വന്‍ദുരന്തം ഒഴിവാക്കിയത് മത്സ്യത്തൊഴിലാളികളുടെ കഠിനപ്രയത്നം

പുറത്തൂര്‍: പൊന്നാനി-പടിഞ്ഞാറക്കര ചങ്ങാടം സര്‍വീസ് ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് എത്തിയിട്ടും വന്‍ ദുരന്തം ഒഴിവാക്കിയത് മത്സ്യത്തൊഴിലാളികളുടെ കഠിന പ്രയത്നം. വ്യാഴാഴ്ച രാവിലെ 7.15ന് പൊന്നാനിയില്‍നിന്ന് പടിഞ്ഞാറക്കരയിലേക്ക് പുറപ്പെട്ട ജങ്കാര്‍ 7.30നാണ് ഒഴുക്കില്‍പെട്ട് കടലിലേക്ക് ഒലിച്ചുപോയത്. യാത്രക്കാരുടെ നിലവിളികേട്ട് അഴിമുഖത്ത് ബോട്ടിന്‍െറ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന ലബ്ബൈക്ക് ബോട്ടിലെ തൊഴിലാളികളായ സ്രാങ്ക് സുകുമാരന്‍, റസാഖ്, വി.കെ. ബഷീര്‍, ദിറാര്‍, അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഇവര്‍ ബോട്ടിലെ കയറുപയോഗിച്ച് കടലില്‍ ആടിഉലയുകയായിരുന്ന ചങ്ങാടത്തെ പുലിമുട്ടില്‍ തട്ടാതെയും കൂടുതല്‍ കടലിലേക്ക് ഇറങ്ങാതെയും തടഞ്ഞുനിര്‍ത്തി. എന്നാല്‍, ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോഴേക്കും കയര്‍പൊട്ടി കടലിലേക്ക് ഇറങ്ങാന്‍ തുടങ്ങിയ ചങ്ങാടത്തെ ബോട്ട് കുറുകെയിട്ട് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊന്നാനിയില്‍നിന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഇ.കെ. സിദ്ദീഖിന്‍െറ നേതൃത്വത്തില്‍ ആരിഫ്, അക്ബര്‍ എന്നീ ബോട്ടുകളിലും ഫൈബര്‍ വള്ളങ്ങളിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ എത്തി. തുടര്‍ന്ന് ഫൈബര്‍ വള്ളത്തില്‍ യാത്രക്കാരെ കരക്കെത്തിക്കുകയായിരുന്നു. ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ ചങ്ങാടത്തില്‍ കയര്‍കെട്ടി മണിക്കൂറുകള്‍ നീണ്ട കഠിന പ്രയത്നം നടത്തിയാണ് ചങ്ങാടവും അതിലെ ജീവനക്കാരെയും വാഹനങ്ങളെയും 9.30ഓടെ കരക്കെത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.