സൈബര്‍ പാര്‍ക്കിലെ കയറ്റിറക്ക് പ്രശ്നം: വാദം കേള്‍ക്കല്‍ 30ലേക്ക് മാറ്റി

കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലെ കയറ്റിറക്ക് പ്രശ്നത്തില്‍ വാദം കേള്‍ക്കല്‍ ഈമാസം 30ലേക്ക് മാറ്റി. ജില്ലാ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ ഓഫിസില്‍ തിങ്കളാഴ്ച നടന്ന വാദം കേള്‍ക്കലാണ് വീണ്ടും പരിഗണിക്കുന്നത്. ഇതോടെ, സൈബര്‍ പാര്‍ക്കിലെ തൊഴിലാളി പ്രശ്നത്തില്‍ ആഴ്ചകളായിട്ടും പരിഹാരമായില്ല. മൂന്നു ടണ്ണില്‍ കുറവുവരുന്ന ലോഡ് ഇറക്കാന്‍ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് അവസരം നല്‍കണമെന്ന ലേബര്‍ കമീഷണറുടെ ഉത്തരവിനെതിരെ കരാറുകാരായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി നല്‍കിയ അപ്പീലിലാണ് വാദം കേള്‍ക്കല്‍ നിശ്ചയിച്ചത്. ചുമട്ടുതൊഴിലാളികളുടെ സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റിയുടെയും കമ്പനിയുടെയും അഭിഭാഷകര്‍ ഓഫിസില്‍ എത്തിയെങ്കിലും തീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വീണ്ടും വാദം കേള്‍ക്കുന്നതിന് പരാതി മാറ്റിയത്. പദ്ധതിപ്രദേശത്തേക്ക് എത്തിച്ച നിര്‍മാണ സാമഗ്രികള്‍ ഇറക്കുന്നതിനെച്ചൊല്ലിയാണ് തൊഴിലാളികളും കരാറുകാരും തമ്മില്‍ തര്‍ക്കമുടലെടുത്തത്. ലോഡിറക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നാണ് തൊഴിലാളികളുടെ വാദം. പ്രത്യേക സാമ്പത്തിക മേഖലയായ പദ്ധതിപ്രദേശത്ത് ലോഡിറക്കുന്ന കാര്യം തങ്ങള്‍ തീരുമാനിക്കുമെന്ന് കമ്പനി അധികൃതരും പറഞ്ഞു. ഇരുകൂട്ടരും തര്‍ക്കവുമായി രംഗത്തുവന്നതോടെ സൈബര്‍ പാര്‍ക്കിലെ നിര്‍മാണമാണ് വഴിമുട്ടിയത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ബി.എം.എസ്, ഐ.എന്‍.എല്‍.സി എന്നീ യൂനിയനുകള്‍ കോഓഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കിയാണ് സമരം തുടങ്ങിയത്. ഏഴുനിലയുള്ള പ്രധാന ഐ.ടി കെട്ടിടത്തിന്‍െറ പ്രാഥമിക ജോലികള്‍ പോലും തുടങ്ങിയിട്ടില്ല. 2.8 ലക്ഷം ചതുരശ്ര അടിയില്‍ 44.19 കോടി ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടം 2015 മേയിനകം പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാരുടെ ഉറപ്പ്. കയറ്റിറക്കിനെച്ചൊല്ലിയുള്ള തര്‍ക്കം സൈബര്‍ പാര്‍ക്കിന്‍െറ നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.