ഡല്‍ഹിയില്‍ രാഷ്ട്രീയ ഇഫ്താറുകള്‍ക്ക് അവധി

ന്യൂഡൽഹി: കേന്ദ്രത്തിലെ ഭരണമാറ്റത്തിൻെറ ചുവടുപിടിച്ച് രാഷ്ട്രീയ ഇഫ്താറുകൾക്ക് ഇക്കുറി അവധി. രാഷ്ട്രപതി പ്രണബ് മുഖ൪ജി, ബി.ജെ.പി സഖ്യകക്ഷിയായ എൽ.ജെ.പിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ രംവിലാസ് പാസ്വാൻ എന്നിവ൪ മാത്രമാണ് ഇക്കൊല്ലം ഭരണതലത്തിലുള്ളവരിൽ ഇഫ്താ൪ വിരുന്ന് ഒരുക്കിയവ൪.
എൺപതുകളിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് രാഷ്ട്രീയ നേതാക്കളുടെ വകയായി ഇഫ്താ൪ വിരുന്ന് ഒരുക്കുന്ന രീതി ഡൽഹിയിൽ തുടങ്ങിയത്. തുട൪ന്നിങ്ങോട്ട് സൗഹാ൪ദത്തിൻെറ സന്ദേശവുമായി രാഷ്ട്രീയ ഇഫ്താറുകൾ പതിവായി. ഇത്തരമൊരു കീഴ്വഴക്കത്തിൻെറ പ്രാധാന്യം ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിൻെറ ചുവടുപിടിച്ച് യു.പി.എ സ൪ക്കാറിൻെറ കാലത്ത് പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാ൪, രാഷ്ട്രീയ നേതാക്കൾ എന്നിവ൪ വെവ്വേറെ ഇഫ്താറുകൾ ഒരുക്കിയിരുന്നു. കഴിഞ്ഞ വ൪ഷം ഉത്തരാഖണ്ഡ് പ്രളയം കണക്കിലെടുത്ത് പ്രധാനമന്ത്രി ഇഫ്താ൪ വിരുന്ന് നടത്തിയില്ല.
 ബി.ജെ.പി നയിച്ച എൻ.ഡി.എ നേരത്തേ അധികാരത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി വാജ്പേയിയും സഖ്യകക്ഷിയിൽപെട്ട കേന്ദ്രമന്ത്രിമാരും ബി.ജെ.പിയിലെ മുസ്ലിം നേതാക്കളും ഇഫ്താ൪ വിരുന്നുകൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇക്കുറി അതിന് ആരും മെനക്കെട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 13 കൊല്ലത്തിനിടയിൽ നരേന്ദ്ര മോദി ഇഫ്താ൪ സംഘടിപ്പിച്ചിട്ടില്ളെന്നിരിക്കെ, മനമറിഞ്ഞ് മറ്റു നേതാക്കളും കണ്ണടച്ചു. മോദി ഇഫ്താ൪ നടത്തിയാൽ, മുസ്ലിം പ്രാതിനിധ്യം ഉണ്ടാകാനിടയില്ളെന്ന ആശങ്കയും കാരണമായി. അതേസമയം, ബി.ജെ.പിക്കാരനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇത്തവണയും ഒൗദ്യോഗിക വസതിയിൽ ഇഫ്താ൪ വിരുന്ന് ഒരുക്കി.
 തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിൽ പ്രമുഖ നേതാക്കളാരും ഇഫ്താ൪ വിരുന്ന് സംഘടിപ്പിച്ചില്ല. വിദേശകാര്യ സഹമന്ത്രിയായിരിക്കെ ഒൗദ്യോഗിക വസതിയിൽ വിപുലമായി ഇഫ്താ൪ വിരുന്ന് നടത്തുന്ന പതിവുകാരനായിരുന്നു കോൺഗ്രസ് സഖ്യകക്ഷി മുസ്ലിംലീഗിൻെറ നേതാവായ ഇ. അഹമ്മദ്. പ്രധാനമന്ത്രി, കോൺഗ്രസ് അധ്യക്ഷ തുടങ്ങിയവരെല്ലാം എത്തിയിരുന്ന ഈ രാഷ്ട്രീയ ഇഫ്താറിനും ഇക്കൊല്ലം അവധിയായി.
റമദാൻ അവസാന പത്തിലേക്ക് കടന്നിരിക്കെ, രാഷ്ട്രപതി പ്രണബ് മുഖ൪ജി തിങ്കളാഴ്ച രാഷ്ട്രപതി ഭവനിൽ ഒരുക്കിയ ഇഫ്താറോടെ ഒൗദ്യോഗിക സ്വഭാവമുള്ള ഇഫ്താ൪ വിരുന്നുകൾ അവസാനിക്കുകയാണ്.
പ്രണബ് മുഖ൪ജി ഒരുക്കിയ വിരുന്ന് പ്രമുഖരുടെ സൗഹാ൪ദ കൂടിച്ചേരലിനു വേദിയായി. ഇസ്രായേൽ എംബസി നടത്താനിരുന്ന ഇഫ്താ൪ വിരുന്ന് ഗസ്സ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.