പ്രകോപനപരമായ പ്രസംഗങ്ങള്‍: പ്രമോദ് മുത്തലിക്കിനെതിരെ കോണ്‍ഗ്രസ് കോടതിയില്‍

പനാജി: ഗോവയിൽ വ൪ഗീയ സംഘ൪ഷം സൃഷ്ടിക്കാൻ ശ്രമിച്ചതിൻെറ പേരിൽ ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്കിനെതിരെ പ്രഥമവിവര റിപ്പോ൪ട്ട് ഫയൽ ചെയ്യാൻ പൊലീസിന് നി൪ദേശം നൽകണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് പ്രാദേശിക കോടതിയിൽ ഹരജി നൽകി. പനാജി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെയാണ് ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് ദു൪ഗാദാസ് കമത്ത് പരാതി സമ൪പ്പിച്ചത്. ഹരജിയിൽ തിങ്കളാഴ്ച വാദം കേൾക്കും. വ൪ഗീയ വികാരം ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളുടെ പേരിൽ മുത്തലിക്കിനെതിരെ കേസെടുക്കാൻ പൊലീസിന് നി൪ദേശം നൽകണമെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാനത്തിൻെറ മതേതരസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് മുത്തലിക്കിൻെറ പ്രസംഗങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി അനുയോജ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് തൻെറ അഭിഭാഷകനായ യെമനെ ഡിസൂസ മുഖാന്തരം ഫയൽ ചെയ്ത പരാതിയിൽ ദു൪ഗാദാസ് കമത്ത് ആവശ്യപ്പെട്ടു.
അഖിലേന്ത്യാ ഹിന്ദു കൺവെൻഷനിൽ പ്രമോദ് മുത്തലിക്ക് ചെയ്ത പ്രസംഗങ്ങളുടെ പേരിൽ കോൺഗ്രസ് വക്താവ് കഴിഞ്ഞ വ൪ഷവും പരാതി നൽകിയിരുന്നു. പക്ഷേ, പ്രഥമ വിവര റിപ്പോ൪ട്ട് ഫയൽ ചെയ്യാനോ കേസെടുക്കാനോ അന്ന് പൊലീസ് തയാറായില്ല. ആത്മരക്ഷക്കായി എല്ലാ ഹിന്ദുക്കളും ആയുധമെടുക്കണമെന്ന് കൺവെൻഷനിൽ മുത്തലിക്ക് ആഹ്വാനം ചെയ്തിരുന്നു. യു ട്യൂബിൽ പോസ്റ്റു ചെയ്യപ്പെട്ട പ്രസംഗങ്ങളുടെ വിഡിയോ ലിങ്കുകൾ കമത്ത് പരാതിക്കൊപ്പം സമ൪പ്പിച്ചിരുന്നു. പരാതി സമ൪പ്പിച്ചതിനുശേഷം പ്രകോപനപരമായ ഈ പ്രസംഗങ്ങൾ യു ട്യൂബിൽനിന്ന് നീക്കം ചെയ്യപ്പെട്ടു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഖിലേന്ത്യാ ഹിന്ദു കൺവെൻഷനെ അഭിസംബോധന ചെയ്യാൻ മുത്തലിക്ക്  ഗോവയിൽ ഉണ്ട്. ശ്രീരാമസേനയുടെ പ്രാദേശിക ഘടകം ഗോവയിൽ സ്ഥാപിക്കുമെന്നും സംസ്ഥാനത്തെ പബ് സംസ്കാരവും അനാശാസ്യപ്രവ൪ത്തനങ്ങളും തടയുമെന്നും കൺവെൻഷനിൽ മുത്തലിക്ക് പറഞ്ഞു.
‘ഇവിടെ വന്ന് പബുകൾ നി൪ത്തലാക്കാൻ മുത്തലിക്കിനെ ഞങ്ങൾക്ക് ആവശ്യമില്ല. പബ് പ്രവ൪ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങളുടെ ടൂറിസം നിലനിൽക്കുന്നത്. അത് സംസ്ഥാനത്ത് നിയമപരമായി അനുവദനീയവുമാണ്. ഗോവയിലെ ഹിന്ദുക്കൾ അങ്ങേയറ്റം മതേതരസമീപനം പുല൪ത്തുന്നവരാണ്. എന്താണ് തങ്ങൾക്ക് അനുയോജ്യമായ സാമൂഹിക ജീവിതമെന്ന് അവ൪ക്ക് നന്നായി അറിയാം. ഗോവയിലെ എല്ലാ മതക്കാരും സൗഹാ൪ദത്തിലാണ് കഴിയുന്നത്.’ -കമത്ത് കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.