ഇറാഖിലേക്ക് യുവാക്കളെ അയച്ചവരെന്ന് സംശയം; രണ്ടു പേര്‍ കസ്റ്റഡിയില്‍

മുംബൈ: ജിഹാദിൻെറ പേരിൽ ഇറാഖിലെ സുന്നി വിമത൪ക്കൊപ്പം ചേരാൻ മഹാരാഷ്ട്രയിലെ കല്യാണിൽനിന്ന് യുവാക്കളെ അയച്ചവരെന്നു സംശയിക്കുന്ന രണ്ടുപേ൪ മഹാരാഷ്ട്ര എ.ടി.എസ് കസ്റ്റഡിയിൽ. ഒരാൾ വ്യവസായിയും മറ്റെയാൾ ഇസ്ലാമിക സംഘടനാ പ്രവ൪ത്തകനുമാണെന്ന് എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു.
ദിവസങ്ങളോളം നിരീക്ഷണ വിധേയമാക്കിയ ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, യുവാക്കൾക്കെതിരെ ഇപ്പോൾ സംശയം മാത്രമേ ഉള്ളൂവെന്ന് ഉന്നത ഉദ്യോഗസ്ഥ൪ പറഞ്ഞു. മേയ് 23 നാണ് താണെ ജില്ലയിലെ കല്യാൺ നിവാസികളായ ആരിഫ് മജീദ്, അമൻ നായിക് ടാണ്ടൽ, ശാഹീൻ ഫാറൂഖി, ഫഹദ് തൻവീ൪ എന്നിവ൪ ഇറാഖിലേക്ക് പോയത്. ഇവ൪ സുന്നിവിമത൪ക്കൊപ്പം ചേ൪ന്നുവെന്നാണ് സംശയിക്കുന്നത്. ഇവരിൽ ആരിഫ് മജീദ് കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിവരം ലഭിക്കുകയും ചെയ്തിരുന്നു. വിവരത്തെ തുട൪ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ജനാസ നമസ്കാരം നി൪വഹിക്കുകയും ചെയ്തു.
ആരിഫിൻെറ ഫോട്ടോസഹിതം ഇറാഖിലെ ‘പോരാട്ടത്തിനിടെ രക്തസാക്ഷി’ ആയെന്ന്  ജിഹാദീ സംഘടനയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. കല്യാണിൽ പ്രവ൪ത്തിക്കുന്ന മുസ്ലിം സംഘടനയുമായി ബന്ധമുള്ളവരാണ് ഇറാഖിലേക്ക് പോയവരും ഇപ്പോൾ കസ്റ്റഡിയിലുള്ളവരുമെന്ന് എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു.
മറ്റ് മതക്കാ൪ക്ക് ഇസ്ലാം പരിചയപ്പെടുത്തുകയും ഖു൪ആൻ വിതരണം ചെയ്യുകയും ചെയ്യുന്ന സംഘടനയാണ് സംശയത്തിൻെറ നിഴലിൽ. ഇവ൪ യുവാക്കളെ ജിഹാദിനായി പ്രേരിപ്പിക്കുന്നുവെന്നാണ് സംശയം. ഇറാഖിലേക്കു പോകാൻ സാമ്പത്തികം ഉൾപെടെ സഹായങ്ങൾ ചെയ്തത് കസ്റ്റഡിയിലുള്ള വ്യവസായിയാണെന്ന് സംശയിക്കപ്പെടുന്നു. തീ൪ഥാടന പാക്കേജുകളുള്ള ചെറുകിട ട്രാവൽ ഏജൻസി വഴിയാണ് നാലു പേരും ഇറാഖിലേക്ക് പോയത്.  പ്രമുഖ മലയാളി ട്രാവൽസ് വഴിയാണ് ഈ ചെറുകിട ട്രാവൽസ് വിമാന ടിക്കറ്റ് വാങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.