രോഗവും പട്ടിണിയും വിട്ടൊഴിയാതെ അമ്മയും മക്കളും

തൃക്കരിപ്പൂര്‍: ദാരിദ്ര്യവും രോഗങ്ങളും വിട്ടൊഴിയാതെ അമ്മയും മൂന്ന് മക്കളും ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നു. നട്ടെല്ലിന് ബാധിച്ച കഠിന രോഗത്തെ വകവെക്കാതെ മക്കളുടെ വ്യാധികള്‍ മാറ്റാന്‍ മാര്‍ഗം ആലോചിച്ചു ഉരുകുകയാണ് 75 കാരിയായ പുത്തന്‍ പുരക്കല്‍ മേരി. അപൂര്‍വമായി കണ്ടു വരുന്ന നട്ടെല്ല് വളയുന്ന രോഗം ഇവരെ വേദന കൊണ്ട് വരിഞ്ഞു മുറുക്കുകയാണ്. മേരിക്കൊപ്പം വൃക്കരോഗം ബാധിച്ച 40 വയസ്സുള്ള മകള്‍ അല്‍ഫോണ്‍സയും മനോ വൈകല്യം ബാധിച്ച രാജേശ്വരിയും തൃക്കരിപ്പൂര്‍ നടക്കാവ് റോഡില്‍ കാപ്പിനടുത്ത് വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. മൂന്നാമത്തെ മകള്‍ അല്‍ഫോണ്‍സയുടെ ചികിത്സക്കായി ഈ വൃദ്ധ മാതാവ് നെട്ടോട്ടമോടുന്നതിനിടയിലാണ് മകള്‍ രാജേശ്വരി മനോ വൈകല്യം പ്രകടിപ്പിച്ചത്. കോഴിക്കോട് ചിത്തരോഗാശുപത്രിയില്‍ ചികിത്സക്കായി പോയെങ്കിലും തുടര്‍ ചികിത്സക്ക് ബുദ്ധിമുട്ടുകയാണ്. മേരിയുടെ ഭര്‍ത്താവ് പാപ്പച്ചന്‍ ആറു വര്‍ഷം മുമ്പ് മരിച്ചു. എട്ടു മക്കളില്‍ ആറു പെണ്ണും രണ്ട് ആണുമാണ്. ഒരു മകന്‍ കൂലിപ്പണിയെടുത്ത് ജീവിതം തള്ളി നീക്കുന്നു. മാനസികാസ്വാസ്ഥ്യമുള്ള രണ്ടാമന്‍ തൊഴിലെടുക്കാന്‍ കഴിയാതെ കൊയോങ്കരയിലെ മറ്റൊരു മുറിയില്‍ കഴിയുന്നു. പെണ്‍ മക്കളില്‍ മൂന്നുപേര്‍ കേരളത്തിലും തമിഴ്നാട്ടിലുമായി ഭര്‍ത്താക്കന്മാര്‍ക്കൊപ്പമാണ്. 40വര്‍ഷമായി കൊയോങ്കരയിലും നടക്കാവിലുമായി വാടക ക്വാര്‍ട്ടേഴ്സുകളിലാണ് കുടുംബം താമസിച്ചത്. 45 വര്‍ഷം മുമ്പ് തൊടുപുഴയില്‍ നിന്ന് ചെറുപുഴയിലത്തെിയ കുടുംബത്തിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. അതിനാല്‍ റേഷന്‍കാര്‍ഡു പോലും ഇനിയും കിട്ടിയിട്ടില്ല. മക്കളുടെ ചികിത്സക്കായി ആരെയാണ് സമീപിക്കേണ്ടതെന്ന് ഇവര്‍ക്കറിയില്ല. മാസം 2500 രൂപ ക്വാര്‍ട്ടേഴ്സിന് വാടകയിനത്തില്‍ നല്‍കണം. പടന്ന കേന്ദ്രീകരിച്ചുള്ള പാലിയേറ്റിവ് സംഘടനയുടെ പ്രവര്‍ത്തകര്‍ ചിലപ്പോള്‍ അത്യാവശ്യ മരുന്നുകള്‍ ഇവര്‍ക്ക് എത്തിച്ച് നല്‍കുന്നു എന്നതൊഴിച്ചാല്‍ മറ്റ് സഹായം ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.