മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം പുനരാരംഭിച്ചു

തൃശൂര്‍: ദേശീയപാത 47ല്‍ മണ്ണുത്തി-വടക്കഞ്ചേരി ഭാഗത്തെ നിര്‍മാണം കരാറുകാരായ കെ.എം.സി കമ്പനി പുനരാരംഭിച്ചു. മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെ 35 കി.മീ ആറുവരിയിലാണ് നിര്‍മിക്കുന്നത്. കുതിരാന്‍ ഭാഗത്തെ ഒരു കി.മീ തുരങ്കപാതയും ഇതില്‍ ഉള്‍പ്പെടും. സ്ഥലമേറ്റെടുക്കല്‍ കഴിഞ്ഞ മേയില്‍ പൂര്‍ത്തിയായെങ്കിലും പാത നിര്‍മാണം നിലക്കുകയായിരുന്നു. നിര്‍മാണം പകുതിയാക്കി നിര്‍ത്തിയ സ്ഥലങ്ങളില്‍ കാട് കയറുകയും ചെയ്തു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇവിടെ വൃത്തിയാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. വടക്കഞ്ചേരിക്കടുത്ത് ചോറ്റുപാടം, മണ്ണുത്തിക്കടുത്ത് മുല്ലക്കര എന്നിവിടങ്ങളിലാണ് പണി നടക്കുന്നത്. കുതിരാനില്‍ തുരങ്കപാത നിര്‍മാണവും ആരംഭിച്ചു. ഇവിടെ ഭൂമിപൂജ നടത്തി നിര്‍മാണം തുടങ്ങിയതായി കരാര്‍ കമ്പനി ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. തുരങ്കപാതക്ക് ആദ്യഘട്ടത്തില്‍ തൂണുകള്‍ സ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നത് വൈകിയതോടെ നിര്‍മാണവും വൈകി. പഴയ കരാര്‍ തുകയനുസരിച്ച് നിര്‍മാണം നടത്താനാവില്ളെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. നിര്‍മാണച്ചെലവ് 1,000 കോടിയാകുമെന്നാണ് ഇപ്പോഴത്തെ കണക്ക്. അധിക ചെലവ് നല്‍കാമെന്ന് ദേശീയപാത അതോറിറ്റി കമ്പനിയെ അറിയിച്ചിട്ടുണ്ട്. 640 കോടിയായിരുന്നു ആദ്യ ഘട്ടത്തില്‍ കണക്കാക്കിയത്. ഇത് തുരങ്കപാതയുള്‍പ്പെടെ 870 കോടിയായി. 2010ലെ നിര്‍മാണ കരാര്‍ അനുസരിച്ചുള്ള തുകയാണിത്. 2013 ഫെബ്രുവരി വരെയായിരുന്നു ഇതിന്‍െറ കാലാവധി. 45 മീറ്ററില്‍ വികസിപ്പിച്ച മണ്ണുത്തി-ഇടപ്പള്ളി പാതയുടെ നിര്‍മാണച്ചെലവ് 600 കോടിയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറയും ദേശീയപാത അതോറിറ്റിയുടെയും അലംഭാവം മൂലമാണ് നിര്‍മാണച്ചെലവ് വര്‍ധിച്ചത്. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൊടുത്തത് കഴിഞ്ഞ മേയിലാണ്. സ്ഥലം കിട്ടിയ ഭാഗത്ത് നിര്‍മാണം തുടങ്ങിയതായിരുന്നു. എന്നാല്‍, ഭൂമി ഏറ്റെടുക്കല്‍ വൈകിയതു മൂലം നിര്‍മാണത്തിന്‍െറ തുടര്‍ച്ചയുണ്ടായില്ല. ഇതോടെയാണ് പണി നിര്‍ത്തിയത്. 150 കോടിയോളം ഇതുവരെ ചെലവഴിച്ചുവെന്നാണ് കമ്പനിയുടെ വാദം. ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം ലഭിച്ചില്ളെന്ന പരാതിയുമായി പുറമ്പോക്ക് വാസികള്‍ രംഗത്തുവന്നിട്ടുണ്ട്. 80ഓളം താമസക്കാര്‍ ഉള്‍പ്പെടെ 110 പേരുടെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയായെങ്കിലും ചെക്ക് എത്തിയിട്ടില്ല. സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയാണ് മണ്ണുത്തി-വടക്കഞ്ചേരി ഭാഗത്ത് നിര്‍മിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.