കേന്ദ്രമന്ത്രിമാര്‍ നിരീക്ഷണ വലയത്തില്‍

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ രണ്ടും മൂന്നും സ്ഥാനക്കാരായ രാജ്നാഥ്സിങ്, അരുൺ ജെയ്റ്റ്ലി എന്നിവരുടെ പോര് ആഭ്യന്തരമന്ത്രിയുടെ മകൻ പങ്കജ്സിങ് ഉൾപ്പെട്ട അഴിമതി ആരോപണം പുറത്തുകൊണ്ടുവന്നതിനൊപ്പം, മന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കഴുകൻ കണ്ണുകൾ’ നിരീക്ഷിക്കുന്നതിൻെറ പുതിയ വിവരങ്ങളും വെളിച്ചത്തുവരുന്നു. ഐ.പി.എസ് നിയമനങ്ങൾക്ക് പങ്കജ്സിങ് ലക്ഷങ്ങൾ കോഴ വാങ്ങിയെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനെയും മകനെയും വിളിച്ചു വരുത്തി പണം തിരിച്ചുകൊടുക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടുവെന്നുമുള്ള കഥക്കു പിന്നാലെയാണ് ജെയ്റ്റ്ലി-രാജ്നാഥ്സിങ് പോര് പുറത്തായത്. യു.പിയിൽ പാ൪ട്ടി സെക്രട്ടറിയായ പങ്കജ്സിങ്ങിന് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാ൪ഥിത്വം നിഷേധിക്കുകയും ചെയ്തു.  

സാ൪ക് സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്കൊപ്പം പുറപ്പെടാൻ ഒരുങ്ങിയിറങ്ങിയ ഒരു മന്ത്രിക്ക് വീണ്ടും വസതിയിലേക്ക് തിരിച്ചുപോയി വേഷം മാറേണ്ടിവന്നുവെന്നതാണ് മറ്റൊരു കഥ. കാറിൽ കയറി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഫോൺ വന്നത്. താങ്കൾ ജീൻസാണ് ധരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രിക്കൊപ്പം വരുന്നുവെങ്കിൽ സാധാരണ വേഷത്തിൽ വേണമെന്നുമായിരുന്നു അറിയിപ്പ്. മന്ത്രി തിടുക്കപ്പെട്ട് വണ്ടി തിരിച്ചുവിട്ട് കു൪ത്തയും പൈജാമയും ധരിച്ച് ഒരുവിധത്തിൽ പ്രധാനമന്ത്രിയുടെ വിമാനത്തിൽ കയറിപ്പറ്റി.  മകൻെറ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ വിദേശത്തേക്ക് പറന്ന മന്ത്രിക്ക് പാതിവഴിയിൽവെച്ച് തിരിച്ചു പറക്കേണ്ടി വന്നുവെന്ന് മറ്റൊരു കഥയുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് അനുവാദം വാങ്ങാതെ വിദേശയാത്ര നടത്തിയതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടത് യാത്രാമധ്യേയാണ്. 

ഫൈവ് സ്റ്റാ൪ ഹോട്ടലിൽ ഒരു പ്രമുഖ വ്യവസായിക്കൊപ്പം ഡിന്നറിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വിരണ്ടുപോയ സംഭവവുമുണ്ട്. മന്ത്രിക്ക് പ്രധാനമന്ത്രിയുടെതന്നെ ഫോൺകോൾ വന്നത് ഡിന്ന൪ കഴിക്കുമ്പോഴായിരുന്നു. കൂട്ടത്തിലിരിക്കുന്ന വ്യവസായിയെക്കുറിച്ച് തിരക്കുകയും ചെയ്തു. മന്ത്രിയും വ്യവസായിയും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തമായി അറിഞ്ഞിട്ടുണ്ടെന്ന സന്ദേശം പരോക്ഷമായി മന്ത്രിക്ക് നൽകുകയാണ് മോദി ചെയ്തത്. ഒരുവിധത്തിൽ ഭക്ഷണം കഴിച്ച് മന്ത്രി തിടുക്കത്തിൽ ഹോട്ടൽ വിട്ടു.  തങ്ങളുടെ പ്രവ൪ത്തനങ്ങൾ അതീവരഹസ്യമായി നിരീക്ഷിക്കുന്നുവെന്ന ഭീതി പല മന്ത്രിമാരിലും മുതി൪ന്ന പാ൪ട്ടി നേതാക്കളിലുമുണ്ട്. ‘നേതാവ്’ അറിയാതെ പ്രധാനപ്പെട്ട ഒരു ഫയലിലും ഒപ്പിടാനോ തീരുമാനങ്ങൾ എടുക്കാനോ മന്ത്രിമാ൪ തയാറല്ല.

അധികാരത്തിൽ വന്നിട്ട് 100 ദിവസമാകുന്നതിൻെറ ഭരണവേഗം ഉണ്ടാകാത്തത് ഈ ഉൾപ്പേടികൊണ്ടാണെന്ന വിവരമാണ് പാ൪ട്ടി നേതാക്കൾക്കിടയിൽനിന്ന് പുറത്തുവരുന്നത്.  എന്നാൽ, ഇതിനെ മോദിയുടെ പ്രവ൪ത്തനമേന്മയായി ഉയ൪ത്തിക്കാട്ടുന്നതിനുകൂടിയാണ് മോദിപക്ഷം ശ്രമിക്കുന്നത്. പാ൪ട്ടിക്കാ൪ കോഴ വാങ്ങാൻ ശ്രമിക്കുന്നത് തടഞ്ഞുവെന്നും മറ്റും വരുന്നത് മോദിയുടെ പ്രതിച്ഛായ പൊതുജനമധ്യത്തിൽ ഉയരാൻ സഹായിക്കും. അതിനൊപ്പം മന്ത്രിമാരെ വരുതിയിൽ കൊണ്ടുവരാനുള്ള സമ൪ഥമായ നീക്കം കൂടിയാണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.