അടിമാലി: ഇടുക്കിയെ നടുക്കിയ ചീയപ്പാറ മണ്ണിടിച്ചില്‍ ദുരന്തത്തിനും കുഞ്ചിത്തണ്ണി ഉരുള്‍പൊട്ടലിനും ഒരു വയസ്സ് തികയുന്നു. വീണ്ടുമൊരു കാലവര്‍ഷം കലിതുള്ളിനില്‍ക്കുമ്പോള്‍ പ്രാര്‍ഥനകളോടെ കഴിയുകയാണ് ഈ പ്രദേശങ്ങളിലുള്ളവര്‍. 2013 ആഗസ്റ്റ് അഞ്ചിനാണ് ദുരന്തം പെരുമഴയായി ചീയപ്പാറയില്‍ പെയ്തിറങ്ങിയത്. മൂന്നുപേര്‍ മരിക്കുകയും എഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിന്‍െറ ശേഷിപ്പുകള്‍ ഇപ്പോഴും ഭീഷണിയായി നില്‍ക്കുന്നു. ചീയപ്പാറ വെള്ളച്ചാട്ടത്തിന്‍െറ ഇരുഭാഗങ്ങളിലുമായി 150 മീറ്റര്‍ ഉയരത്തില്‍നിന്ന് ദേശീയപാതയിലേക്ക് കൂറ്റന്‍ മല ഇടിഞ്ഞ് വീഴുകയായിരുന്നു. വിനോദ സഞ്ചാരികളുടെ ബസ് ഉള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടതായി വാര്‍ത്ത പുറത്തുവന്നതോടെ കേരളം ഞെട്ടി. ദുരന്ത ഭീഷണി വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാരും പൊലീസും മണിക്കൂറുകള്‍ക്കകം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും പരിക്കുകളോടെ ഏഴ് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. വിനോദ സഞ്ചാരികളുടെ ബസും നിരവധി വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടതായി അഭ്യൂഹം പരന്നതോടെ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും നാട്ടുകാരും ചീയപ്പാറയിലേക്ക് കുതിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ദുരന്ത നിവാരണസേന തിരച്ചില്‍ നടത്തി കൂടുതല്‍ ആളപായമില്ളെന്ന് ഉറപ്പാക്കിയതോടെയാണ് പരിഭ്രാന്തി വിട്ടൊഴിഞ്ഞത്. ദേവികുളം താലൂക്ക് ഓഫിസിലെ ഡ്രൈവര്‍ ദേവികുളം ഇറച്ചിപ്പാറ സ്വദേശി രാജന്‍ (28), വാളറ തോപ്പില്‍കുടി ജോഷി (41), പാലക്കാട് കല്‍മണ്ഡപം സെല്‍വപാളയം തെക്കേക്കര വീട്ടില്‍ ജോസ് എബ്രഹാമിന്‍െറ മകന്‍ ജിതിന്‍ ജോസ് (11) എന്നിവരാണ് മരിച്ചത്. മൂന്നാറിലെ പലചരക്ക് വ്യാപാരി മദന്‍ലാല്‍, ഭാര്യ സരോജ, ഇവരുടെ ഡ്രൈവര്‍ മായാറാവു, മൂന്നാറിലെ മറ്റൊരു വ്യാപാരി സൈമണ്‍, ചീയപ്പാറയിലെ വ്യാപാരി വാളറ തോപ്പില്‍കുടി ബേബി ,മകന്‍ രാജന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. തലേദിവസത്തെ കനത്ത മഴയില്‍ കൊച്ചി-മധുര ദേശീയ പാതയില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതാണ് ദുരന്തത്തിന്‍െറ വ്യാപ്തി കുറച്ചത്. ദുരന്ത സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച പല സഹായങ്ങളും ദുരിത ബാധിതര്‍ക്ക് ഇനിയും ലഭിച്ചില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ലഭിച്ച പ്രാഥമിക സഹായത്തില്‍ ആനുകൂല്യങ്ങള്‍ ഒതുങ്ങി. കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയില്‍ അപകടാവസ്ഥയിലായ മരങ്ങള്‍ വെട്ടിമാറ്റുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. ഇതും നടന്നില്ല. അടിമാലി താലൂക്കാശുപത്രി വികസിപ്പിക്കാനുള്ള തീരുമാനവും പ്രഖ്യാപനത്തില്‍ ഒതുങ്ങി. 13 ഡോക്ടര്‍മാരെയും 24 പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കുന്നതോടൊപ്പം കെട്ടിട നിര്‍മാണത്തിന് അഞ്ച് കോടി അനുവദിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മന്ത്രിസഭ അംഗീകരിച്ച തീരുമാനം കടലാസിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.