കാട്ടാനക്കൂട്ടം തേക്ക് തൈകള്‍ നശിപ്പിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കുളത്തൂപ്പുഴ: വനംവകുപ്പ് പുതിയതായി നട്ട തേക്കുതോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ചു. അഞ്ചല്‍ വനം റേഞ്ചിലെ കുളത്തൂപ്പുഴ സെക്ഷനില്‍ ഉള്‍പ്പെട്ട കല്ലുവെട്ടാംകുഴി 2014 തേക്കുതോട്ടത്തിലെ തേക്ക് തെകളാണ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തത്തെിയ ആനക്കൂട്ടം നാമാവശേഷമാക്കിയത്. മുപ്പത് ഹെക്ടര്‍ വരുന്ന തേക്കുതോട്ടത്തില്‍ എഴുപതിനായിരത്തോളം തേക്കു തൈകളാണ് മൂന്നു മാസം മുമ്പ് വനംവകുപ്പ് നട്ടുപിടിപ്പിച്ചത്. മുമ്പുണ്ടായിരുന്ന മരങ്ങള്‍ മുറിച്ചു നീക്കി ക്ളീയര്‍ ഫെല്ലിങ് നടത്തിയ ശേഷമാണ് തൈകള്‍ നട്ടത്. ഒരു തൈ മുളപ്പിച്ച് നട്ടുപിടിപ്പിക്കുന്നതിനു നൂറു രൂപ ക്രമത്തിലാണ് വനം വകുപ്പ് ചെലവഴിക്കുന്നത്. ഇത്തരത്തില്‍ നട്ടുപിടിപ്പിച്ച് മൂന്നുമാസം പ്രായമായ തേക്കു തൈകളില്‍ ഏറെയും കാട്ടാനക്കൂട്ടം തിന്നും ചവിട്ടിയരച്ചും നശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കല്ലടയാര്‍ കടന്ന് പ്രദേശത്തെ വനമേഖലയിലത്തെിയ കുട്ടികളടക്കമുള്ള പത്തംഗ കാട്ടാനക്കൂട്ടം ഇനിയും പ്രദേശത്ത് നിന്ന് മടങ്ങിയിട്ടില്ല. കാട്ടാനക്കൂട്ടം സമീപത്തെ വനത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ നാശനഷ്ടം എത്രയെന്ന് പൂര്‍ണമായി തിട്ടപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കാട്ടാനകള്‍ രാത്രി തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതക്കരികിലത്തെുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. സമീപത്തെ കല്ലുവെട്ടാംകുഴി, തേക്കുപറമ്പ് ജനവാസമേഖലയില്‍ നിന്ന് മീറ്ററുകള്‍ മാത്രം അകലെയാണ് കാട്ടാനക്കൂട്ടം നില്‍ക്കുന്നത് എന്നതിനാല്‍ പ്രദേശത്തെ ജനങ്ങളും ഭീതിയിലാണ്. ഇതിനിടെ കാട്ടാനകളെ തുരത്തി പുഴകടത്തി വനത്തിലേക്ക് മടക്കി അയക്കാന്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് പലതവണ ശ്രമിച്ചെങ്കിലും ഇവയെല്ലാം വിഫലമായിരിക്കുകയാണ്.ശെന്തുരുണി വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന ജനവാസമേഖലയിലേക്ക് കാട്ടുമൃഗങ്ങള്‍ കടന്നുവരാതിരിക്കാന്‍ സൗരോര്‍ജ വേലികള്‍ പ്രദേശത്തെ വനാതിര്‍ത്തിയില്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. വനമേഖലക്ക് ചുറ്റുമായി സൗരോര്‍ജ വേലികള്‍ സ്ഥാപിക്കുകയോ കിടങ്ങുകള്‍ നിര്‍മിക്കുകയോ ചെയ്യണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ വ്യാപകമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.