കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം

ആലപ്പുഴ: സ്വകാര്യ കമ്പനി നഗരസഭ റോഡിലൂടെ കേബ്ള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോരും സംഘര്‍ഷാവസ്ഥയും. ഭരണപക്ഷ അംഗങ്ങള്‍ വന്‍ അഴിമതി നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ കൗണ്‍സില്‍ യോഗം കൈയാങ്കളിയുടെ വക്കിലെത്തി. പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്. റിലയന്‍സ് ജിയോ ഇന്‍ഫോ കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആണ് അണ്ടര്‍ഗ്രൗണ്ടിലൂടെ കേബ്ള്‍ ഇടുന്നതിന് നേരത്തേ അനുമതി തേടിയത്. ഇത് ചര്‍ച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച യോഗം ചേര്‍ന്നപ്പോള്‍ ഭൂമിക്കടിയിലൂടെ കേബ്ള്‍ വലിക്കുമെന്ന് അറിയിച്ചതില്‍നിന്ന് വിപരീതമായി കോണ്‍ക്രീറ്റ് കെട്ടി ജി.ഐ പൈപ്പുകള്‍ സ്ഥാപിച്ച് മുകളിലൂടെ കേബ്ള്‍ വലിക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയത്. ഭൂമിക്കടിയിലൂടെ കേബ്ള്‍ വലിക്കുന്നതിന് 1,55,82,272 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ നഗരസഭ സെക്രട്ടറി നല്‍കിയ കത്തിന് വിപരീതമായാണ് കാര്യങ്ങള്‍ നടന്നതെന്നാണ് ആരോപണം.മുകളിലൂടെ കേബ്ള്‍ വലിക്കുന്നതിന് 8,62,500 രൂപയുടെ ഡി.ഡി നഗരസഭക്ക് റിലയന്‍സ് കൈമാറിയെന്നും നഗരസഭ കൗണ്‍സില്‍ ചര്‍ച്ചചെയ്യാന്‍ പോകുന്ന അജണ്ടയില്‍ മുന്‍കൂട്ടി തീരുമാനമെടുത്ത് പണം വാങ്ങിയതിന്‍െറ സാംഗത്യം ഭരണപക്ഷം വിശദമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ എതിര്‍വാദങ്ങളുമായി ഭരണപക്ഷവും രംഗത്തെത്തി. കോടികള്‍ നഗരസഭക്ക് ലഭിക്കുന്ന, ഭൂമിക്കടിയിലൂടെയുള്ള കേബിളിടല്‍ നടപടി വേണ്ടെന്ന് വെക്കുവാന്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കമ്പനിയുമായി ചേര്‍ന്ന് ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന് യു.ഡി.എഫ് ആരോപിച്ചു. ഭീമമായ തുക കമീഷന്‍ വാങ്ങിയ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് തോമസ് ജോസഫ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.