അച്ചടിച്ച ഫോറം വിതരണം ജില്ലയില്‍ യാഥാര്‍ഥ്യമായില്ല

പാനൂര്‍: പ്ളസ്വണ്‍ പ്രവേശത്തിനുള്ള അച്ചടിച്ച ഫോറങ്ങള്‍ അന്വേഷിച്ചുള്ള വിദ്യാര്‍ഥികളുടെ ഓട്ടം അവസാനിക്കുന്നില്ല. ഓണ്‍ലൈന്‍ അപേക്ഷയില്‍ പ്രയാസങ്ങള്‍ നേരിട്ട വിദ്യാര്‍ഥികളെ സഹായിക്കാനാണ് കഴിഞ്ഞയാഴ്ച തന്നെ അച്ചടിച്ച അപേക്ഷാഫോറങ്ങള്‍ സ്കൂളുകളിലെത്തിച്ച് വിതരണം നടത്തുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചത്. എന്നാല്‍, ചൊവ്വാഴ്ച വൈകീട്ടുവരെയും ഫോറങ്ങള്‍ ജില്ലയിലെ മിക്ക സ്കൂളുകളിലും എത്തിയില്ല. കണ്ണൂര്‍ ജില്ലയില്‍ വിതരണം ചെയ്യാനുള്ള ഫോറങ്ങള്‍ ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഈ ഫോറങ്ങള്‍ അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ തങ്ങളുടെ സ്കൂളുകളില്‍ വിതരണത്തിന് എത്തിക്കണമെന്നാണ് അറിയിപ്പ്. എന്നാല്‍, ഭൂരിഭാഗം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച സാഹചര്യത്തില്‍ പ്രില്‍സിപ്പല്‍മാര്‍ ഫോറം വാങ്ങാന്‍ താല്‍പര്യം കാണിക്കുന്നില്ല. അതേ സമയം, ജനന തീയതികളില്‍ മാറ്റം വരുത്തിയ വിദ്യാര്‍ഥികള്‍ക്കും വിഭിന്നശേഷി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അച്ചടിച്ച ഫോറം ആവശ്യമാണ്. കൂടാതെ ഇതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാത്ത വിദ്യാര്‍ഥികളും ഫോറം പ്രതീക്ഷിച്ച് ഇന്നലെ ഫോക്കസ് പോയന്‍റുകളിലും സ്കൂളുകളിലും എത്തിയിരുന്നു. അച്ചടിച്ച ഫോറം എത്രയും പെട്ടെന്ന് സ്കൂളുകള്‍ വഴി വിതരണം ചെയ്യണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.