ചിറ്റൂര്‍ ക്രിക്കറ്റ് സ്റ്റേഡിയം "കോടതികയറാന്‍' തുടങ്ങിയിട്ട് രണ്ടാണ്ട്

തൊടുപുഴ: ജില്ലയുടെ സ്വപ്നമായ ചിറ്റൂരിലെ ക്രിക്കറ്റ് സ്റ്റേഡിയം കോടതികയറാന്‍ തുടങ്ങിയിട്ട് രണ്ടാണ്ട്. മണക്കാട് പഞ്ചായത്തില്‍ സ്റ്റേഡിയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുമ്പോള്‍ പദ്ധതിക്കായി വയല്‍ പ്രദേശം കൈയേറിയതായി ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ നല്‍കിയ പരാതിയാണ് സ്റ്റേഡിയത്തിന്‍െറ പണികള്‍ പാതിവഴിയില്‍ മുടങ്ങാന്‍ കാരണം. ഇതോടെ നിരവധി കായികതാരങ്ങളുടെ സ്വപ്നങ്ങളും കോടതികയറിയിറങ്ങുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ചിറ്റൂരില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനായി ചിറ്റൂര്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ പത്തേക്കര്‍ സ്ഥലം മൂന്നുകോടി രൂപ മുടക്കി ഏറ്റെടുത്തത്. അഞ്ച് കോടിയുടെ ബജറ്റാണ് വകയിരുത്തിയത്. എന്നാല്‍, പണികള്‍ മുടങ്ങിയതോടെ നേരത്തേ തയാറാക്കിയ ബജറ്റില്‍ ഇനി പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി കായികതാരങ്ങളെ വിവിധ കായികയിനങ്ങളില്‍ സംസ്ഥാന തലങ്ങളിലും ദേശീയ തലങ്ങളിലും സംഭാവന ചെയ്തിട്ടുള്ള ജില്ലയാണ് ഇടുക്കി. എന്നാല്‍, ഇവര്‍ക്ക് പരിശീലന സൗകര്യം ഒരുക്കാനോ ഫണ്ട് കണ്ടത്തൊനോ സ്പോര്‍ട്സ് കൗണ്‍സിലിന് സാധിക്കാത്തതിനല്‍ കായികരംഗത്ത് മികവ് തെളിയിച്ച പലരും പിന്‍വാങ്ങുന്ന സ്ഥിതിയാണ്. ചിറ്റൂരില്‍ ക്രിക്കറ്റ് സ്റ്റേഡിയം പൂര്‍ത്തീകരിച്ചാല്‍ നിരവധി ക്രിക്കറ്റ് താരങ്ങളെ സംസ്ഥാന-ദേശീയ തലത്തിലേക്ക് സംഭാവന ചെയ്യാന്‍ സാധിക്കും. നിലവില്‍ കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ പോയാണ് ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍െറ കീഴിലുള്ള കുട്ടികള്‍ പരിശീലനം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.