ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സംഘം പ്രമുഖ ചലച്ചിത്ര സംവിധായിക അപ൪ണ സെന്നിനെ ചോദ്യം ചെയ്തു. ദേശീയ പുരസ്കാര ജേതാവ് കൂടിയായ ഇവ൪ 2011ൽ ശാരദ ഗ്രൂപ്പിന് കീഴിൽ തുടങ്ങിയ 'പരോമ' മാഗസിനിൻെറ എഡിറ്ററായിരുന്നു. ശാരദ ഗ്രൂപ്പ് തക൪ന്നതിനെ തുട൪ന്ന് കഴിഞ്ഞവ൪ഷം ഏപ്രിലിൽ മാഗസിൻ പ്രസിദ്ധീകരണവും നി൪ത്തിയിരുന്നു.
ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം പ്രമുഖരുടെ വീടും ഓഫിസും ഉൾപ്പെടെ 56 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഒഡിഷയിലെ 54 കേന്ദ്രങ്ങളിലും മുംബൈയിലെ രണ്ടു കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നത്. അന്വേഷിക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സംഘം ബംഗാൾ മന്ത്രി ശ്യാമപ്രദ മുഖ൪ജിയെയും ചോദ്യം ചെയ്തിരുന്നു.
്ഇതോടെ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതിക്കൂട്ടിലായ ചിട്ടി തട്ടിപ്പ് കേസിൽ അന്വേഷണം ഉന്നതങ്ങളിലേക്ക് നീളുകയാണ്. ഒഡിഷയിൽ ബിജു ജനതാദൾ എം.എൽ.എ പ്രവത ത്രിപാഠി, ഒഡിഷ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആശീ൪വാദ് ബഹ്റ, ഒഡിഷയിലെ പ്രാദേശിക പത്രമുടമ ബികാശ് സെയ്ൻ, യൂത്ത് കോൺഗ്രസ് നേതാവ് സംഭിക് കുണ്ഡ്യ എന്നിവരുടെ വീടുകളും ഓഫിസുകളും സി.ബി.ഐ റെയ്ഡ് ചെയ്തിരുന്നു.
ശാരദ ചിട്ടി ഫണ്ട് നടത്തിപ്പുകാ൪ ബംഗാൾ, ഒഡിഷ, അസം സംസ്ഥാനങ്ങളിൽനിന്ന് പതിനായിരക്കണക്കിന് സാധാരണ നിക്ഷേപകരിൽനിന്നായി 10,000 കോടിയിലേറെ തട്ടിയെടുത്തെന്നാണ് കേസ്. കൊൽക്കത്ത, ഗുവാഹതി, ബുവനേശ്വ൪, ഡൽഹി എന്നിവിടങ്ങളിൽ നൂറിലേറെ കേന്ദ്രങ്ങൾ സി.ബി.ഐ നേരത്തേ റെയ്ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.