വിവാഹധൂര്‍ത്തിനെതിരായ പ്രചാരണത്തില്‍ ആരുമായും സഹകരിക്കും –കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സ്വര്‍ണക്കടകളും പാറമടകളും വഴിയുള്ള ധനനഷ്ടം തടഞ്ഞാല്‍ നാട്ടിലെ ധനക്ളേശത്തിന് ഒരളവോളം പരിഹാരമാകുമെന്ന് കവയിത്രി സുഗതകുമാരി. വിവാഹധൂര്‍ത്തിനും ലഹരിക്കുമെതിരെ മുസ്ലിംലീഗിന്‍െറ ജില്ലാതല പ്രചാരണോദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തിയാല്‍ പലരും ബില്‍ കൊടുക്കുന്നില്ല. അതിന് പകരം വെള്ളക്കടലാസിലാണ് ബില്‍ നല്‍കുന്നത്. യഥാര്‍ഥ ബില്‍ നല്‍കിയാല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന് പറഞ്ഞാണ് കച്ചവടക്കാര്‍ നികുതി തട്ടിപ്പ് നടത്തുന്നത്. സര്‍ക്കാര്‍ ഇത് പരിശോധിക്കണം. സംസ്ഥാനത്തെ ആയിരക്കണക്കിന് പാറമടകളില്‍ പകുതിയിലേറെയും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സിന്‍െറ പണം മാത്രം നല്‍കിയാണ് പാറമടകളുടെ പ്രവര്‍ത്തനം. കോടിക്കണക്കിന് രൂപയുടെ പൊതുസ്വത്താണ് പാറ. ലൈസന്‍സ് ഫീസ് മാത്രം വാങ്ങുന്നതിന് പകരം ഓരോ ലോഡ് പാറക്കും നിശ്ചിത തുക ഈടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഈ രണ്ടു കാര്യങ്ങളിലും തീരുമാനം ഉണ്ടായാല്‍ നാട്ടിലെ സാമ്പത്തികക്ളേശത്തിന് ഒരളവോളം പരിഹാരമാകും. ഇക്കാര്യം ധനമന്ത്രി കെ.എം. മാണിയോട് പറയാന്‍ തയാറാകണമെന്ന് ചടങ്ങില്‍ സംബന്ധിച്ച മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയോടും മഞ്ഞളാംകുഴി അലിയോടും സുഗതകുമാരി ആവശ്യപ്പെട്ടു. അതിസമ്പന്നതയാണ് കേരളത്തിന്‍െറ ഇന്നത്തെ ഏറ്റവും വലിയ അപകടം. ഇവിടത്തെ കമ്പോളത്തിലെ ഏറ്റവും വിലകുറഞ്ഞ വസ്തു പെണ്ണാണ്. സ്ത്രീധനവും മദ്യവും കേരളത്തിലെ സ്ത്രീകളുടെ കണ്ണീരാണ്. ഈ കണ്ണീരിന് പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. വിവാഹ ധൂര്‍ത്തിനെതിരായ പ്രചാരണത്തില്‍ ആരുമായും വേദി പങ്കിടാനും ഒപ്പം ചേരാനും മുസ്ലിംലീഗ് തയാറാണെന്ന് പ്രചാരണോദ്ഘാടനം നിര്‍വഹിച്ച മന്ത്രി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വേണ്ടിവന്നാല്‍ ആര്‍ഭാട വിവാഹങ്ങളില്‍നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് ഉള്‍പ്പെടെ തീരുമാനിക്കുമെന്നാണ് ലീഗിന്‍െറ നിലപാടെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയം അധികാരത്തിനും പദവിക്കും മാത്രമായി മാറരുതെന്ന് മുന്‍ മന്ത്രി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ലീഗ് ജില്ലാ പ്രസിഡന്‍റ് ബീമാപള്ളി റഷീദ് അധ്യക്ഷത വഹിച്ചു. മന്ത്രി മഞ്ഞളാംകുഴി അലി, എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, എന്‍. ഷംസുദ്ദീന്‍, ഡി.സി.സി പ്രസിഡന്‍റ് കെ. മോഹന്‍കുമാര്‍, പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, മോണ്‍. യൂജിന്‍ പെരേര, തോന്നയ്ക്കല്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.