ഗാന്ധി വിമര്‍ശം ഒരു രാഷ്ട്രീയ ഇടപാടാണ്

വൈക്കം  സത്യഗ്രഹത്തിൻെറ സമയത്ത്  ബാരിസ്റ്റ൪ ജോ൪ജ് ജോസഫും  ഗാന്ധിയുമായുള്ള സംവാദം ഗാന്ധിയുടെ ജാതിയെക്കുറിച്ചുള്ള നിലപാടുകൾ തുറന്നുകാട്ടുന്ന ഒന്നായിരുന്നു.  അതുകൊണ്ടുതന്നെ കോൺഗ്രസുകാ൪ ഓ൪ക്കാൻ മടിക്കുന്ന ഒരു പേരാണ് ബാരിസ്റ്റ൪  ജോ൪ജ് ജോസഫിൻേറത്. വൈക്കം  സത്യഗ്രഹത്തിൽ  ജോ൪ജ്  ജോസഫിൻെറ പങ്കാളിത്തവും നേതൃത്വവും  ഗാന്ധിയെ അസ്വസ്ഥനാക്കി. വൈക്കം സത്യഗ്രഹത്തിൽ പങ്കാളിയാകുന്നതിൽനിന്ന് മാറിനിൽക്കാൻ ഉപദേശിച്ചുകൊണ്ട് ഗാന്ധി അദ്ദേഹത്തിന് കത്തെഴുതി.  പേനകൊണ്ടും അനുതാപംകൊണ്ടും മാത്രം സത്യഗ്രഹത്തെ പിന്തുണച്ചാൽ മതിയെന്നും സംഘാടന പ്രവ൪ത്തനത്തിലേ൪പ്പെടുകയോ  സത്യഗ്രഹം അനുഷ്ഠിക്കുകയോ ചെയ്യേണ്ടതില്ളെന്നും നി൪ദേശിച്ചു. ‘അയിത്തം ഹിന്ദുക്കളുടെ പാപമാണെന്നും അതുകൊണ്ട് അവരാണ് ശുദ്ധീകരിക്കപ്പെടേണ്ടതെന്നും അതിനവ൪ പരിതപിക്കേണ്ടതുണ്ടെന്നു’മായിരുന്നു ഗാന്ധിയുടെ നിലപാട്.

എന്നാൽ, ബാരിസ്റ്റ൪ ജോ൪ജ് ജോസഫിന്  വൈക്കം സത്യഗ്രഹം ക്ഷേത്ര പ്രവേശവുമായി ബന്ധപ്പെട്ട വിഷയമല്ലായിരുന്നു. ഗാന്ധിയുടെ നിലപാടിനെ വിമ൪ശിച്ചുകൊണ്ട് അദ്ദേഹം  ‘ഇന്ത്യൻ സോഷ്യൽ റിഫോമറി’ൽ താൻ ഒരു ക്രിസ്ത്യാനി ആയതുകൊണ്ട് ഇതിൽ ഇടപെടേണ്ടെന്നും മാപ്പ് പറയണമെന്നുമായിരുന്നു ഗാന്ധിയുടെ നിലപാടെങ്കിലും താൻ മാപ്പ് പറഞ്ഞില്ളെന്നും എഴുതി. ഒരു പൗരാവകാശം  അയിത്ത ജാതിക്കാ൪ക്ക് നിഷേധിക്കപ്പെടുന്നതുകൊണ്ട് ഒരു ജാതി ഹിന്ദുവിനെപ്പോലെ താനും പരിഗണിക്കേണ്ട വിഷയമാണെന്നായിരുന്നു അദ്ദേഹത്തിൻെറ നിലപാട്.
യഥാ൪ഥത്തിൽ ഗാന്ധിവിമ൪ശം  ഒരിക്കലും ഒരു വ്യക്തിയെക്കുറിച്ചുള്ള വിമ൪ശം മാത്രമായി ഒതുങ്ങിനിൽക്കുന്നതല്ല.  രാഷ്ട്രം, ദേശീയവാദം, ഹിന്ദുയിസം, ജാതി, മതം, അധികാരം, വ്യക്തിപരമായ സദാചാരം, വികസനം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ഗാന്ധിയുടെ നിലപാടുകളോടുള്ള വിമ൪ശവും ചിലപ്പോൾ ഗാന്ധികൂടി ഉൾക്കൊള്ളുന്ന സാമൂഹിക വ്യവഹാരങ്ങൾക്കെതിരെയുള്ള വിമ൪ശങ്ങളുമാണ്. വ്യത്യസ്ത സാമൂഹികവിഭാഗങ്ങളുടെ ഗാന്ധിയോടുള്ള സമീപനം വ്യത്യസ്തമായിരിക്കാം. വിമ൪ശങ്ങളും വ്യത്യസ്തമായിരിക്കാം.

ദലിതരെ  സംബന്ധിച്ച് ഗാന്ധി വിമ൪ശത്തിന് വലിയ  പാരമ്പര്യംതന്നെയുണ്ട്.  ജാതീയതക്കെതിരായ  ദലിത് വ്യവഹാരങ്ങളിലെ ഒരു ഭാഗമാണ്  ഗാന്ധി വിമ൪ശം. രാഷ്ട്രത്തെയും  ദേശീവാദത്തെയും സംബന്ധിച്ച  ഒരു അധീശ ധാരയെയാണ്  ഗാന്ധി പ്രതിനിധാനംചെയ്യുന്നത് എന്നാണ്  ദലിത്രാഷ്ട്രീയ വ്യവഹാരങ്ങളിൽ മനസ്സിലാക്കപ്പെടുന്നത്. ഡോക്ട൪  ബി.ആ൪. അംബേദ്ക൪ അതുപോലത്തെന്നെ ഗാന്ധി പ്രതിനിധാനംചെയ്യുന്നതിന് വിപരീതമായ ഒരുരാഷ്ട്രീയധാരയെയാണ് പ്രതിനിധാനംചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് പലപ്പോഴും ഗാന്ധിക്കെതിരെ അംബേദ്കറെ  ദലിത൪ ഉയ൪ത്തിപ്പിടിക്കുന്നത്. ഇത് കേവലം വ്യക്തികളെ താരതമ്യപ്പെടുത്തലല്ല. ദലിതരുടെ ജാതിക്കെതിരായ രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഭാഗമായ ഒരു കലഹമാണ്.

ഒരു രാഷ്ട്രവും പ്രകൃതിദത്തമല്ളെന്നും  ചരിത്രപരമായ ഒരു സാധ്യത മാത്രമായാണ്  ഇന്ന് നിലനിൽക്കുന്നതെന്നും ഉൾക്കൊള്ളുകയാണെങ്കിൽ രാഷ്ട്രങ്ങളെയോ നിലനിൽക്കുന്ന രാഷ്ട്രീയ  വ്യവസ്ഥയെയോ കുറിച്ച് തുറന്ന സംവാദങ്ങൾ  എന്നും നടക്കേണ്ടതാണെന്ന് മനസ്സിലാക്കാൻ കഴിയും. ഗാന്ധി വിമ൪ശം  ആ നിലക്ക് ഒരു രാഷ്ട്രീയ സംവാദമാണ്. നിലനിൽക്കുന്ന വ്യവസ്ഥയോടുള്ള  കലഹവുമാണ്. ഒരു രാഷ്ട്രീയ വ്യവസ്ഥയും  ലോകാവസാനം വരെ ഇങ്ങനത്തെന്നെ നിലനിൽക്കില്ല എന്നതുകൊണ്ടാണ്  നിലനിൽക്കുന്ന വ്യവസ്ഥകൾ നിരന്തരം ചോദ്യംചെയ്യപ്പെടുന്നത്. ഇന്ത്യ എന്ന രാഷ്ട്രം വിഭാവന ചെയ്യപ്പെട്ട ചരിത്രത്തെ വീണ്ടും വ്യാഖ്യാനിക്കാനും പുനരാലോചിക്കാനും  കഴിയേണ്ടതാണ്. സാമൂഹികനീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെയുള്ള  വിവിധ കാലഘട്ടത്തിൽ വികസിച്ചുവരുന്ന ധാരണകളാണ് ഈ പുനരാലോചനകളെ സാധ്യമാക്കുന്നത്.
 ‘സ്വാതന്ത്ര്യ സമരം’, ‘ദേശീയ  വാദം’, ‘രാഷ്ട്രം’ എന്നിവയെല്ലാം ഒരു കലഹവുമില്ലാതെ ഇട൪ച്ചകളുമില്ലാതെ എല്ലാവരുടെയും പൂ൪ണസമ്മതത്തോടെ സംഘടിപ്പിക്കപ്പെട്ടതോ  സ്ഥാപിക്കപ്പെട്ടതോ അല്ല. അതിൻെറ ചരിത്രം  രേഖീയമായതുമല്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്ന് അറിയപ്പെടുന്നതുതന്നെ ഈ ഉപഭൂഖണ്ഡത്തിൽ നടന്ന എല്ലാ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളെയും ഉൾക്കൊള്ളുന്നില്ല. ഈ കാലഘട്ടങ്ങളൊക്കെയും ഇവിടെ നടന്നുകൊണ്ടിരുന്ന സാമൂഹിക കലാപങ്ങൾ  ബ്രിട്ടീഷ് വിരുദ്ധമോ  സ്വാത്രന്ത്യ സമരമോ മാത്രമായിരുന്നില്ല.  ജാതിക്കെതിരായ കലാപങ്ങളുടെ വലിയ ഒരു ചരിത്രം ഉൾപ്പെടെ ‘സ്വാതന്ത്ര്യ’ സമരത്തിൻെറ വ്യവഹാരങ്ങൾക്ക് പുറത്തു നടന്ന എത്രയോ സമരങ്ങളുണ്ട്. ദേശീയവാദ വ്യവഹാരങ്ങൾക്ക്  ഇവയെ പലപ്പോഴും വിശദീകരിക്കാൻതന്നെ കഴിയില്ലായിരുന്നു.  

അംബേദ്കറിൻെറ ശ്രമങ്ങൾ  കോൺഗ്രസുകാരുടെ ദേശീയവാദത്തിൻെറ ലക്ഷ്യങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു. അയിത്ത ജാതിക്കാരുടെ സാമൂഹികമായ വിമോചനവും അധികാരവുമായിരുന്നു അംബേദ്കറിന് പരമപ്രധാനം. കോൺഗ്രസിൻെറയും ഗാന്ധിയുടെയുംരാഷ്ട്രീയത്തോട്  അദ്ദേഹം നിരന്തരം കലഹിച്ചത്  ഈ ലക്ഷ്യത്തോടെയായിരുന്നു. ഭരണഘടനാ നി൪മാണ സഭയിലും ഈ ലക്ഷ്യത്തിനു വേണ്ടിയാണ് പോരാടിയത്. കോൺഗ്രസും ഗാന്ധിയും പ്രതിനിധാനംചെയ്യുന്ന  സവ൪ണ ദേശീയ വ്യവഹാരത്തെ അദ്ദേഹം ശക്തമായി  എതി൪ത്തു. പുതുതായി രൂപംകൊള്ളുന്ന രാഷ്ട്രത്തിൽ  അയിത്തജാതിക്കാരുടെ അവകാശങ്ങളും അധികാരവും ഉറപ്പിക്കുകയായിരുന്നു അദ്ദേഹം  അസംബ്ളിയിലും ലക്ഷ്യംവെച്ചത്.  ഇത്രയും പറഞ്ഞത് ‘സ്വാതന്ത്ര്യ സമര’ത്തിൻെറയും ദേശീയവാദത്തിൻെറയും രാഷ്ട്രത്തിൻെറയും ചരിത്രം വളരെ ലളിതമായ ഒന്നായിരുന്നില്ല എന്നത് ഒ൪മിപ്പിക്കാനാണ്. ‘ഗാന്ധി സ്വാതന്ത്ര്യം നേടിത്തന്നു’ എന്നതുപോലെ ലളിതമായ  ഒരു ചരിത്രമല്ലത്. ഗാന്ധി വിമ൪ശം അന്ന് ദലിതരുടെ രാഷ്ട്രീയ മുന്നേറ്റത്തിൻെറ ഭാഗമായായിരുന്നു. ഗാന്ധിയെ സംബന്ധിച്ച വ്യവഹാരങ്ങൾ അന്ന് ഒത്തുതീ൪പ്പാക്കപ്പെട്ട ഒന്നല്ല. ആ സംഘ൪ഷങ്ങളും രാഷ്ട്രീയവും ഇന്നും നിലനിൽക്കുന്നതുകൊണ്ടാണ് ഗാന്ധി വിമ൪ശം ഇന്നും വിവാദമായി മാറുന്നത്.

ദലിതരും ദലിതരല്ലാത്തവരും ഇന്ത്യക്ക്  അകത്തും പുറത്തും  ഗാന്ധിക്കെതിരെ ശക്തമായ വിമ൪ശങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ,  എന്തുകൊണ്ട് അരുന്ധതി റോയിയുടെ പ്രസംഗത്തിനെതിരെ പൊലീസ് കേസ്  ആവശ്യപ്പെടുന്ന രീതിയിലേക്ക് നീങ്ങി? അതിനു പല കാരണങ്ങൾ ഉണ്ട്. ഒന്നാമതായി അംബേദ്കറും അംബേദ്കറിനു ശേഷവുമുള്ള ദലിത്പക്ഷത്തുനിന്നുള്ള വിമ൪ശത്തെ  പൊതുവായ ഒരു വിമ൪ശമല്ല, ഒരു വിഭാഗത്തിൻെറ മാത്രം വിമ൪ശമാണ് എന്ന് വാദിക്കാൻ ഗാന്ധിയന്മാ൪ക്ക്  അവസരമുണ്ടായിരുന്നു. അംബേദ്കറിൻെറ വിമ൪ശത്തെ  നേരിടാൻ കഴിയാത്തതുകൊണ്ടുതന്നെ ഗാന്ധിക്ക് ശേഷമുള്ള ഗാന്ധിയന്മാ൪ ആ വിമ൪ശങ്ങളുടെ അന്തസ്സത്തയെ അംഗീകരിക്കാതെ സമകാലികരായ രണ്ടുപേ൪ തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾ മാത്രമായിരുന്നുവെന്നു പറയാനാണ് ശ്രമിച്ചത്. ഗാന്ധിയെയും അംബേദ്കറെയും പരസ്പരം പ്രശ്നവത്കരിക്കുന്നത് ശരിയല്ളെന്നും വാദിക്കുന്നുണ്ട്. എന്നാൽ, സത്യാവസ്ഥ മറിച്ചായിരുന്നു. അംബേദ്കറും ഗാന്ധിയും തമ്മിൽ രാഷ്ട്രീയത്തിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ടായിരുന്നു. അംബേദ്കറിനു ശേഷമുള്ള  ദലിത്രാഷ്ട്രീയക്കാ൪ ഗാന്ധിയെ ശരിക്ക് മനസ്സിലാക്കിയില്ലായെന്ന ഒരു നിലപാടായിരുന്നു ഗാന്ധിയന്മാ൪ ഉന്നയിച്ചത്.  ദലിത൪ക്കെതിരെ ഗാന്ധിക്ക് വേണ്ടി വാദിക്കുമ്പോൾ ദലിത൪ക്ക് എതി൪പക്ഷത്ത്  ഗാന്ധിയെ സ്വയം നി൪ത്തേണ്ട ഒരു ഗതികേട് ഗാന്ധിയന്മാ൪ നേരിട്ടിരുന്നിരിക്കണം. അരുന്ധതി റോയിയെ വിമ൪ശിക്കുമ്പോൾ ഈ ധ൪മസങ്കടം ഇല്ല. രണ്ടാമതായി  അംബേദ്കറിൻെറ വിമ൪ശത്തെ ‘ചരിത്രമായി’ സ്ഥാപിച്ച് അതുമായി നീക്കുപോക്കിനു ശ്രമിക്കുമ്പോൾ  വീണ്ടും വീണ്ടും സമകാലിക രാഷ്ട്രീയത്തിൽ  പേടിസ്വപ്നമായി  അത് കയറിവരുന്നു എന്നതാണ്.

മൂന്നാമതായി,  അരുന്ധതി റോയി പോലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരി  പറയുന്നതുകൊണ്ട് ‘പൊതു’സമൂഹത്തിലത് സ്വീകരിക്കപ്പെടുമോ എന്ന ഭീതി. ദലിത് പക്ഷത്തുനിന്നുള്ള വിമ൪ശങ്ങൾക്ക് പുറത്തു ചാ൪ത്താൻ കഴിയുന്ന ഒരു മുദ്ര ഇതിനു  ചാ൪ത്താൻ കഴിയാതെ വരുന്നു. ദലിത് അല്ലാത്ത ആളാണ് ഇത് പറയുന്നത് എന്നതും പേടിയുണ്ടാക്കുന്നു. അതുകൊണ്ടുതന്നെയാകണം ‘പൊതുജനങ്ങളുടെ കൈയടി കിട്ടുന്നതിനുവേണ്ടി എന്തെങ്കിലും പറയുന്നത് ശരിയല്ല’ എന്ന് ഗാന്ധി സ്മാരക നിധിയുടെ വ൪ക്കിങ് ചെയ൪മാനും സെക്രട്ടറിയും പ്രതികരിച്ചത്. പൊതുജനങ്ങളിൽ കുറച്ചുപേരെങ്കിലും കൈയടിക്കും എന്നതുതന്നെ അവരെ ഭയപ്പെടുത്തുന്നു.    ഈ ‘പൊതുവായ’ ഒരു സങ്കൽപത്തിനു വിരുദ്ധമായി വ്യത്യസ്ത സമുദായങ്ങൾക്ക് ഗാന്ധിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ വെച്ചുപുല൪ത്താനുള്ള അവകാശമില്ളേ എന്നതാണ് ചോദ്യം.

മറ്റൊരു വാദം ഗാന്ധിക്ക്  ‘ദേശീയ’ പ്രാധാന്യമുണ്ടെന്നും എന്നാൽ, അയ്യങ്കാളിക്ക് ‘പ്രാദേശികമായ’പ്രാധാന്യം മാത്രമാണുള്ളതെന്നുമായിരുന്നു. ഈ ‘ദേശീയം’ എന്ന ഇടം ഒരു പ്രത്യേക ചരിത്ര സന്ദ൪ഭത്തിൽ വിഭാവനചെയ്യപ്പെട്ടതാണ് എന്നത് വിസ്മരിച്ചുകൊണ്ടാണ് ഇത്തരം വാദം ഉയരുന്നത്. ‘ദേശീയം’ എന്ന ഈ ഇടപാടിൽനിന്നുകൊണ്ട് മാത്രമായിരിക്കും ‘പ്രാദേശികത’യെ നി൪ണയിക്കുന്നത്. ഇത് ചില ചോദ്യങ്ങൾ ഉയ൪ത്തുന്നുണ്ട്. എന്തുകൊണ്ട് ദണ്ഡി മാ൪ച്ചും ജാലിയൻവാലാ ബാഗും ‘ദേശീയ’മായി അംഗീകരിക്കപ്പെടുന്നു? എന്നാൽ,  അയ്യങ്കാളിയുടെയും  അപ്പച്ചൻെറയും  വൈകുണ്ഠ സ്വാമിയുടെയും സമരങ്ങള ‘പ്രാദേശികം’ മാത്രമായി മനസ്സിലാക്കപ്പെടുന്നു? കാരണം മറ്റൊന്നുമല്ല. അയിത്തത്തിനെതിരായ കീഴാള സമരങ്ങൾക്ക് ദേശീയവാദ ചരിത്രത്തിൽ ഇടമില്ല എന്നതുകൊണ്ടാണത്. ദേശീയവാദ ചരിത്രത്തിൻെറ മണ്ഡലം വേറെയാണ് .  ആ ചരിത്രത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല ഈ സമരങ്ങൾ.  

അയിത്തത്തിന് എതിരായ,  വഴി നടക്കാനുള്ള സമരങ്ങളും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സമരങ്ങളും എളുപ്പമുള്ള ഒന്നായിരുന്നില്ല.  ‘പൊതുയിടം’ ഒരു സംഘ൪ഷഭരിതമായ ഇടമായിരിക്കും. അരുന്ധതി റോയിയുടെ പരാമ൪ശം ‘പൊതു’ ഇടത്തിൻെറ ഈ സംഘ൪ഷത്തത്തെന്നെയാണ് വെളിവാക്കുന്നത്.  ഗാന്ധിയെ ‘അപമാനിക്കുന്ന’തിനുമപ്പുറം അയ്യങ്കാളിക്ക് കൊടുക്കുന്ന പ്രാധാന്യം കൂടിയാണ്  ഈ അസ്വസ്ഥത  ഉണ്ടാക്കുന്നത്. അയ്യങ്കാളിക്ക് ഗാന്ധിയേക്കാൾ സ്ഥാനമോ  എന്നതാണ് ഗാന്ധി ഭക്തരുടെ ആശങ്ക. ‘പുലയരാജാവ്’, ‘അധ$സ്ഥിതരുടെ പടത്തലവൻ’ എന്നൊക്കെ അഭിസംബോധന ചെയ്യുന്നതിൽ അവ൪ക്ക് പ്രശ്നമില്ല. എന്നാൽ, ഒരു പൊതു സ൪വകലാശാലക്ക് അയ്യങ്കാളി സ൪വകലാശാല എന്ന് പേരിട്ടാൽ പ്രശ്നമാണ്. അയ്യങ്കാളിയെ  പുതിയ  ‘പൊതു’ ഇടങ്ങളിൽ പ്രതിഷ്ഠിക്കുന്നതാണ് അവരെ അസ്വസ്ഥമാക്കുന്നത്.

പൊതുവായ ഇടത്ത് വ്യത്യസ്ത സമുദായങ്ങൾ അധീശ ദേശീയവാദത്തിൻെറ വ്യവഹാരങ്ങളിൽ വിള്ളൽ വിഴ്ത്തുന്നത് ഗുണകരമായാണ്  മനസ്സിലാക്കേണ്ടത്. ‘പൊതു’ ഇടത്തെ പുന$സൃഷ്ടിക്കുക എന്നതുകൂടിയാണല്ളോ കീഴാള  വിഭാഗങ്ങളുടെ ലക്ഷ്യം. അയ്യങ്കാളി ചെയ൪ എന്ന ആശയംതന്നെ അക്കാദമിക രംഗത്ത് അയ്യങ്കാളി കൂടുതൽ പ്രാധാന്യം കൈവരിക്കുന്നതിൻെറ സൂചനയാണ്. വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടി അയ്യങ്കാളി നടത്തിയ സമരങ്ങൾ അംഗീകരിക്കപ്പെടുന്നു എന്നുള്ളത് കൂടിയാണ് ഈ സംരംഭത്തിൻെറ ഒരു വിജയം. പത്തു ബി.എക്കാ൪ തൻെറ സമുദായത്തിൽനിന്നും ഉണ്ടാവണം എന്ന് പറഞ്ഞ അയ്യങ്കാളിയെ സംബന്ധിച്ച്  അക്കാദമിക രംഗത്തെ ഈ ശ്രമം വളരെ പ്രാധാന്യം ഉള്ള ഒന്നാണ്. അയ്യങ്കാളി ചെയറിൻെറ സെമിനാ൪ ഉദ്ഘാടന ചടങ്ങിൽ  അരുന്ധതി റോയ് നടത്തിയ പരാമ൪ശങ്ങൾ കേരളത്തിൻെറ പൊതുയിടത്തെ ഉലച്ചത് ഒരുരാഷ്ട്രീയ ഇടപാടാണ് എന്നാണ് മനസ്സിലാക്കേണ്ടത്. അയിത്ത ജാതിക്കാരുടെ  അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു രാഷ്ട്രീയ ഇടപാടിൻെറ ഭാഗമായിരുന്നു അംബേദ്കറിന് ഗാന്ധി വിമ൪ശം. അധികാര  കൈമാറ്റത്തിന് ശേഷമുള്ള കാലഘട്ടത്തിലും ഗാന്ധി വിമ൪ഷിക്കപ്പെട്ടിട്ടുണ്ട്. സബാൾടൻ സ്റ്റഡീസിൻെറ  ഭാഗമായി പാ൪താ ചാറ്റ൪ജിയുടെയും ഷാഹിദ അമീൻെറയുമൊക്കെ പഠനങ്ങളുമുണ്ട് . സമകാലിക രാഷ്ട്രീയത്തോടുള്ള ഒരു ഇടപെടലാണ് സമകാലിക ഗാന്ധി  വിമ൪ശം. ആ വിമ൪ശത്തോട് വിയോജിപ്പുള്ളവ൪ രാഷ്ട്രീയമായാണ്  നേരിടേണ്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.