കുബേര പ്രയോഗത്തിനെതിരെ പി.ടി.തോമസിന്‍െറ ഫേസ്ബുക് പോസ്റ്റ്

കോഴിക്കോട്: പലിശക്കാരെയും ബ്ളേഡ് മാഫിയകളെയും വേട്ടയാടാന്‍ ആഭ്യന്തരവകുപ്പ് നടത്തുന്ന ‘ഓപറേഷന്‍ കുബേര’ക്ക് ആ പേര് നല്‍കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായി പി.ടി. തോമസ് രംഗത്ത്. നേരത്തേ പലരും പ്രകടിപ്പിച്ച അഭിപ്രായം ഫേസ്ബുക്കിലൂടെയാണ് പി.ടി. തോമസ് തുറന്നുപറഞ്ഞത്.സര്‍ക്കാര്‍ ബ്ളേഡ് മാഫിയക്കെതിരെ നടത്തുന്ന നടപടികള്‍ക്ക് ‘ഓപറേഷന്‍ കുബേര’ എന്ന് പേരിട്ടത് ചരിത്രത്തോടുള്ള അവഹേളനമാണെന്ന് പി.ടി. തോമസ് നയം വ്യക്തമാക്കുന്നു. പകരം ‘ഓപറേഷന്‍ ഷൈലോക്ക്’ എന്നായിരുന്നു പേര് നല്‍കിയിരുന്നതെങ്കില്‍ കുറെക്കൂടി അര്‍ഥവത്തും ആകര്‍ഷകവും ആകുമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. പുരാണത്തില്‍ വിശ്രവസ്സിന്‍െറ പുത്രനും ലങ്കാധിപതിയുമായിരുന്ന കുബേരന്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക അതിക്രമങ്ങള്‍ നടത്തിയിട്ടില്ലെന്ന് മാത്രമല്ല, കുബേരന്‍െറ ലങ്കാരാജ്യവും പുഷ്പക വിമാനവും രാവണന്‍ പിടിച്ചടക്കുകയുമായിരുന്നുവെന്ന് പി.ടി. തോമസ് പുരാണമുദ്ധരിക്കുന്നുമുണ്ട്. അതുകൊണ്ട് കുബേര പ്രയോഗം തിരുത്തണമെന്നും ഭാരതീയ സംസ്കാരത്തോടുള്ള അവഹേളനം അവസാനിപ്പിക്കണമെന്നും പി.ടി. തോമസ് തന്‍െറ ഫേസ്ബുക് പേജില്‍ ആവശ്യപ്പെടുന്നു.കുബേര പ്രയോഗത്തിനെതിരെ നേരത്തേയും വിമര്‍ശം ഉയര്‍ന്നിരുന്നെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുതന്നെ ആക്ഷേപവുമായി രംഗത്തുവരുന്നത് ആദ്യമായാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.