വെങ്കലദിനം

ഇഞ്ചിയോൺ: 17ാമത് ഏഷ്യാഡിൻെറ രണ്ടാം ദിനം ഇന്ത്യൻ മെഡൽ പട്ടികയിൽ സ്ഥാനംപിടിച്ചത് രണ്ട് വെങ്കലം. ആദ്യം മെഡൽ ക്രെഡിറ്റ് നേടിയത് ഷൂട്ടിങ് റെയ്ഞ്ച്. ആദ്യ ദിനം ഇന്ത്യക്കായി സ്വ൪ണം നേടിയ ജിത്തു റായ് മുന്നിൽനിന്ന് നയിച്ച 10 മീറ്റ൪ എയ൪ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യ വെങ്കലം കരസ്ഥമാക്കി. ദിവസത്തിലെ അവസാന ഇനമായി നടന്ന ബാഡ്മിൻറണിൽ ഫൈനൽ ലക്ഷ്യമിട്ട് സെമി പോരിനിറങ്ങിയ ഇന്ത്യൻ വനിതാ ടീം കൊറിയക്കു മുന്നിൽ തോറ്റമ്പിയതോടെ നേട്ടം വെങ്കലത്തിലൊതുങ്ങി. 28 വ൪ഷമായി ഏഷ്യൻ പോരാട്ടത്തിൽ ഇന്ത്യൻ ബാഡ്മിൻറണിന് അന്യമായിരുന്ന മെഡലാണ് സൈന നെഹ്വാളിൻെറ നേതൃത്വത്തിൽ വനിതകൾ നേടിയത്.

സമരേഷ് ജംഗും പ്രകാശ് നഞ്ചപ്പയുമാണ് വെങ്കലം നേടിയ ഷൂട്ടിങ് ടീമിലെ മറ്റംഗങ്ങൾ. തൻെറ സുവ൪ണ പ്രകടനം ആവ൪ത്തിക്കാൻ കഴിയാതിരുന്ന ജിത്തുവിന് വ്യക്തിഗത 10 മീറ്റ൪ എയ൪ പിസ്റ്റളിൽ അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ടീം ഇനത്തിൽ കൃത്യത നിറഞ്ഞ അത്യുജ്ജ്വല പ്രകടനത്തിലൂടെ ജിത്തു നേടിയ 585 പോയൻറുകളാണ് ഇന്ത്യയെ മെഡൽ റൗണ്ടിൽ എത്തിച്ചത്. കസാഖ്സ്താൻ താരം റാശിദ് യൂനുസ് മെറ്റോവിന് പിറകിൽ ഏറ്റവും മികച്ച രണ്ടാം സ്കോറാണ് ആ ഘട്ടത്തിൽ റായ് കുറിച്ചത്. സമരേഷ് ജംഗിൻെറ 580 പോയൻറും (ഒമ്പതാം സ്ഥാനം) നഞ്ചപ്പയുടെ 578 പോയൻറും (14ാം സ്ഥാനം) കൂടി ചേ൪ന്ന് ആകെ 1743 പോയൻറാണ് ഇന്ത്യൻ ടീമിന് ലഭിച്ചത്. സ്വ൪ണം നേടിയ ദക്ഷിണ കൊറിയക്ക് 1744 പോയൻറ് ലഭിച്ചപ്പോൾ വെള്ളി നേടിയ ചൈനക്കും ഇന്ത്യയുടെ അതേ പോയൻറാണ് കിട്ടിയത്. തുട൪ന്ന് ബുൾസ്ഐ നേട്ടത്തിൻെറ അടിസ്ഥാനത്തിലാണ് മെഡൽ നിശ്ചയിച്ചത്.
 വ്യക്തിഗത 10 മീറ്റ൪ എയ൪ പിസ്റ്റൾ ഫൈനലിൽ ആദ്യ ഘട്ടത്തിലെ മുന്നേറ്റത്തിന് ശേഷമാണ് ജിത്തു റായ് പിന്നിലായത്. ആദ്യ ആറു ഷോട്ടുകൾക്ക് ശേഷം, മത്സരത്തിൽ സ്വ൪ണം സ്വന്തമാക്കിയ കിം ചിയോങ് യോങ്ങിനും മുന്നിലായിരുന്നു ജിത്തു. എന്നാൽ, തൊട്ടടുത്ത ഷോട്ടിൽ 9.5 നേടിയതോടെ രണ്ടാമതായി. ഒമ്പതാം ഷോട്ടുവരെ രണ്ടാമതായി തുട൪ന്ന താരം ഇടക്ക് തുല്യതയിലുമത്തെി.
എന്നാൽ, 11ാം ഷോട്ട് ഇന്ത്യൻ ഷൂട്ട൪ക്ക് പ്രതികൂലമായി. 7.8 പോയൻറ് മാത്രമാണ് അതിൽ ജിത്തുവിന് നേടാനായത്. തുട൪ന്ന് 14ാം ഷോട്ടിന് ശേഷം ആകെ 138.3 പോയൻറുമായി ആറാമതായി പുറത്തായി. തനിക്ക് മുമ്പ് ഷോട്ടെടുത്ത എതിരാളിയുടെ (കിം) 10.9 പോയൻറ് പ്രകടനത്തെ അഭിനന്ദിച്ച് കാണികൾ കൈയടിച്ചത് തൻെറ ശ്രദ്ധ തെറ്റിച്ചതായി മത്സരശേഷം ജിത്തു റായ് പറഞ്ഞു. കൂടാതെ തോക്ക് പുതിയതായിരുന്നതും തൊട്ടടുത്ത ദിവസങ്ങളിൽ മത്സരിക്കേണ്ടിവന്നതും പ്രകടനത്തെ മോശമായി സ്വാധീനിച്ചതായി താരം വ്യക്തമാക്കി.
1986 സിയോൾ ഗെയിംസിൽ പുരുഷ ടീം നേടിയ വെങ്കലത്തിനു ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാഡിൽ ബാഡ്മിൻറൺ മെഡൽ സ്വന്തമാക്കുന്നത്. ഏഷ്യാഡ് ചരിത്രത്തിൽ ഇന്ത്യൻ വനിതാ ബാഡ്മിൻറൺ  ടീം നേടുന്ന ആദ്യ മെഡൽ എന്ന നേട്ടവും ഇതിനുണ്ട്.
ശനിയാഴ്ച ക്വാ൪ട്ട൪ ജയിച്ച് സെമിയിലത്തെിയതോടെ ആദ്യ ദിനംതന്നെ ഇന്ത്യൻ വനിത ടീം ബാഡ്മിൻറണിൽ മെഡലുറപ്പിച്ചിരുന്നു. എന്നാൽ, ആതിഥേയ൪ക്കെതിരെ 3-1ൻെറ ദയനീയ തോൽവിയാണ് സെമിയിൽ അവരെ കാത്തിരുന്നത്. ആദ്യ സിംഗ്ൾസിൽ ജയം നേടിയ സൈന നെഹ്വാൾ മാത്രമാണ് കൊറിയൻ ആക്രമണത്തെ പ്രതിരോധിച്ചത്. ജിഹ്യൂൻ സിങ്ങിനെതിരെ 12-21, 21-10, 9-21 സ്കോറിനാണ് സൈന ജയം നേടിയത്. രണ്ടാം സിംഗ്ൾസിൽ പി.വി. സിന്ധുവിനെ 21-14, 18-21, 13-21 സ്കോറിന് തറപറ്റിച്ച് യിയോജു ബെയ് ദക്ഷിണകൊറിയയെ ഒപ്പമത്തെിച്ചു.
തൊട്ടുപിന്നാലെ നടന്ന ഡബ്ൾസിൽ സിക്കി റെഡ്ഡി-പ്രദന്യാ ഗദ്രെ സഖ്യത്തെ തോൽപിച്ച് കിം സൊയോങ് ചാങ് അവരെ മുന്നിലത്തെിച്ചു. തുട൪ന്ന് നി൪ണായകമായ നാലാം സിംഗ്ൾസിൽ മലയാളി താരം പി.സി. തുളസിയെ 12-21, 8-21 ന് അനായാസം മുട്ടുകുത്തിച്ച് കിം ഹ്യോമിനാണ് കൊറിയയെ സ്വ൪ണപ്പോരാട്ടത്തിന് അ൪ഹരാക്കിയത്.
മറ്റിനങ്ങളിൽ സമ്മിശ്ര ദിനമായിരുന്നു ഇന്ത്യയുടേത്. ടെന്നിസ് പുരുഷ വിഭാഗം ടീം ഇനത്തിൻെറ രണ്ടാം റൗണ്ടിൽ ഇന്ത്യ 3-0ത്തിന് നേപ്പാളിനെ തറപറ്റിച്ച് ക്വാ൪ട്ടറിലത്തെി. തുഴച്ചിലിൽ പുരുഷ വിഭാഗം ഹീറ്റ്സിൽ രണ്ടാമതത്തെിയ ഇന്ത്യൻ താരങ്ങൾ ഫൈനലിലേക്ക് യോഗ്യത നേടി.
പുരുഷ സിംഗ്ൾസ് സ്കൾസിൻെറ ആദ്യ ഹീറ്റ്സിൽ രണ്ടാമതത്തെിയ സവൺ സിങ് റെപ്പഷാഗെ റൗണ്ടിന് യോഗ്യനായി. ഹാൻഡ്ബാൾ പുരുഷ വിഭാഗം ഗ്രൂപ് പോരാട്ടത്തിൽ ഇന്ത്യയെ 39-19ന് കൊറിയ തോൽപിച്ചു. വനിതാ വിഭാഗത്തിൽ 26-26 സ്കോറിന് ഇന്ത്യ തായ്ലൻഡിനെ സമനിലയിൽ കുരുക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.