ലങ്കാദഹനം

ഒരു ഭയങ്കര ജന്തുവന്ന് ഉദ്യാനം തക൪ക്കുന്നതായി പടയാളികൾ രാവണനെ അറിയിച്ചു. രാവണൻ നിരവധി പടയാളികളെ അയച്ചെങ്കിലും ഹനുമാനെ പിടിച്ചുകെട്ടാനായില്ല. രാവണൻെറ ഇളയ മകൻ അക്ഷകുമാരൻ എതിരിടാൻ വന്നു. ഹനുമാൻ അക്ഷകുമാരനെ വധിച്ചു. അപ്പോൾ ഇന്ദ്രജിത്ത് സ്വയംവന്ന് ഹനുമാനോട് എതിരിട്ടു. ഹനുമാന് രാവണനെ കാണണമെന്നതുകൊണ്ട് ഇന്ദ്രജിത്തിനെ തന്നെ പിടിച്ചുകെട്ടാനനുവദിച്ചു. ഹനുമാനെയും കൊണ്ട് രാക്ഷസപ്പടയാളികൾ രാവണൻെറ മുന്നിലത്തെി.
ഹനുമാൻ താൻ ശ്രീരാമ സ്വാമിയുടെ ദൂതനെന്നു വെളിപ്പെടുത്തി. ദുഷ്ടജീവിതം മതിയാക്കി ശിഷ്ടജീവിതം ഭക്തിയിൽ ജീവിക്കാൻ ആവശ്യപ്പെട്ടു. ഭക്തി ഉണ്ടായാലോ? ആത്മാവ് ശുദ്ധിനേടും. ജ്ഞാനമുദിക്കും. തപസ്സുകൊണ്ട് പാണ്ഡിത്യവും സിദ്ധികളും കരഗതമാണ്. അവ പാപം ചെയ്ത് നശിപ്പിക്കരുത്. അന്യൻെറ ഭാര്യയെ അപഹരിക്കുന്നത് കൊടിയ പാപം. അതിനാൽ, സീതാദേവിയെ തിരിച്ചേൽപിച്ച് ശ്രീരാമ സ്വാമിയോട് മാപ്പു പറയണം. എൻെറ ശ്രീരാമ സ്വാമി കരുണാമൂ൪ത്തിയാണ്.

രാവണന് ദേഷ്യം വന്നു. ഹനുമാനെ വധിക്കാൻ ആജ്ഞാപിച്ചു. വിഭീഷണൻ ഇടയിൽ കയറി തടുത്തു. ദൂതവധം പാപമാണ്. ശിക്ഷിക്കണമെങ്കിൽ വൈരൂപ്യം വരുത്താം, ചമ്മട്ടികൊണ്ട് അടിക്കാം. എന്നിട്ട് വിട്ടയച്ചാൽ ഇവൻ ചെന്ന് രാമലക്ഷ്മണന്മാരോട് വിവരം പറയും. അവ൪ യുദ്ധത്തിനുവരും. ധ൪മം ലംഘിച്ചുവെന്ന ദോഷവും ഒഴിവായി കിട്ടും. അതു ശരിയെന്ന് രാവണനും തോന്നി. ഹനുമാൻെറ വാലിൽ തുണിചുറ്റി തീകൊളുത്താൻ ആജ്ഞയായി. ഹനുമാൻസ്വന്തം ശരീരം ചെറുതാക്കി എല്ലാ കെട്ടുകളിൽനിന്നും ഊ൪ന്നിറങ്ങി. എന്നിട്ട് പൂ൪വാധികം വലിപ്പംവെച്ചു. ലങ്കയിലെ വീടുകൾക്കും മരങ്ങൾക്കും വാലുകൊണ്ട് തീയിട്ടു. ലങ്ക അഗ്നി സമുദ്രമായി. ഇഷ്ടംപോലെ തീവെച്ചു രസിച്ചശേഷം വാൽ സമുദ്രത്തിൽ മുക്കിക്കെടുത്തി. എന്നിട്ട് സീതാദേവിയെ പോയിക്കണ്ടു. വിവരമെല്ലാം പറഞ്ഞു. ദേവി നിറകണ്ണുകളോടെ ഹനുമാനെ യാത്രയാക്കി. ഹനുമാൻ ഒറ്റച്ചാട്ടത്തിന് തിരിച്ച് മഹേന്ദ്ര പ൪വതം പൂകി. വാനരന്മാ൪ സന്തോഷം കൊണ്ട് മതിമറന്നു. പോയത് ഹനുമാനാണെങ്കിൽ കാര്യസിദ്ധി ഉറപ്പ്. ഹനുമാൻ എല്ലാവരോടും ലങ്കയിൽ നടന്നതെല്ലാം കേൾപ്പിച്ചു. പിന്നീട്, എല്ലാവരുമൊന്നിച്ച് ശ്രീരാമ സന്നിധിയിലേക്ക് യാത്രയായി.
ശ്രീരാമൻ സീതയുടെ അടയാളവാക്യം കേട്ടും ചൂഡാമണി കണ്ടും വിവശനായി. ഹനുമാൻ ശ്രീരാമനെ സമാധാനിപ്പിച്ചു. ശ്രീരാമൻ അത്യധികമായ വാത്സല്യത്തോടെ ഹനുമാനെ ആശ്ളേഷിച്ചു.

രാമഭക്തരിൽ ഹനുമാൻെറ സ്ഥാനം ഏറ്റവും മുന്നിലാകുന്നതും ഈ സ്നേഹവും കൂറും അചഞ്ചലമായ ഭക്തിയും കാരണമത്രെ. ചിരഞ്ജീവിയാണ് ഹനുമാൻ. ഇന്നും ഹനുമാനെയും ശ്രീരാമ സ്വാമിയെയും വേറിട്ട് സ്മരിക്കുക വിഷമമാണ്. ഒരാളെ സ്മരിച്ചാൽ മറ്റേയാളുടെ സ്മരണയും ഉദിക്കും. അതാണ് ഹനുമാൻെറയും ശ്രീരാമൻെറയും ഹൃദയബന്ധം. അതുതന്നെയാണ് ഈശ്വരനും ഭക്തനും തമ്മിലുള്ള  ബന്ധവും. ഭക്തരുടെ ദാസനായി നിൽക്കും ഈശ്വരൻ. പക്ഷേ, കറകളഞ്ഞ ഭക്തിയാവണം. സ്വാ൪ഥത പുരളാത്ത ഭക്തി. സാരൂപ്യം കഴിഞ്ഞു സായൂജ്യം പ്രാപിക്കുന്ന ഭക്തി. ഹനുമാൻേറതുപോലെ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.