പനമരം പുഴ നിറഞ്ഞു; നരസിപ്പുഴയോരത്തും ഭീഷണി

പനമരം: മൂന്നു ദിവസമായി പെയ്യുന്ന മഴയില്‍ പനമരം പുഴ നിറഞ്ഞു. ഇതോടെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ റവന്യൂ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ചൊവ്വാഴ്ച ആരെയും ഒഴിപ്പിച്ചിട്ടില്ല. പനമരം പഞ്ചായത്തില്‍ പാലുകുന്ന്, മാതോത്ത്പൊയില്‍, ചങ്ങാടക്കടവ്, പരക്കുനി എന്നിവിടങ്ങളിലാണ് പുഴയോരവാസികള്‍ ഏറെയുള്ളത്. വെള്ളം മൂന്നടി കൂടി ഉയര്‍ന്നാല്‍ പുഴ കരകവിയൂം. പരക്കുനിയിലെ 30 ഓളം കുടുംബങ്ങള്‍ ചൊവ്വാഴ്ച ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. ചെറുപുഴ കരകവിഞ്ഞതോടെ വെള്ളത്തിലായ മാത്തൂര്‍ വയലിലെ കൂടുതല്‍ ഭാഗത്തേക്ക് ചൊവ്വാഴ്ച വെള്ളം വ്യാപിച്ചു. ചെറുപുഴ കടന്നുവരുന്ന ചീക്കല്ലൂര്‍, വരദൂര്‍ ഭാഗങ്ങളിലും പുഴ കരകവിഞ്ഞിട്ടുണ്ട്. പൂതാടി പഞ്ചായത്തിലൂടെ പനമരം പുഴയിലെത്തുന്ന നരസിപ്പുഴ നിറഞ്ഞത് കോളേരി, കേണിച്ചിറ, താഴത്തങ്ങാടി, നടവയല്‍, പാതിരിയമ്പം, അമ്മാനി പ്രദേശങ്ങളിലുള്ളവരെ ഭീതിയിലാഴ്ത്തി. നരസി പുഴയോരത്തെ അമ്മാനിയില്‍ നടപ്പാത വെള്ളത്തില്‍ മുങ്ങിയതോടെ ഓണിവയല്‍ ഭാഗം ഒറ്റപ്പെട്ടു. കാട്ടാനകള്‍ വിഹരിക്കുന്ന ഈ പ്രദേശത്തുനിന്ന് റോഡിലെത്താന്‍ പുഴ കടക്കണം. അതേസമയം പനമരം, മാത്തൂര്‍ വയലില്‍ ചങ്ങാടക്കടവിലും മീന്‍പിടിത്തം സജീവമായി. പരിചയമില്ലാത്തവരുടെ മീന്‍പിടിത്തം കഴിഞ്ഞകാലങ്ങളില്‍ ഇവിടെ നിരവധി അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍, മീന്‍പിടിത്തത്തിന് ഇപ്പോഴും ഒരു നിയന്ത്രണവുമില്ല. മീനങ്ങാടി പഞ്ചായത്തിലെ കുട്ടിരായന്‍ പാലം ഭാഗത്ത് കാരാപ്പുഴയില്‍നിന്ന് എത്തുന്ന പുഴ നിറഞ്ഞൊഴുകുകയാണ്. ഇവിടത്തെ ആദിവാസി കോളനി വെള്ളപ്പൊക്ക ഭീഷണിനേരിടുന്നു. മാനികാവ് പുഴയില്‍ വെള്ളം നിറഞ്ഞത് മാതമൂല നടപ്പാലത്തിലൂടെയുള്ള യാത്രക്ക് തടസ്സമായി. പാലത്തിലേക്ക് കയറുന്ന പടികള്‍ വെള്ളത്തില്‍ മുങ്ങി. ഇതോടെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഗതികേടിലായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.