മെസ്കോം എന്‍ജിനീയറുടെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍

മംഗലാപുരം: മെസ്കോം എന്‍ജിനീയറായിരുന്ന ജഗദീഷ് റാവുവിനെ കഴുത്തറുത്തു കൊന്ന കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൃംഗേരി സ്വദേശിയായ സിദ്ധപ്പ (22), ദാവന്‍ഗരെ സ്വദേശി റഫീഖ് (27) എന്നിവരാണ് പിടിയിലായത്. സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. കഴിഞ്ഞമാസം 21നാണ് ജഗദീഷിനെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടത്തെിയത്. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെ കത്തികൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ചോദ്യം ചെയ്യലില്‍ മാസങ്ങള്‍ക്കു മുമ്പ് ബിജയിലെ ഹോണ്ടാ ഷോറൂമിന് സമീപം താമസിച്ചിരുന്ന സുശീല(75)യെയും സമാനരീതിയില്‍ പ്രതികള്‍ കൊലപ്പെടുത്തിയതായി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വീട് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ആ കൊലയും. രണ്ടു പ്രതികളും ഒട്ടേറെ അക്രമസംഭവങ്ങളിലും കവര്‍ച്ചാകേസുകളിലും പങ്കുള്ളവരാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ കമീഷണര്‍ ആര്‍. ഹിതേന്ദ്ര പറഞ്ഞു. ഇവരില്‍നിന്ന് സ്വര്‍ണമാല, റിവോള്‍വര്‍, 16 റൗണ്ട് തിരകള്‍, 5000 രൂപ എന്നിവ കണ്ടെടുത്തു. പ്രതികള്‍ പണയംവെച്ചതും വിറ്റതുമായ സ്വര്‍ണ ഉരുപ്പടികള്‍ കണ്ടെടുക്കുമെന്ന് കമീഷണര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ചോദ്യം ചെയ്യാനായി പൊലീസിന് വിട്ടുകൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.