ആറളം ഫാമില്‍ അഞ്ചര കോടിയുടെ ജലനിധി പദ്ധതി നടപ്പാക്കും

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പുനരധിവാസ മേഖലയിലെ വിവിധ ബ്ളോക്കുകളില്‍ ജലനിധി പദ്ധതി നടപ്പാക്കും. ആറ് ബ്ളോക്കുകളിലായി എട്ട് പദ്ധതികളാണ് നടപ്പാക്കുക. അഞ്ചര കോടി രൂപ ചെലവില്‍ പുനരധിവാസ മേഖല ബ്ളോക് ഏഴില്‍ ഒന്നും ഒമ്പതാം ബ്ളോക്കിലെ വളയഞ്ചാല്‍, കാളികയം, പത്താം ബ്ളോക്കിലെ കോട്ടപ്പാറ, കാളിപ്പാറ, 11, 12, 13 ബ്ളോക്കുകളില്‍ ഓരോ പദ്ധതികളുമാണ് നടപ്പാക്കുക. ആറളം ഗ്രാമ പഞ്ചായത്തില്‍ ജലനിധി പദ്ധതി പ്രകാരം 32 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇവയില്‍ എട്ട് പദ്ധതികള്‍ ആദിവാസി പുനരധിവാസ മേഖലക്ക് അനുവദിച്ചെങ്കിലും ഗുണഭോക്തൃ വിഹിതം അടക്കാത്തതിനാല്‍ വൈകുകയായിരുന്നു. ആദിവാസി മേഖലക്ക് പ്രത്യേക പരിഗണന നല്‍കി ഗുണഭോക്തൃ വിഹിതമായ, പദ്ധതി ചെലവിന്‍െറ അഞ്ച് ശതമാനം തുക കൂടി സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് പദ്ധതി നടത്തിപ്പിനുള്ള കുരുക്കഴിഞ്ഞത്. അഞ്ച് ശതമാനം തുക ഗുണഭോക്തൃ വിഹിതവും 15 ശതമാനം തുക പഞ്ചായത്ത് വിഹിതവും 80 ശതമാനം തുക സര്‍ക്കാറുമാണ് വഹിക്കേണ്ടത്. ഗുണഭോക്തൃ വിഹിതം സര്‍ക്കാര്‍ വഹിക്കുന്നത് പുനരധിവാസ കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകും. ജലനിധി പദ്ധതി നടപ്പാകുന്നതോടെ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ 1442 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും കുടിവെള്ളം ലഭ്യമാവുകയും ചെയ്യും. 2015 മാര്‍ച്ച് 31നകം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ ഗുണഭോക്തൃ കമ്മിറ്റികളും സബ് കമ്മിറ്റികളും രൂപവത്കരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. സമയബന്ധിതമായി ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ ജലനിധി പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പഞ്ചായത്ത് മെംബര്‍ റഹിയാനത്ത് സുബി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT