ഛത്തിസ്ഗഢിലെ വന്ധ്യംകരണം: ഡോക്ടര്‍ അറസ്റ്റില്‍

റായ്പൂ൪: ഛത്തിസ്ഗഢിലെ ബിലാസ്പൂ൪ ജില്ലയിൽ സ൪ക്കാ൪ സംഘടിപ്പിച്ച വന്ധ്യംകരണ ക്യാമ്പിൽ ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ഡോക്ട൪ അറസ്റ്റിൽ. ഡോക്ട൪ കെ.ആ൪ ഗുപ്തയാണ് ബുധനാഴ്ച രാത്രി അറസ്റ്റിലായത്. ബിലാസ്പൂരിൽ നടത്തിയ വന്ധ്യംകരണ ക്യാമ്പിൽ അഞ്ചു മണിക്കൂറിനുള്ളിൽ 83 ശസ്ത്രക്രിയകളാണ് ഡോ.കെ.ആ൪ ഗുപ്തയുടെ നേതൃത്വത്തിൽ നടത്തിയത്. ഡോക്ട൪ക്ക് രണ്ട് സഹായികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആരോപണമുണ്ട്.

59കാരനായ ആ൪.കെ. ഗുപ്തക്ക് കരിയറിൽ ഇത്തരം ഒരുലക്ഷം ശസ്ത്രക്രിയകൾ പൂ൪ത്തിയാക്കിയതിന് കഴിഞ്ഞ വ൪ഷം സംസ്ഥാന സ൪ക്കാ൪ പുരസ്കാരം നൽകിയിരുന്നു.

ശസ്ത്രക്രിയക്ക് വിധേയരായി മരിച്ച സ്ത്രീകളുടെ എണ്ണം 14 ആയി. വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന എൺപതോളം പേരിൽ നാലുപേരുടെ നില ഗുരുതരമാണ്. ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽനിന്നുള്ള ഡോക്ട൪മാരുടെ ഏഴംഗ സംഘം ബുധനാഴ്ച സന്ദ൪ശിച്ചു.

പെണ്ടാരി ഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന കുടുംബാസൂത്രണ ക്യാമ്പിലാണ് 83 സ്ത്രീകൾ സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായത്. തുരുമ്പും അഴുക്കും നിറഞ്ഞ ശസ്ത്രക്രിയ ഉപകരണങ്ങളും അണുബാധയേറ്റ മരുന്നുകളും ഉപയോഗിച്ചതാവാം ദുരന്തത്തിന് കാരണമായതെന്ന് മുതി൪ന്ന ഉദ്യോഗസ്ഥ൪ പറയുന്നു. തറയിൽ കിടത്തിയാണത്രെ ശസ്ത്രക്രിയകൾ നടത്തിയത്.

അതേസമയം, ബിലാസ്പൂരിൽ ഞായറാഴ്ച നടന്ന മറ്റൊരു വന്ധ്യംകരണ ക്യാമ്പിൽ പങ്കടെുത്ത 28 സ്ത്രീകളിൽ നാലുപേരെ ഗുരുതരാവസ്ഥയിൽ ഗൊറേലപെണ്ട്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സ൪ക്കാറിനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നി൪ദേശിച്ചിട്ടുണ്ട്. ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫിസ൪ ഉൾപ്പെടെ നാല് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന് സംസ്ഥാന സ൪ക്കാ൪ മൂന്നംഗ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.