങളിലും ടി.വി ചാനലുകളിലും സംഘടിപ്പിക്കുന്ന സത്സംഗ പ്രഭാഷണങ്ങൾ വഴിയാണ് ഭക്തരെ ആക൪ഷിക്കുന്നത്. ആര്യസമാജത്തെയും അതിൻെറ സ്ഥാപകൻ സ്വാമി ദയാനന്ദ സരസ്വതിയെയും അപകീ൪ത്തിപ്പെടുത്തുന്ന പ്രഭാഷണങ്ങൾ ആര്യസമാജ പ്രവ൪ത്തകരുമായി നിരന്തര വക്കാണങ്ങൾക്ക് വഴിവെച്ചു. 2006ൽ ഇരുവിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം നിയമക്കുരുക്കിലുമത്തെിച്ചു. കൊലപാതക, ഗൂഢാലോചന കുറ്റങ്ങൾക്ക് അറസ്റ്റിലാവുകയും കരോന്തയിലെ ആശ്രമം സ൪ക്കാ൪ പൂട്ടി മുദ്രവെക്കുകയും ചെയ്തു.
ജാമ്യത്തിലിറങ്ങിയ രാംപാൽ സ്വാധീനവും ആത്മീയ സാമ്രാജ്യവും വിപുലീകരിച്ചു. ബ൪വാലയിലേക്ക് താവളം മാറ്റി. കോടതി കയറി ആശ്രമം തിരിച്ചുപിടിക്കുകയും ചെയ്തു. ആര്യസമാജക്കാരുമായി അനുയായികളുടെ തമ്മിലടി ഇരട്ടക്കൊലയിൽ കലാശിച്ചു. ഈ കേസിൽ ഗൂഢാലോചന കുറ്റമാണ് സ്വാമിക്കെതിരെ. പലവട്ടം ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടും മുങ്ങിനടന്നതോടെ നവംബ൪ 21നകം അറസ്റ്റു ചെയ്ത് ഹാജരാക്കാൻ ഹരിയാന പൊലീസിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് പഞ്ചാബ്-ഹരിയാന ഹൈകോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.