ചുരം ബദല്‍ റോഡ് പ്രാരംഭ നടപടികളായില്ല

കല്‍പറ്റ: പിന്നാക്കാവസ്ഥയുടെ മലമുകളില്‍നിന്ന് ഒരു ജില്ലക്ക് സഞ്ചാര സ്വാതന്ത്ര്യത്തിന്‍െറ പുതിയ വഴികള്‍ ഒരു വര്‍ഷം കൊണ്ട് തുറന്നുകൊടുക്കുമെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ വാഗ്ദാനം ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങിയില്ല. ആദ്യബജറ്റില്‍ വയനാട് ചുരം ബദല്‍ റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍, മൂന്നു വര്‍ഷം പിന്നിട്ടിട്ടും അതിനുള്ള പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തിയില്ല. ഏറ്റവുമൊടുവില്‍, ജൂണ്‍ മൂന്നാം വാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചുരം ബദല്‍ റോഡ് നിര്‍മാണം ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ. ജയലക്ഷ്മി, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവര്‍ ആ യോഗത്തില്‍ പങ്കെടുത്തു. സ്വകാര്യ വ്യക്തികളില്‍നിന്ന് ബദല്‍ റോഡിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. രണ്ടു മാസത്തിനകം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, മൂന്നു മാസമായിട്ടും ഇവയൊന്നും പ്രാവര്‍ത്തികമായിട്ടില്ല. ഭൂമി അക്വയര്‍ ചെയ്യാനുള്ള നടപടികള്‍ എങ്ങുമത്തെിയില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ളെന്നാണ് പൊതുമരാമത്ത് വൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. അതുസംബന്ധിച്ച നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചില്ളെന്നാണ് അധികൃതരുടെ വിശദീകരണം. ചിപ്പിലിത്തോട്-മരുതിലാവ് റോഡ് ആണ് ചുരം ബദല്‍ റോഡ് ആയി പരിഗണനയില്‍ ഉള്ളത്. തദ്ദേശ ഭരണ സ്ഥാപനങ്ങളും പ്രദേശവാസികളും ഉദ്യോഗസ്ഥരും വിവിധ സംഘടനകളും അടക്കമുള്ളവര്‍ നിര്‍ദേശിച്ച അഞ്ചു വ്യത്യസ്ത ബദല്‍ റോഡുകളില്‍നിന്നാണ് കൂടുതല്‍ സൗകര്യപ്രദമെന്നുകണ്ട് ചിപ്പിലിത്തോട്-മരുതിലാവ് റോഡ് തെരഞ്ഞെടുത്തത്. തിരുവമ്പാടി-ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്-കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരല്‍മല-പോത്തുകല്ല്-നിലമ്പൂര്‍ എന്നിവയാണ് നിര്‍ദേശിക്കപ്പെട്ട മറ്റു റൂട്ടുകള്‍. നാഷനല്‍ ഹൈവേ 212ല്‍ തളിപ്പുഴയില്‍ തുടങ്ങി 29ാം മൈലില്‍ അവസാനിക്കുന്നതാണ് നിര്‍ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ് റോഡ്. 14.5 കിലോമീറ്റര്‍ വരുന്ന റോഡിന് 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ 68 കോടി രൂപ അനുവദിച്ചിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ വനഭൂമിയിലൂടെ കടന്നുപോകുന്നതിനാല്‍ കേന്ദ്രത്തിന്‍െറ അനുമതി കൂടി ആവശ്യമാണ്. റോഡ് നിര്‍മാണത്തിനായി സ്വകാര്യ വ്യക്തികളില്‍നിന്ന് 12 ഹെക്ടര്‍ സ്ഥലം അക്വയര്‍ ചെയ്യേണ്ടി വരുമെന്ന് അധികൃതര്‍ കണക്കാക്കിയിരുന്നു. ഇരുജില്ലകളിലുമായി 16 ഹെക്ടര്‍ വനഭൂമിയാണ് റോഡ് നിര്‍മാണത്തിന് അക്വയര്‍ ചെയ്യേണ്ടി വരുക. റോഡ് നിര്‍മാണത്തിനു മുന്നോടിയായി വനഭൂമിയടക്കമുള്ള പ്രദേശത്ത് ആകാശസര്‍വേ നടത്താനും മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, അക്കാര്യത്തിലും നടപടിയൊന്നുമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.